തിരുവനന്തപുരം: : ശ്രീപത്മനാഭ ക്ഷേത്രത്തിലെ ക്ഷേത്രത്തിലെ ബി നിലവറയുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍. ബി നിലവറ നേരത്തെ തുറന്നിട്ടുണ്ടെന്നാണ് വിദഗ്ദ സമിതിയുടെ കണ്ടെത്തല്‍. വിലമതിക്കാനാവാത്ത അമൂല്യ ആഭരണങ്ങളുടെയും, രത്നങ്ങളുടെയും ശേഖരമുണ്ടെന്ന് കരുതുന്ന നിലവറയാണ് ക്ഷേത്രത്തിലെ ബി നിലവറ. എന്നാല്‍ ബി നിലവറ ഇതുവരെ തുറന്നിട്ടില്ലെന്നാണ് രാജകുടുംബം അടക്കമുള്ള ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളത്.
ക്ഷേത്രത്തിന്റെ ചരിത്രത്തെ കുറിച്ച് പഠിക്കുന്ന വിദഗ്ദ്ധസമിതി സംഘം 1931 ഡിസംബര്‍ പതിനൊന്നിനിറങ്ങിയ പത്രത്തില്‍ ബി നിലവറ തുറന്നതിനെ കുറിച്ചുള്ള വാര്‍ത്ത അടിച്ച് വന്നിട്ടുണ്ടെന്ന് കണ്ടെത്തി. ഇത് കൂടാതെ ബി നിലവറയുടെ കാവലാളായി ഉഗ്രവിഷമുള്ള നാഗങ്ങളുണ്ടെന്നും, ഈ അറയിലൂടെ കടലിലേക്കുള്ള തുരങ്കമുണ്ടെന്നും,അറയുടെ വാതില്‍ തുറക്കുമ്‌ബോള്‍ കടല്‍ജലം ഇരച്ച് കയറുമെന്നെല്ലാം ഭക്തര്‍ക്കിടയില്‍ വിശ്വാസങ്ങളുണ്ട്. എന്നാല്‍ അതെല്ലാം വെറും കെട്ടുകഥകളും വിശ്വാസങ്ങളും മാത്രമായിരുന്നുവെന്നാണ് പുതിയ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
രാജാവും, ദിവാനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അടങ്ങിയ സംഘത്തിന്റെ മേല്‍ നോട്ടത്തിലാണ് അന്ന് നിലവറ തുറന്നതെന്നും, ഭാരിച്ച ഉരുക്ക് വാതില്‍ മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിലാണ് തുറന്നതെന്നുമുള്ള റിപ്പോര്‍ട്ടുകളും വിദഗ്ദ്ധസമിതി ശേഖരിച്ചിട്ടുണ്ട്. ഭാരിച്ച ഉരുക്ക് വാതില്‍ തളളിമാറ്റിയ ശേഷം മരം കൊണ്ടുള്ള മറ്റൊരു വാതിലും അവിടെയുണ്ടെന്നും അത് ശ്രദ്ധയോടെ തുറന്ന് അകത്ത് പ്രവേശിച്ചപ്പോള്‍ സ്വര്‍ണം, ചെമ്പ് നാണയങ്ങളും, കാശും നാലു പിത്തള കുടങ്ങളിലായി സൂക്ഷിച്ചിരിക്കുന്നത് കണ്ടുവെന്നും മൂല്യ നിര്‍ണയത്തിന് ശേഷം അതെല്ലാം അതേപടി വച്ചതിന് ശേഷം തിരികെ ഇറങ്ങിയെന്നുമാണ് രേഖകളില്‍ പറയുന്നത്.
അതുകൊണ്ടുതന്നെ ഏതുവിധേനയും ബി നിലവറ തുറക്കാനുള്ള അനുമതി തേടി സംഘം സുപ്രീംകോടതിയെ സമീപിക്കാനിരിക്കയാണ്. 1931ലെ റിപ്പോര്‍ട്ടിനുശേഷം പ്രസ്തുത മാസങ്ങളില്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ് പത്രങ്ങളിലടക്കം ഇതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നുവെന്നും വിദഗ്ദ സമിതി കോടതിയെ ധരിപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രചരിക്കുന്ന കെട്ടുകഥകളില്‍ അടിസ്ഥാനമില്ലെന്നും ബി നിലവറ തുറന്ന് മൂല്യനിര്‍ണയം നടത്താന്‍ അനുമതി നല്‍കണമെന്നും സമിതി ആവശ്യപ്പെടും.
എന്നാല്‍ ഇതിനോട് അനുകൂല നിലപാടല്ല രാജകുടുംബം സ്വീകരിച്ചത്. ബി നിലവറ തുറക്കാന്‍ അനുമതി നല്‍കില്ലെന്ന നിലപാടിലാണ് രാജകുടുംബം. ഇതുവരെ തുറന്നിട്ടില്ലാത്ത നിലവറ തുറക്കുന്നത് ദേവഹിതത്തിന് എതിരാണെന്നും അതിനാല്‍ അനുവദിക്കാനാകില്ലെന്നുമാണ് രാജകുടുംബം അഭിപ്രായപ്പെട്ടത്. ഏഴ് തവണ ബി നിലവറ തുറന്നിട്ടുണ്ടെന്ന വിനോദ് റായിയുടെ കണ്ടെത്തലും രാജകുടുംബം തള്ളിക്കളഞ്ഞു.
Post Your Comments