ദുബായ്: ഇന്ത്യന്‍ പാസ്പോര്‍ട്ട് അപേക്ഷയ്ക്ക് പുതിയ സംവിധാനവുമായി യു.എ.ഇ. യു.എ.ഇ.യില്നിന്ന് പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ ഇനിമുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അബുദാബിയില്‍ ബുധനാഴ്ച മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തിലായതായി ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി പറഞ്ഞു. ദുബായിലും മറ്റ് അഞ്ച് എമിറേറ്റുകളിലും ഓണ്‍ലൈന്‍ അപേക്ഷകള്‍ ഈയാഴ്ച തുടക്കംമുതല്‍ സ്വീകരിച്ചുതുടങ്ങി.
ഇതനുസരിച്ച് പുതിയ പാസ്പോര്‍ട്ടെടുക്കുന്നവരും പാസ്പോര്‍ട്ട് പുതുക്കുന്നവരും ഇനിമുതല്‍ embassy.passportindia.gov.in വഴി അപേക്ഷ സമര്‍പ്പിക്കണം. ഇതിനുശേഷം സാധാരണപോലെ ആവശ്യമായ രേഖകളുമായി ബി.എല്‍.എസ്. സെന്ററിലെത്തുകയും ബാക്കിനടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യണം.
പണവും സമയവും ലാഭിക്കാനും നടപടികള്‍ വേഗത്തിലാക്കാനുമാണ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് ഓണ്‍ലൈന്‍ ആക്കുന്നത്. യു.എസ്., യു.കെ., ഒമാന്‍ എന്നിവിടങ്ങളില്‍ ഈസംവിധാനം തുടങ്ങിക്കഴിഞ്ഞു. ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് ബി.എല്‍.എസ്. സെന്ററുകളില്‍നിന്ന് സഹായംതേടാമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.
നിലവില്‍ പാസ്പോര്‍ട്ടിന് അപേക്ഷിച്ചാല്‍ അഞ്ചുദിവസത്തിനുള്ളിലാണ് ലഭിക്കുക. ഓണ്‍ലൈന്‍സംവിധാനം വരുന്നതോടെ മൂന്നുദിവസം മതിയാകും. യു.എ.ഇ.യിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളില്‍നിന്നാണ് ഏറ്റവുംകൂടുതല്‍ ഇന്ത്യന്‍ പാസ്പോര്ട്ടുകള് അനുവദിക്കുന്നത്. കഴിഞ്ഞവര്‍ഷം 2,72,500 ഇന്ത്യന്‍ പാസ്പോര്‍ട്ടുകളാണ് യു.എ.ഇ.യില്നിന്ന് അനുവദിച്ചത്.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍
https://embassy.passportindia.gov.in എന്ന പോര്‍ട്ടല്‍ സന്ദര്‍ശിച്ച്, പാസ്പോര്‍ട്ട് സേവാ അറ്റ് ഇന്ത്യന്‍ എംബസീസ് ആന്‍ഡ് കോണ്‍സുലേറ്റ് എന്ന ഓപ്ഷന് എടുക്കുക
അതില്‍ കണ്ട്രി എന്ന ഓപ്ഷനില്‍ യു.എ.ഇ. തിരഞ്ഞെടുക്കുക.
തുടര്‍ന്ന് രജിസ്റ്റര്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് യൂസര്‍ ഐ.ഡി. ഉണ്ടാക്കണം
ഇനി ഈ ഐ.ഡി. ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്യാം
ഇവിടെ ഹോംപേജില്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കാനുള്ള ലിങ്ക് ലഭിക്കും. ഇത് ക്ലിക്ക് ചെയ്ത് അപേക്ഷാഫോം പൂരിപ്പിച്ച് സമര്‍പ്പിക്കണം
ഇതിനുശേഷം ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കണം. ഇതുമായി ബി.എല്‍.എസ്. കേന്ദ്രത്തിലെത്തി ബാക്കിനടപടികള്‍ പൂര്‍ത്തിയാക്കാം.
Post Your Comments