വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ ദേശീയ ടീമിലേക്കുള്ള പ്രവേശം ഏറെക്കുറെ അടഞ്ഞ സ്ഥിതിയിലാണ്. പ്രത്യേകിച്ച് യുവതരാം റിഷബ് പന്ത് മിന്നുംഫോമില്‍ നില്‍ക്കെ. ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ്കീപ്പറായി വിലസിയ കാലമുണ്ടായിരുന്നു സാഹക്ക്.പരിക്ക് കാരണം ടീമിന് പുറത്ത് പോയതാണ്. പരിക്ക് മാറിയപ്പോഴേക്ക് മറ്റുചിലര്‍ കളംപിടിച്ചു. പിന്നീട് സാഹക്ക് ടീമിലെത്താനുമായില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സാഹക്ക് പരിഭവങ്ങളൊന്നുമില്ല.റിഷബ് പന്തിനെച്ചുറ്റിപ്പറ്റിയാണ് ഇപ്പോ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് തന്നെ. ധോണിക്ക് ശേഷം പന്ത് തന്നെയെന്ന വിലയിരുത്തലുകളും വരുന്നു. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പന്തിനെ ഉള്‍പ്പെടുത്തണമോ വേണ്ടയോ എന്നാണ് സെലക്ടര്‍മാരെ കുഴക്കുന്ന പ്രധാനപ്രശ്നവും. അതിനിടയ്ക്ക് വൃദ്ധിമാന്‍ സാഹയെ ആരും ഓര്‍ക്കുന്നു പോലുമില്ല.
എന്നാല്‍ സെലക്ഷനെക്കുറിച്ച് ചിന്തിച്ച് താനൊരിക്കലും ക്രിക്കറ്റ് കളിച്ചിട്ടില്ല, സെലക്ഷന് എന്നത് എന്റെ കയ്യിലെ കാര്യവുമല്ല, എന്റെ കഴിവില്‍ ശ്രദ്ധ കൊടുത്ത്, ലഭിക്കുന്ന അവസരങ്ങള്‍ നന്നായി ഉപയോഗപ്പെടുത്തുകയാണ്, ലക്ഷ്യമെന്നാണ് സാഹയ്ക്കു പറയാനുള്ളത്. സയിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റിനുള്ള ബംഗാള്‍ ടീമില്‍ 34കാരനായ വൃദ്ധിമാന്‍ സാഹയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര മത്സരങ്ങളില്‍ മികവ് തെളിയിച്ചാല്‍ ദേശീയ ടീമിലെത്താം എന്നാണ് സാഹ കണക്ക് കൂട്ടുന്നത്. ടെസ്റ്റ് താരമായ സാഹക്ക് ഇനി ഇന്ത്യന്‍ കുപ്പായം അണിയണമെങ്കില്‍ തന്നെ ഒത്തിരി കാത്തിരിക്കണം.
2006-2007 സീസണ് രഞ്ജി ട്രോഫിയില്‍ അസമിനെതിരെയായിരുന്നു സാഹയുടെ ഏകദിന അരങ്ങേറ്റം. 3 ഏകദിന മത്സരങ്ങളില്‍ കിഴക്കന്‍ മേഖലയ്ക്കു വേണ്ടി ദേവ്ധര്‍ ട്രോഫിയില്‍ കളിച്ചിട്ടുണ്ട്. 2007-08 സീസണ് രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനെതിരെ 111 റണ്‍സ് നേടി. 3 നിയന്ത്രിത മത്സരങ്ങളില്‍ ഇന്ത്യ എയ്ക്കു വേണ്ടി കളിച്ചു. ആ പരമ്പര ടീം വിജയിച്ചു. സാഹ ഒരു മത്സരത്തില്‍ 85 റണ്‍സ് നേടി. 2008ലെ ഐ.പി.എല്ലില്‍ സാഹയെ കൊല്‍ക്കത്ത സ്വന്തമാക്കി. എന്നാല്‍ പിന്നീട് കിങ്സ് ഇലവന് പഞ്ചാബ് സാഹയെ സ്വന്തമാക്കി. 2014 സീസണ് ഫൈനലില്‍ കൊല്‍ക്കത്തക്കെതിരെ 115 റണ്‍സ് നേടി.
2010 ജനുവരി 28ന് ദക്ഷിണാഫ്രിക്കക്കുവേണ്ടിയുള്ള ഇന്ത്യന്‍ ടീമില്‍ ദിനേഷ് കാര്‍ത്തികിനു പകരക്കാരനായി റിസര്‍വ് ബെഞ്ചില്‍ സാഹ ഇടം നേടി. എന്നാല്‍ അപ്രതീക്ഷിതമായി വി.വി.എസ്. ലക്ഷ്മണിന് പരിക്കേറ്റപ്പോള്‍ പകരക്കാരനായി സാഹ ടീമില്‍ ഇടംനേടി. 2010 ഫെബ്രുവരി 6ന് നാഗ്പൂരില്‍ കളിച്ചു. ആദ്യ ഇന്നിങ്സില്‍ പൂജ്യത്തിനു പുറത്തായെങ്കിലും രണ്ടാം ഇന്നിങ്സില്‍ 36 റണ്‍സ് നേടി. രണ്ട് ഇന്നിങ്സിലും ഡെയ്ല്‍ സ്റ്റെയ്നാണ് സാഹയുടെ വിക്കറ്റ് വീഴ്ത്തിയത്. 2012ലെ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ധോണിക്കു പകരമായി കളിക്കുകയും ചെയ്തു.
ഇന്ത്യക്കിനി ടെസ്റ്റ് മത്സരങ്ങള്‍ ഉള്ളത് ലോകകപ്പിന് ശേഷമാണ്. വിന്‍ഡീസിനെതിരെയാണ് രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര. ലോകകപ്പ് ചര്‍ച്ചകളില്‍ സാഹക്ക് സ്ഥാനമില്ലാത്തതിനാല്‍ ടെസ്റ്റ് മത്സരങ്ങള്‍ തന്നെയാവും സാഹയുടെ ശ്രദ്ധാകേന്ദ്രം. സാഹയെക്കാളും പ്രായം കുറഞ്ഞ ലോകേഷ് രാഹുല്‍, റിഷബ് പന്ത് എന്നിവര്‍ ഉണ്ടെന്നിരിക്കെ സാഹക്ക് അവസരം ലഭിക്കുമോ എന്നാണ് അറിയേണ്ടത്. പ്രത്യേകിച്ച് റിഷബ് പന്ത് മികച്ച ഫോമിലാണെന്നിരിക്കെ. 2018 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് സാഹ അവസാനമായി ഇന്ത്യന്‍ ജേഴ്സിയണിഞ്ഞത്.
Post Your Comments