തിരുവനന്തപുരം: കമന്റ് ബോക്സില്‍ അടിയിട്ട് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറും തൃത്താല എംഎല്‍എ വിടി ബല്‍റാമും വാക്കുകള്‍ കൊണ്ട് യുദ്ധം ആരംഭിച്ചിരിക്കുകയാണ്. തന്റെ മണ്ഡലത്തില്‍ പ്രളയത്തില്‍ തകര്‍ന്ന ഒരു വീട് പുനര്‍നിര്‍മിച്ച് നല്കിയ സന്തോഷം പങ്കുവച്ചതിനൊപ്പം തൃത്താല മണ്ഡലത്തിലുള്ള 23 കുടുംബങ്ങള്‍ക്ക് വീടില്ലാത്ത വാര്‍ത്തയും ചേര്‍ത്ത് പിവി അന്‍വറിട്ട കുറിപ്പാണ് കമന്റ് യുദ്ധത്തിന് തുടക്കം കുറിച്ചത്. ബല്‍റാമിനെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള വാക്കുകളും അന്‍വര്‍ പ്രയോഗിച്ചതാണ് ബല്‍റാമിന്റെ ദേഷ്യത്തിന് കാരണം.
ഇതിന് ബല്‍റാം നല്കിയ മറുപടി
എന്താണെന്ന് ഇവിടെ എല്ലാവര്ക്കും മനസ്സിലാവുന്നുണ്ട്. എനിക്കെതിരെ പോസ്റ്റിട്ടാല്‍ സൈബര്‍ സഖാക്കള്‍ വീണ്ടും എടുത്ത് തലയില്‍ വക്കുമെന്ന് പ്രതീക്ഷിച്ചിട്ടാണെങ്കില്‍ നടക്കട്ടെ, വിരോധമില്ല. നിലമ്പൂര്‍ മണ്ഡലത്തില്‍ പ്രളയത്തില്‍ വീട് തകര്‍ന്ന ഒരാളുടെ വീട് താങ്കള്‍ സന്ദര്‍ശിച്ചു. നല്ല കാര്യം. പക്ഷേ, അതിലെന്താണിത്ര പുതുമ? തൃത്താല മണ്ഡലത്തില്‍ പ്രളയത്തില്‍ നാശനഷ്ടങ്ങളുണ്ടായ എല്ലാ വീടുകളും ഒരെണ്ണം പോലും ഒഴിവാക്കാതെ ഞാനും നേരിട്ട് സന്ദര്‍ശിച്ചിട്ടുണ്ട്.
എല്ലാ ജനപ്രതിനിധികളും അങ്ങനെയൊക്കെത്തന്നെയാണ് ചെയ്തിട്ടുള്ളത്. അബൂബക്കറിന് സര്‍ക്കാര്‍ സഹായത്തോടെ വീട് പുനര്‍നിര്‍മ്മിക്കാന്‍ കഴിഞ്ഞു. ഇവിടെയും പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണം അതേ രീതിയില്‍ത്തന്നെയാണ് മുന്നോട്ടുപോകുന്നത്. ഇതില്‍ സ്ഥലം എംഎല്‍എക്ക് എന്ത് റോളാണുള്ളത്?
ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് എംഎല്‍എ അല്ല. അബൂബക്കര്‍ നിങ്ങളെ നേരില്‍ വന്ന് കാണുന്നതും കാണാതിരിക്കുന്നതും ഇക്കാര്യത്തില്‍ പ്രസക്തമേയല്ല. പഞ്ചായത്തുകളും റവന്യൂ ഉദ്യോഗസ്ഥരുമാണ് അര്‍ഹരായ ആളുകളുടെ ലിസ്റ്റുണ്ടാക്കുന്നത്. അര്‍ഹതപ്പെട്ടിട്ടും ഒഴിവാക്കപ്പെടുന്നവരുടെ കാര്യത്തിലാണ് എംഎല്‍എമാര്‍ക്ക് എന്തെങ്കിലും ഇടപെടല്‍ നടത്താന്‍ സാധിക്കുക. തൃത്താലയില്‍ അര്‍ഹതപ്പെട്ടവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി താലൂക്ക് സഭ, ജില്ലാ വികസനസമിതി എന്നിവിടങ്ങളില്‍ പരമാവധി ഇടപെടലുകള്‍ നടത്താന്‍ എനിക്കും കഴിഞ്ഞിട്ടുണ്ട്.
തൃത്താലയിലെ 23 കുടുംബങ്ങളേക്കുറിച്ചുള്ള മനോരമ വാര്‍ത്ത തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു വിഷയമാണ്. ഈ നാട്ടില്‍ അടച്ചുറപ്പില്ലാത്ത വീടുകളില്ലാത്തത് 23 പേര്‍ക്ക് മാത്രമല്ല, അതിലുമെത്രയോ ഇരട്ടി പേര്‍ക്കാണ്. കേരളം മുഴുവന്‍ അത് തന്നെയാണ് സ്ഥിതി. വ്യക്തികള്‍ക്ക് വീടുണ്ടാക്കിക്കൊടുക്കുന്ന കാര്യത്തിലും എംഎല്‍എമാര്‍ക്ക് നേരിട്ട് ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന കാര്യം മൂന്ന് വര്‍ഷത്തോളമായി ഈ പദവി വഹിക്കുന്ന താങ്കള്‍ക്ക് അറിയാന്‍ കഴിയേണ്ടതുണ്ട്. പഞ്ചായത്തുകള്‍ വഴിയാണ് വീട് നല്‍കുന്നത്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് കുടുംബശ്രീ വഴി നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ഗ്രാമസഭകളാണ്. ഒരാളെപ്പോലും ഉള്‍ക്കൊള്ളിക്കാനോ വെട്ടിക്കളയാനോ എംഎല്‍എക്ക് അധികാരമില്ല. നിലമ്പൂരില്‍ നിങ്ങളങ്ങനെ ഇടപെട്ടിട്ടുണ്ടെങ്കില്‍ അത് അധികാരദുര്‍വിനിയോഗമാണ്.
ഈപ്പറഞ്ഞ 23 കുടുംബങ്ങള്‍ താമസിക്കുന്നത് ഭാരതപ്പുഴയുടെ തീരത്ത് കയ്യേറിയ സ്ഥലത്താണ്. ആര്‍ക്കും പട്ടയമില്ല. കയ്യേറ്റസ്ഥലങ്ങളും അതിലെ അനധികൃത നിര്‍മ്മാണങ്ങളും, അത് തൃത്താലയിലായാലും കക്കാടംപൊയിലിലായാലും ഒഴിപ്പിക്കുക എന്നതേ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കൂ. ഈ കുടുംബങ്ങള്‍ക്ക് പകരം ഭൂമി നല്‍കാനുള്ള നടപടികള്‍ ചെയ്യേണ്ടത് താങ്കളുടെ പാര്‍ട്ടി പതിറ്റാണ്ടുകളായി ഭരിക്കുന്ന പട്ടിത്തറ, തൃത്താല പഞ്ചായത്തുകളാണ്. ഇത്രയും കാലം അത് ചെയ്യാതിരുന്ന അവര്‍ ഇപ്പോള്‍ ആ ദിശയില്‍ പരിശ്രമിച്ച് തുടങ്ങിയിട്ടുണ്ട്. ഭവനരഹിതര്‍ക്ക് നിങ്ങളുടെ സര്‍ക്കാര്‍ കൊണ്ടുവന്ന ‘ലൈഫ്’ പദ്ധതി ഇതുവരെ വലിയ പരാജയമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. അതിന്റെ പഴി പ്രതിപക്ഷ എംഎല്‍എയുടെ തലയിലല്ല ഇടേണ്ടത്.
പിന്നാലെ അന്‍വറിന്റെ കുറിപ്പ്…
ശ്രീ.വി.ടി.ബല്‍റാം,
എത്ര മനോഹരമായാണ് താങ്കള്‍ അസത്യപ്രചരണം നടത്തുന്നത്.ഭവനരഹിതരായ ആ 23 കുടുംബങ്ങളും താമസിക്കുന്നത് തൃത്താല പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ്.വെള്ളിയാംകല്ല്,അഥവാ ഹൈസ്കൂള്‍ വാര്‍ഡ് എന്നറിയപ്പെടുന്ന ഈ പ്രദേശത്തെ മെമ്പര്‍ മുസ്ലീം ലീഗിന്റെ ശ്രീമതി പ്രിയയാണ്.ഞാനാണെങ്കില്‍,അവരെയേ കുറ്റം പറയൂ.ഇത്രയും സേവനസന്നദ്ധനായ അങ്ങയുടെ ശ്രദ്ധയില്‍ ഈ വിവരം അവര്‍ ഇത് വരെ എത്തിച്ചില്ല എങ്കില്‍ അവരുടെ ഭാഗത്താണല്ലോ തെറ്റ്.
ഒരു വാര്‍ഡ് മെമ്പര്‍ വിചാരിച്ചാല്‍ 23 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിപ്പിക്കാന്‍ കഴിയില്ല.എന്നാല്‍,ഒരു എം.എല്‍.എയ്ക്ക് അത് കഴിയും.കുറഞ്ഞ പക്ഷം ഇന്ന് വരെ ഈ വിഷയത്തില്‍ ഒരു സബ്മിഷന് എങ്കിലും അങ്ങ് സഭയില്‍ ഉന്നയിച്ചിട്ടുണ്ടോ?വാര്‍ഡ് മെമ്പറിന് ഇവരുടെ അവസ്ഥ സഭയില്‍ അറിയിക്കാന്‍ കഴിയില്ല എന്ന് അങ്ങേയ്ക്കും അറിവുള്ളതാണല്ലോ..
താങ്കള്‍,താങ്കളുടെ അറിവിന്റെ ഭണ്ഡാരം അഴിച്ചിട്ട് വിശദീകരിച്ചത് പോലെ,അവിടുത്തെ ഉപഭോക്താക്കളെ കണ്ടെത്തേണ്ടത് കുടുംബശ്രീ വഴി സര്‍വ്വേ നടത്തി ഗ്രാമസഭയില്‍ അംഗീകരിച്ചാണല്ലോ.സംസ്ഥാന സര്‍ക്കാരിനു ഇതില്‍ റോളില്ല.ആയതിനാല്‍,അടിയന്തരമായി,സ്വന്തം മുന്നണിയിലെ വാര്‍ഡ് മെമ്പറെ ബന്ധപ്പെട്ട്,ആ പാവങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ ശ്രമിക്കണം.അത് ഞങ്ങളുടെ വാര്‍ഡല്ല,നിങ്ങളുടെ വാര്‍ഡാണെന്ന് പറഞ്ഞ് ഒഴിയുകയല്ല ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്വം.അങ്ങയെ പോലെ കാര്യ ഗൗരവമുള്ള ആളുകള്‍ ഇത്തരത്തില്‍ പെരുമാറരുത്.ഇനിയും സമയമുണ്ട്.
എന്റെ പരിമിതമായ അറിവ് വച്ച് അങ്ങയുടെ മണ്ഡലത്തിലെ ഒരു പ്രദേശം ഏത് വാര്‍ഡാണെന്ന നിസ്സാരമായ കാര്യം അങ്ങയെ ബോധിപ്പിക്കേണ്ടി വന്നതില്‍,അങ്ങ് ക്ഷമിക്കണം.
കക്കാടം പൊയില്‍ കയ്യേറ്റം നടത്തിയെന്ന് ബല്‍റാമിന്റെ ആരോപണത്തിനും അന്‍വര്‍ മറുപടി പറയുന്നുണ്ട്. അവിടെ എന്ത് കയ്യേറ്റമാണ് നടന്നതെന്ന് തെളിയിക്കാന്‍ ബല്‍റാമിനെ ക്ഷണിക്കുന്നതായും ഇതൊരു ചലഞ്ചായി ഏറ്റെടുക്കണമെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.
https://www.facebook.com/pvanvar/posts/2423435834373696
Post Your Comments