തിരുവനന്തപുരം: കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ ചില വിദ്യാര്‍ഥികള്‍ക്കുവേണ്ടി പരീക്ഷയെഴുതുകയും ഉത്തരക്കടലാസുകളില്‍ തിരുത്തല്‍ വരുത്തുകയും ചെയ്ത അധ്യാപകര്‍ക്കും കൂട്ടുനിന്ന ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലിനും സസ്പെന്ഷന്. കാസര്‍ഗോഡ് നീലേശ്വരം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലും പരീക്ഷാ ചീഫ് സൂപ്രണ്ടുമായിരുന്ന കെ. റസിയ, പരീക്ഷാ ഡെപ്യൂട്ടി ചീഫ് പി.കെ. ഫൈസല്‍, അഡീഷണല്‍ ഡെപ്യൂട്ടി ചീഫ് നിഷാദ് വി. മുഹമ്മദ് എന്നിവരെയാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തത്.
ഇവര്‍ക്കെതിരേ ആള്‍മാറാട്ടത്തിന് ഉള്‍പ്പെടെ കേസെടുക്കുന്നതിനു പോലീസില്‍ പരാതി നല്‍കും. മൂല്യനിര്‍ണയത്തിനിടെ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസിലെ കൈയക്ഷരം സമാനമാണെന്നു കണ്ടതാണു സംശയം തോന്നാനിടയാക്കിയത്. ഈ വിദ്യാര്‍ഥികള്‍ എഴുതിയ മറ്റു വിഷയങ്ങളുടെ ഉത്തരക്കടലാസുകളുമായി ഒത്തുനോക്കിയതോടെ ഈ പരീക്ഷ എഴുതിയതു വിദ്യാര്‍ഥികളല്ലെന്നു വ്യക്തമായി. കൈയക്ഷരം നേരിട്ടു പരിശോധിക്കുന്നതിനു വിദ്യാര്‍ഥികളുമായി തലസ്ഥാനത്ത് ഹാജരാകാന്‍ പരീക്ഷാ സെക്രട്ടറി ആവശ്യപ്പെട്ടെങ്കിലും ആരോപണവിധേയനായ അധ്യാപകനെത്തിയില്ല. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അധ്യാപകന് ചീഫ് സൂപ്രണ്ടിന്റെ ഉള്‍പ്പെടെ സഹായത്തോടെ സ്കൂള്‍ ഓഫീസിലിരുന്ന് എഴുതുകയായിരുന്നുവെന്നു തെളിയുകയായിരുന്നു.
പരീക്ഷാച്ചുമതലയുണ്ടായിരുന്ന നിഷാദ് വി. മുഹമ്മദ് രണ്ടു വിദ്യാര്‍ഥികള്‍ക്കുവേണ്ടി പരീക്ഷയെഴുതിയയും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഉത്തരക്കടലാസുകളില്‍ 32 എണ്ണത്തില്‍ തിരുത്തിയെഴുതിയതും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നു ഡയറക്ടര്‍ ഹിയറിങ് നടത്തുകയായിരുന്നു. രണ്ടാം വര്‍ഷ ഇംഗ്ലിഷ് പരീക്ഷയും ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ പരീക്ഷയും ഓഫീസിലിരുന്നാണ് അദ്ദേഹം എഴുതിയത്. കുട്ടികള്‍ എഴുതിയ കടലാസ് പരീക്ഷ കഴിഞ്ഞു മാറ്റി അധ്യാപകന് എഴുതിയതാണു മൂല്യനിര്‍ണയത്തിന് അയച്ചത്. തിരിമറി ബോധ്യപ്പെട്ടതോടെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഉത്തരക്കടലാസ് പരിശോധിച്ചു. അപ്പോഴാണ് 32 ഉത്തരക്കടലാസുകള്‍ തിരുത്തിയതു കണ്ടത്. ഈ വിദ്യാര്‍ഥികളുടെ ഫലം തടഞ്ഞുവച്ചിരിക്കുകയാണ്
Post Your Comments