KeralaLatest News

ചൂണിക്കര വ്യാജരേഖ കേസ്; നടന്നത് ലക്ഷങ്ങളുടെ ഇടപാട്

കൊച്ചി: ആലുവ ചൂര്‍ണ്ണിക്കരയില്‍ നിലം നികത്താന്‍ വ്യജരേഖ ഉണ്ടാക്കാന്‍ ഇടനിലക്കാര്‍ വാങ്ങിയത് 7 ലക്ഷം രൂപ. കാലടി സ്വദേശി അബു ആണ് വ്യാജ രേഖ ഉണ്ടാക്കിയതെന്ന് ഭൂവുടമ ഹംസ. ബന്ധു ബഷീര്‍ ആണ് ഇടനിലക്കാരനെ പരിചയപ്പെടുത്തിയതെന്നും ഹംസ വ്യക്തമാക്കി. വ്യാജ രേഖ നിര്‍മിച്ച കേന്ദ്രത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അബു ഒളിവിലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ആലുവ ദേശീയ പാതയില്‍ മുട്ടം തൈക്കാവിനോട് ചേര്‍ന്ന് നില്‍ക്കുന്ന അരയേക്കര്‍ ഭൂമിയില്‍ 25 സെന്റ് നിലമാണ് ബേസിക് ടാക്‌സ് റജിസ്റ്ററില്‍ (അടിസ്ഥാന നികുതി റജിസ്റ്റര്‍) പുരയിടമാക്കി മാറ്റുന്നതിനായി വ്യാജ രേഖ നിര്‍മ്മിച്ചത്. ബിടിആറില്‍ മാറ്റം വരുത്താന്‍ സ്ഥലം ഉടമ ഹംസ സഹോദരിയുടെ മകനായ ബഷീറിനെയാണ് ചുമതലപ്പെടുത്തിയത്. ബഷീര്‍ ആണ് കാലടി സ്വദേശി അബുവിനെ പരിചയപ്പെടുത്തുന്നത്.

വസ്തു ഇടപാടില്‍ പരിചയമുള്ള അബുവിന് റവന്യൂ ഉദ്യോഗസ്ഥരുമായി നല്ല അടുപ്പം ഉണ്ട്. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് രേഖകളില്‍ മാറ്റം വരുത്താമെന്ന് ധരിപ്പിച്ച് 7 ലക്ഷം രൂപയാണ് അബു കൈപ്പറ്റിയത്. പിന്നീട് സര്‍ക്കാര്‍ മുദ്രയോട് കൂടിയ രേഖ ഭൂവുടമ ഹംസയ്ക്ക് കൈമാറി. ഒറിജിനല്‍ ആണെന്നാണ് താന്‍ കരുതിയതെന്നാണ് ഹംസയുടെ മൊഴി. എന്നാല്‍ പത്രങ്ങളില്‍ വാര്‍ത്തകള്‍ കണ്ടപ്പോഴാണ് തന്റെ ഭൂമിക്കായി വ്യാജ രേഖ നിര്‍മ്മിച്ചെന്ന വിവരം അറിയുന്നത്. ഇതേ തുടര്‍ന്ന് അബുവിനെ ബന്ധപ്പെട്ടപ്പോള്‍ ആര് ചോദിച്ചാലും തന്റെ പേര് പറയാന്‍ ആവശ്യപ്പെട്ട് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നുവെന്നാണ് മൊഴി. ഹംസയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അബുവിനെ കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

തണ്ണീര്‍ത്തടം പുരയിടമാക്കി മാറ്റാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെയും ആര്‍ഡിഒയുടെയും പേരില്‍ വ്യാജ ഉത്തരവിറക്കിയ സംഭവത്തില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ യു.വി ജോസാണ് പോലീസില്‍ പരാതി നല്‍കിയത്. എറണാകുളം ചൂര്‍ണിക്കര വില്ലേജിലെ 25 സെന്റ് നിലം നികത്താനായാണ് കമ്മീഷണറുടെയും ആര്‍ഡിഒയുടെയും പേരില്‍ വ്യാജ ഉത്തരവിറക്കിയത്. മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ പരാതി നല്‍കിയത്.മാര്‍ച്ച് 29 നാണ് ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്. കമ്മിഷണര്‍ യു.വി.ജോസ് അപ്പോള്‍ തിരഞ്ഞെടുപ്പു ഡ്യൂട്ടിയില്‍ സംസ്ഥാനത്തിനു പുറത്തായിരുന്നു. റവന്യു സെക്രട്ടറി വി.വേണുവിനായിരുന്നു ചുമതല. വ്യാജ ഉത്തരവാണെന്നു ബോധ്യപ്പെട്ട ഇദ്ദേഹം മന്ത്രി ചന്ദ്രശേഖരനെ വിവരമറിയിച്ചു. മന്ത്രിയുടെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥസംഘം നേരിട്ടെത്തി കലക്ടറേറ്റ്, വില്ലേജ് ഓഫിസ് എന്നിവിടങ്ങളില്‍ നിന്നു ഫയലുകള്‍ കസ്റ്റഡിയിലെടുത്തിരുന്നു.

തൃശ്ശൂര്‍ മതിലകത്ത് മൂളംപറമ്പില്‍ വീട്ടില്‍ ഹംസ എന്നയാളുടെയും ബന്ധുക്കളുടെയും പേരില്‍ എറണാകുളം ചൂര്‍ണിക്കരയിലുള്ള 25 സെന്റ് സ്ഥലം തരംമാറ്റുന്നതിന് വേണ്ടിയാണ് വ്യാജ ഉത്തരവുണ്ടാക്കിയത്. ഹംസ ഇതിന് അപേക്ഷിച്ചിരുന്നു. ഭേദഗതിചെയ്ത നെല്‍വയല്‍-തണ്ണീര്‍ത്തട നിയമപ്രകാരം ഇത് പരിഗണിക്കപ്പെടില്ലെന്ന് കണ്ടപ്പോഴാണ് വ്യാജ ഉത്തരവ് ഹാജരാക്കിയത്.വ്യാജ രേഖ തയ്യാറാക്കിയത് കാലടി കേന്ദ്രീകരിച്ച് തന്നെ ആണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ശ്രീഭൂതപുരത്തെ വീട്ടില്‍ ഇത് കണ്ടെത്താന്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയെങ്കിലും വിവരമൊന്നും ഇതുവരെ കിട്ടിയിട്ടില്ല. ആലുവ, പറവൂര്‍, കൊച്ചി, കണയന്നൂര്‍ താലൂക്കുകളുടെ പരിധിയില്‍ കഴിഞ്ഞ ഒരു വര്‍ഷം നടത്തിയ ഭൂമി തരംമാറ്റല്‍ നടപടികള്‍ വീണ്ടും പരിശോധിക്കാന്‍ ആര്‍ഡിഒയും തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button