KeralaLatest News

ആറ്റുകാല്‍ ഉത്സവം: കുത്തിയോട്ടം രജിസ്ട്രേഷന്‍ ശനിയാഴ്ച അവസാനിക്കും

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് കുത്തിയോട്ടത്തിന് നേരിട്ടുള്ള രജിസ്‌ട്രേഷന്‍ ശനിയാഴ്ചയും ഓണ്‍ലൈന്‍ വഴിയുള്ള രജിസ്‌ട്രേഷന്‍ ഞായറാഴ്ചയും അവസാനിക്കും. 12-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനായി ക്ഷേത്രത്തിലെത്തും.ക്ഷേത്രത്തിലെ കൗണ്ടറില്‍ ശനിയാഴ്ച രാത്രി 8 വരെ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനായി ഞായറാഴ്ച വൈകീട്ട് അഞ്ചുവരെയാണ് രജിസ്റ്റര്‍ ചെയ്യാനുള്ള സമയം. ഇതുവരെ 780 ബാലന്മാര്‍ കുത്തിയോട്ടത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.. 12-ന് രാത്രി 10.20-ന് കാപ്പുകെട്ടുന്നതോടെ ആറ്റുകാല്‍ ഉത്സവം ആരംഭിക്കും.

വിശേഷാല്‍ പൂജകള്‍ക്ക് ശേഷം രണ്ടു കാപ്പുകളിലൊന്ന് ദേവിയുടെ ഉടവാളിലും മറ്റൊന്ന് മേല്‍ശാന്തിയുടെ കൈയിലും കെട്ടുന്നതാണ് കാപ്പുകെട്ടിന്റെ ചടങ്ങ്. ഇതിനൊപ്പം ഉത്സവത്തിന്റെ പ്രധാനചടങ്ങായ തോറ്റംപാട്ടും ആരംഭിക്കും. ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥയാണ് തോറ്റംപാട്ടിലൂടെ അവതരിപ്പിക്കുന്നത്. ദേവിയെ പാടി കുടിയിരുത്തിയാണ് കഥ തുടങ്ങുന്നത്. ഓരോ ദിവസവും പറയുന്ന കഥാഭാഗവും അതത് ദിവസത്തെ ചടങ്ങുകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.ക്ഷേത്രത്തില്‍ ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ ധൃതഗതിയില്‍ പൂര്‍ത്തിയാകുന്നതായി ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു. ക്ഷേത്രപരിസരത്തെ വൈദ്യുതീകരണം പൂര്‍ത്തിയായി. വിശാലമായ പന്തലുകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. കുത്തിയോട്ടത്തിന് വ്രതം നോല്‍ക്കുന്ന ബാലന്മാര്‍ക്കുള്ള വിശ്രമസ്ഥലം ഒരുക്കി. പോലീസിനും മറ്റ് അനുബന്ധ വകുപ്പുകളിലെ ജീവനക്കാര്‍ക്കുമുള്ള സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button