തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകളുടെ അമിത വേഗത പിടികൂടാന്‍ ന്യൂജെന്‍ കാമറകള്‍ സ്ഥാപിയ്ക്കുന്നു . റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ റഡാറും ക്യാമറയും ഘടിപ്പിച്ച പ്രത്യേകവാഹനം റോഡരികിലുണ്ടാകും. നിങ്ങളുടെ വാഹനത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും ഒപ്പിയെടുത്ത് ഉടന്‍ അവ പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലെത്തിക്കും. വെഹിക്കിള്‍ മൗണ്ടഡ് റഡാര്‍ ബെയ്സ്ഡ് എന്‍ഫോഴ്സ്മെന്റ് സിസ്റ്റത്തിന്റെ ഭാഗമായി ഇത്തരം 60 വാഹനം ഉടന്‍ നിരത്തിലിറങ്ങും. ഇതിനായി സര്‍ക്കാര്‍ ആഗോള ടെന്‍ഡര്‍ വിളിച്ചു.
റോഡപകടങ്ങള്‍ കുറയ്ക്കാനും നിരത്തുകളിലെ കുറ്റകൃത്യം തടയാനുമായി പ്രധാന റോഡുകളില്‍ 780 അത്യാധുനിക ക്യാമറകളും സ്ഥാപിക്കും. നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ക്യാമറ, റഡാര്‍ ബെയ്സ്ഡ് ഓട്ടോമാറ്റിക് സ്പീഡ് എന്‍ഫോഴ്സ്മെന്റ്, റെഡ് ലൈറ്റ് വയലേഷന്‍ ഡിറ്റക്ഷന്‍, സമാര്‍ട്ട് എന്‍ഫോഴ്സ്മെന്റ് ഇന്റലിജന്‍സ് ക്യാമറകളാണ് സ്ഥാപിക്കുക. രാജ്യത്ത് ആദ്യമായാണ് റോഡുകളില്‍ നിര്‍മിത ബുദ്ധി ക്യാമറകള്‍ സ്ഥാപിക്കുന്നത്.
ചുവപ്പ് സിഗ്നല്‍ മറികടക്കുന്നവയെ പിടികൂടാന്‍ 30 പ്രധാന ജങ്ഷനുകളിലാണ് 200 റെഡ് ലൈറ്റ് വയലേഷന്‍ ഡിറ്റക്ടീവ് ക്യാമറ സ്ഥാപിക്കുക. 100 കേന്ദ്രത്തിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ സ്ഥാപിക്കുന്നത്. ഹെല്‍മെറ്റും സീറ്റുബെല്‍റ്റുമില്ലാതെ വാഹനമോടിക്കുന്നവരുടെ ദൃശ്യങ്ങള്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റും ഡ്രൈവറുടെ ചിത്രവും സഹിതം ഇവ ഒപ്പിയെടുത്ത് കണ്‍ട്രോള്‍റൂമിലേക്ക് കൈമാറും. വാഹനത്തിന്റെ വേഗം ഒഴികെയുള്ള മറ്റ് നിയമലംഘനങ്ങള്‍ പിടികൂടാനാണ് സ്മാര്‍ട്ട് എന്‍ഫോഴ്സ്മെന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ സ്ഥാപിക്കുന്നത്.
Post Your Comments