ഛത്തീസ്ഗഢ്: മാവോയിസ്റ്റ് ഭീഷണി ഭയന്ന് മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ച പിഞ്ചു കുഞ്ഞിന് തുണയായത് സിആര്‍പിഎഫ് ഡോക്ടര്‍. മാവോയിസ്റ്റുകളുടെ ഭീഷണി അവഗണിച്ചാണ് മലേറിയ ബാധിച്ച പിഞ്ചുകുഞ്ഞിന് സി ആര് പി എഫ് ഡോക്ടര്‍ ചികിത്സ നല്‍കിയത്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ചത്തീസ്ഗഢിലെ ബസ്തറിലാണ് ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിന് ചികിത്സ നല്കാന് മാതാപിതാക്കള്‍ തയ്യാറാകാതിരുന്നത്. ഈ സാഹചര്യത്തിലാണ് സി ആര് പി എഫ് ഡോക്ടര്‍ കുട്ടിയെ ചികിത്സിച്ചത്.
കുഞ്ഞിന് ആവശ്യമായ ചികിത്സ ലഭ്യമാക്കിയെന്നും ഒരാഴ്ചക്കുള്ളില്‍ കുഞ്ഞ് സുഖം പ്രാപിക്കുമെന്നും ഡോക്ടര്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു. മാവോയിസ്റ്റ് സ്വാധീനം ശക്തമായ ബസ്തര്‍ മേഖലയില്‍ സിആര്‍പിഎഫും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടുന്നത് പതിവാണ്. ഇതിനാല്‍ തന്നെ മാവോയിസ്റ്റ് ഭീഷണി ഭയന്ന് രോഗം ബാധിച്ച് അവശനിലയിലായ കുട്ടിയെ ഡോക്ടറെ കാണിക്കുന്നതിനോ വേണ്ട ചികിത്സകള്‍ നല്‍കുന്നതിനോ മാതാപിതാക്കള്‍ തയ്യാറായിരുന്നില്ല.
ഇവിടെ പ്രദേശവാസികള്‍ക്ക് സ്വന്തം കുടുംബത്തേക്കാള്‍ അടുപ്പം മാവോയിസ്റ്റുകളോട് ആണെന്ന് സി ആര് പി എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് ഭാസ്കര്‍ റാവു പറഞ്ഞു. വെള്ളം, കാട്, ഭൂമി (ജല്‍, ജംഗല്‍, സമീന്‍) എന്ന പ്രത്യയ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ് ബസ്തര്‍ നിവാസികള്‍ എന്നും കപട മാവോയിസ്റ്റുകള്‍ക്കിടയില്‍ നിഷ്കളങ്കരായ മനുഷ്യര്‍ ജീവിക്കാന്‍ ഏറെ പ്രയാസപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments