കൊച്ചി∙ ഭീകരസംഘടനകളും ക്രിമിനൽ സംഘങ്ങളും രഹസ്യവിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന ‘ടെലഗ്രാം ആപ്’ കമ്പനി അധികാരികളുടെ നിസ്സഹകരണം ഐഎസ് കേസ് അന്വേഷണത്തെ അടക്കം പ്രതികൂലമായി ബാധിക്കുന്നതായി ദേശീയ അന്വേഷണ ഏജൻസി എൻഐഎ പ്രത്യേക കോടതിയെ ബോധിപ്പിച്ചു.കേസിലെ പ്രതികൾ അവരുടെ ആക്രമണ പദ്ധതികൾ പരസ്പരം ചർച്ച ചെയ്തതു വാട്സാപ്പിനു സമാനമായ ടെലഗ്രാം ആപ് വഴിയാണ്.
പ്രതികളുടെ ഫോണുകളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻഐഎ അയച്ച ഔദ്യോഗിക കത്തുകൾക്കൊന്നും ടെലഗ്രാം ആപ് കമ്പനി ഇതുവരെ മറുപടി നൽകിയില്ല. ഇവർക്ക് ഇന്ത്യയിൽ ഓഫിസില്ലാത്തതും തെളിവു ശേഖരിക്കാൻ തടസ്സമാകുന്നു. കണ്ണൂർ കനകമല ഐഎസ് രഹസ്യയോഗക്കേസിന്റെ വിചാരണയ്ക്കിടയിലാണു പ്രമുഖ മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാം ആപ് കമ്പനിയുടെ നിസ്സഹകരണം കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന വിവരം കോടതിയുടെ ശ്രദ്ധയിൽപെടുത്തിയത്..
ദക്ഷിണേന്ത്യയിൽ അക്രമങ്ങൾ ആസൂത്രണം ചെയ്ത അൻസാർ ഉൾ ഖിലാഫ കേരള ഘടകത്തിന്റെ ടെലഗ്രാം ഗ്രൂപ്പുകളിൽ നുഴഞ്ഞു കയറിയാണ് എൻഐഎ വിവരങ്ങൾ ചോർത്തിയത്. 2016 മുതൽ ഇവർ എൻഐഎയുടെ നിരീക്ഷണത്തിലാണെങ്കിലും ഇരട്ടപ്പേരുകളിൽ ഇതിൽ അംഗത്വമെടുത്തവരുടെ വിശദവിവരങ്ങൾ കമ്പനിയുടെ സഹകരണത്തോടെ മാത്രമേ അന്വേഷണ സംഘത്തിനു കണ്ടെത്താൻ കഴിയൂ. ഇക്കാര്യത്തിൽ ടെലഗ്രാം ആപ്പ് കമ്പനി സഹകരിക്കുന്നില്ലെന്ന വിവരം കേന്ദ്ര വിവരസാങ്കേതികവിദ്യാ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.
Post Your Comments