ആലപ്പുഴ : കഴിഞ്ഞ നാല് മാസത്തിനിടെ ആലപ്പുഴയിലെ നിരത്തുകളിൽ പൊലിഞ്ഞത് 138 ജീവനുകൾ. ജനുവരി മാസം 43 പേരാണ് മരിച്ചത്.ഫെബ്രുവരിയിൽ 30 പേരും മാർച്ചിൽ 32 പേരും മരിച്ചു. ഏപ്രിലിൽ 33 പേർ മരിച്ചെന്നാണ് ഇതുവരെയുള്ള കണക്ക്. ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ അന്തിമ കണക്ക് അടുത്ത ദിവസമേ പുറത്തുവരൂ.
മരിച്ചവരുടെ മാത്രം കണക്കുകൾ പറയുമ്പോൾ അപകടങ്ങളിൽ ഗുരുതരനിലയിൽ കഴിയുന്നവർ ഇനിയുമേറെയാണ്.ജനുവരി മുതൽ മാർച്ച് വരെ ആകെ 1013 അപകടങ്ങളാണു ജില്ലയിലുണ്ടായത്. കഴിഞ്ഞ വർഷം അപകടങ്ങളിൽ ആകെ മരിച്ചവരുടെ എണ്ണം 373 ആയിരുന്നു.
കണിച്ചുകുളങ്ങരയിൽ കെഎസ്ആർടിസി ബസ് ട്രാവലറിലിടിച്ചു പ്രതിശ്രുത വരൻ ഉൾപ്പെടെ 3 പേർ മരിച്ചതാണ് കൂടുതൽ മരണമുണ്ടായ അപകടം. എരമല്ലൂരിൽ നിർത്തിയിട്ട ബസിനു പിന്നിൽ കാറിടിച്ച് അമ്മയും മകനും മരിച്ചതും കഴിഞ്ഞ മാസമാണ്. ദേശീയ പാതയിൽ രാത്രിയിലാണ് അപകടങ്ങൾ ഏറെയും ഉണ്ടായിട്ടുള്ളത്.
Post Your Comments