പ്രളയക്കെടുതിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ട്ടപ്പെട്ടതുമൂലം ഭാവി ഇരുളടയുമെന്ന ഭീതിയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുത്തു നല്കി പ്രതീക്ഷയുടെയും, സ്വാന്തനത്തിന്റെയും പാതയിലേക്ക് നയിക്കുന്നതില്‍ അക്ഷയ നിര്‍ണായക പങ്ക് വഹിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേത്യത്വത്തില്‍ സംസ്ഥാന ഐ.ടി മിഷന്റെ സഹകരണത്തോടെ ജില്ലയിലെ ആറു താലൂക്ക് കേന്ദ്രങ്ങളില്‍ നടത്തിയ അദാലത്തിലൂടെ നഷ്ടമായ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍, മോട്ടേര്‍ വാഹനവകുപ്പ് രേഖകള്‍, ചിയാക്ക്, ഇലക്ഷന് ഐ.ഡി, പഞ്ചായത്ത്, രജിസ്ട്രേഷന് വകുപ്പ് സര്‍ട്ടിഫിക്കറ്റുകള്‍, എംപ്ലോയ്മെന്റ്, ബി.എസ്.എന്‍.എല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതിന് ജനങ്ങള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കിയതായി അക്ഷയ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷൈന്‍ ജോസ് അറിയിച്ചു. ഇതിനാവശ്യമായ സാങ്കേതിക സഹായങ്ങള്‍ സമയബന്ധിതമായി നല്കി ജില്ലയിലെ അക്ഷയ സംരംഭകരും ഉദ്യോഗസ്ഥരും കര്‍മനിരതമായ സേവനമാണ് കാഴ്ചവച്ചത്. സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിച്ചു വയ്ക്കുന്നതിനും ആവശ്യമുള്ളപ്പോള്‍ ഡൗണ്‍ ലോഡ് ചെയ്ത് ഉപയോഗിക്കുന്നതിനുമുള്ള ഡിജിലോക്കര്‍ സംവിധാനത്തിലൂടെ പ്രളയബാധിതരായ നിരവധിയാളുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കുന്നതിനും സഹായമൊരുക്കി. ജില്ലയിലെ 122 അക്ഷയ കേന്ദ്രങ്ങളിലൂടെ സര്‍ക്കാര്‍, സര്‍ക്കാരിതര സേവനങ്ങള്‍ സമയബന്ധിതവും ഫലപ്രദവുമായി ജനങ്ങളിലെത്തിക്കുന്നതിന് അക്ഷയ ജില്ലാമിഷന് നേതൃത്വം നല്കുന്നു. പ്രളയത്തില്‍ വീടും സ്ഥലവും നഷ്ട്ടപ്പെട്ടവരുടെ വിശദാംശങ്ങള്‍ ഡേറ്റാ എന്‍ട്രി നടത്തുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ക്കും അക്ഷയ ജില്ലാ ആഫീസിന്റെയും സംരംഭകരുടെയും സേവനം ലഭ്യമാക്കിയിരുന്നു. സര്‍ക്കാര്‍ സേവനങ്ങളും സര്‍ട്ടിഫിക്കറ്റുകളും അക്ഷയ കേന്ദ്രങ്ങളിലൂടെ ഓണ്‍ലൈനായി നല്കുന്ന ഇ ജില്ലാ പദ്ധതിയുടെ ഭാഗമായി ജില്ല മാത്യകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇ-ജില്ല പദ്ധതിയില്‍ ഇതുവരെ 1474670 സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു കഴിഞ്ഞു.
ആധാര്‍ എന്റോള്‍മെന്റില്‍ ജില്ല കൈവരിച്ച നേട്ടം ശ്രദ്ധേയമാണ്. ആധാര്‍ എന്റോള്‍മെന്റില്‍ സംസ്ഥാനത്തെ മികച്ച ജില്ലയായി മാറാന്‍ പത്തനംതിട്ടയ്ക്കു സാധിച്ചു. ജില്ലയില്‍ ഇതുവരെ 1378565 ആധാര്‍ എന്റോള്‍മെന്റ് നടത്തി. ജില്ലയില്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ആധാര്‍ എടുക്കുന്നതിന് ഭിന്നശേഷിക്കാര്‍ക്കും ശയ്യാവലംബര്‍ക്കും പ്രത്യേകപരിഗണനയാണ് നല്കി വരുന്നത്. തിരിച്ചറിയല്‍ രേഖ ഇല്ലാത്തവര്‍ക്കും ഗ്രേഡ് എ ഗസറ്റഡ് ഉദ്യോഗസ്ഥനില്‍ നിന്നും അവരുടെ ലെറ്റര്‍ പാഡില്‍ നിശ്ചിത ഫോര്‍മാറ്റില്‍ സാക്ഷ്യപത്രം ഹാജരാക്കി ആധാര്‍ എടുക്കുന്നതിനും സൗകര്യമുണ്ട്. ശയ്യാവലംബരായ ആളുകളുടെ വീട്ടില്‍ നേരിട്ടെത്തി അക്ഷയ പ്രതിനിധികള്‍ ആധാര്‍ എന്റോള്‍മെന്റ് സേവനം നല്‍കിയിരുന്നു. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രത്യേക ക്യാമ്പുകളിലായി ആധാര്‍ എന്റോള്‍മെന്റ് നടത്തി. നവജാത ശിശുക്കളുടെ ആധാര്‍ എടുക്കുന്നതിനും കഴിഞ്ഞവര്‍ഷം മുന്‍ഗണന നല്‍കിയിരുന്നു. ജില്ലയിലെ ആദിവാസി മേഖലകളിലും ആധാര്‍ എന്റോള്‍മെന്റിനുള്ള അടിയന്തിര നടപടികള്‍ നടന്നു വരുന്നു. സൗജന്യമായി വൈഫൈ ഡേറ്റ നല്‍കുന്നതിനായി സംസ്ഥാന ഐ ടി മിഷന്റെ നേത്യത്വത്തില്‍ ജില്ലയില്‍ വൈഫൈ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു. ആദ്യ ഘട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വില്ലേജ് ഓഫീസുകള്‍, കളക്ട്രേറ്റ്, അടൂര്‍, പത്തനംതിട്ട, തിരുവല്ല മിനി സിവില്‍ സ്റ്റേഷനുകള്‍, കോഴഞ്ചേരി ജില്ലാ ആശുപത്രി, ജില്ലയിലെ വിവിധ ബസ് സ്റ്റാന്‍ഡുകള്‍ എന്നിങ്ങനെ 41 ഇടങ്ങളിലായിരുന്നു സൗജന്യ വൈഫൈ ലഭ്യമാക്കിയത്.
രണ്ടാം ഘട്ടത്തില്‍ 61 ലൊക്കേഷനുകളിലെ വൈഫൈ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ പൂരോഗമിക്കുന്നു. ഇതില്‍ കോന്നി ആനക്കൂട് ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളും പമ്പാ മേഖലയും ഉള്‍പ്പെടുന്നു. ഹോട്ട് സ്പോട്ടുകള്‍ വഴി ദിവസേന 300 എം ബി ഡേറ്റായാണ് സൗജന്യമായി ലഭിക്കുന്നത്. 10 എം ബി പിഎസാണ് വേഗത. വൈഫൈ മോഡം സ്ഥാപിച്ചിരിക്കുന്ന സ്ഥാപനത്തിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ സ്മാര്‍ട്ട് ഫോണ്‍, ലാപ് ടോപ്പ് എന്നിവ വഴി വൈഫൈ ഉപയോഗിക്കാം. സൗജന്യ പരിധി കഴിഞ്ഞാല്‍ പണം നല്‍കിയും വൈഫൈ സൗകര്യം ഉപയോഗപ്പെടുത്താം. അനുവദനീയമായ ഡേറ്റ ഉപയോഗിച്ചു തീര്‍ന്നാലും സര്‍ക്കാര്‍ വെബ് സൈറ്റുകളും മൊബൈല്‍ ആപ്പും ഈ വൈഫൈ വഴി പരിധിയില്ലാതെ ഉപയോഗിക്കുവാന്‍ കഴിയും. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ തടസമില്ലാതെ ലഭിക്കാന്‍ ഇതുവഴി സാധിക്കും. സംസ്ഥാന സര്‍ക്കാറിന്റെ കെഫൈ പദ്ധതിയിലൂടെയാണ് സൗജന്യ വൈഫൈ ഓരോ ജില്ലകളിലും ലഭ്യമാക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അതിവേഗം ലഭ്യമാക്കാനായി തയാറാക്കുന്ന വിഭവ് മൊബൈല്‍ ആപ്ലിക്കേഷനുവേണ്ടിയുള്ള വിവരശേഖരണം ജില്ലയില്‍ അക്ഷയയുടെ നേതൃത്വത്തില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു . എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന് ലഭ്യമാക്കാനുള്ള കെ ഫോണ്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന ഐ ടി മിഷന്റെ നേത്യത്വത്തില്‍ ജിയോ സര്‍വേ നടത്തുന്നത്. വിവിധ സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലം, ലഭ്യമാകുന്ന സേവനങ്ങള്‍ തുടങ്ങി എല്ലാ വിവരങ്ങളും ലഭ്യമാകുന്ന വിധത്തിലാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നത്. സംസ്ഥാന ഐ ടി മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സ്പെഷ്യല്‍ ഡേറ്റാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഭൗമ വിവര വ്യവസ്ഥ സംവിധാനത്തിലേക്ക് എല്ലാ സര്‍ക്കാര്‍ ഓഫീസുകളേയും കൊണ്ടുവരുകയാണ് ഈ നൂതന പദ്ധതിയുടെ ലക്ഷ്യം. ബാങ്കിംഗ് സേവനങ്ങള്‍ അക്ഷയകേന്ദ്രങ്ങളിലൂടെ നടപ്പാക്കിയതിന്റെ ഭാഗമായി ആരംഭിച്ച ബാങ്കിംഗ് കീയോസ്കുകളുടെ നടത്തിപ്പിലും ജില്ലയ്ക്ക് മികച്ച നേട്ടം കൈവരിക്കാനായി. ജില്ലയില്‍ അക്ഷയ ബാങ്ക് കിയോസ്ക്കുകളുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു. പൊതുജനങ്ങള്‍ക്ക് ബാങ്കുകളില്‍ നേരിട്ടെത്താതെ തന്നെ ബാങ്കുകളുടെ മിനി ബ്രാഞ്ചുകളായി പ്രവര്‍ത്തിക്കുന്ന അക്ഷയ സി.എസ്.സി. കിയോസ്ക്കുകളിലൂടെ പ്രതിദിനം 20,000 രൂപവരെയുള്ള പണമിടപാടുകള്‍ നടത്താം. അക്ഷയ ബാങ്കു കിയോസ്ക്കുകളില്‍ പണം പിന്‍വലിക്കുന്നതിനും ഡോപ്പോസിറ്റ് നടത്തുന്നതിനും പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും സൗകര്യമുണ്ട്. കൂടാതെ ആധാര്‍ ബയോമെട്രിക്സ് സംവിധാനം ഉപയോഗിച്ചുള്ള പണമിടപാടുകളും നടത്താന്‍ കഴിയും. സീറോ അക്കൗണ്ട് തുറക്കുന്നതിനുള്ള സൗകര്യവുമുണ്ട്. എ.ടി.എം. കാര്‍ഡ് ഉപയോഗിച്ചും പണമിടപാടുകള്‍ നടത്താം. ആധാര്‍ ബാങ്ക് അക്കൗണ്ട് ലിങ്കു ചെയ്യുന്നതിനുള്ള സൗകര്യവും അക്ഷയ ബാങ്ക് കിയോസ്ക്കുകളിലൂടെ ലഭിക്കും. ജില്ലയില്‍ നിലവില്‍ 23 അക്ഷയ കേന്ദ്രങ്ങളില്‍ എസ്.ബി.ഐ.കിയോസ്ക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ ആഫീസുകളില്‍ ഔദ്യോഗിക ഭാഷയായി മലയാളം നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അക്ഷയ മുഖേന കഴിഞ്ഞ വര്‍ഷം തുടക്കമിട്ട മലയാളം കംപ്യൂട്ടിംഗ് പരിശീലനം പൂര്‍ത്തീകരിച്ചു. സംസ്ഥാന ഐ.ടി.മിഷന്റെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ചിട്ടുള്ള അക്ഷയ സംരംഭകരാണ് പരിശീലനം നല്‍കുന്നത്. 30 ഉദ്യോഗസ്ഥരെ വീതം ഉള്‍പ്പെടുത്തിയുള്ള വിവിധ ബാച്ചുകളായാണ് പരിശീലനം. ഓരോ ബാച്ചിനും ഒരാഴ്ച വീതമാണ് പരിശീലന കാലാവധി. പരിശീലനം പൂര്‍ത്തീകരിക്കുന്നതിനോടനുബന്ധിച്ച് സര്‍ട്ടിഫിക്കറ്റും നല്‍കുന്നുണ്ട്.
Post Your Comments