കണ്ണൂര്‍: അര്‍ബുദത്തിന് കാരണമാവുന്ന ശര്‍ക്കരക്ക് (വെല്ലം) കണ്ണൂര്‍ ജില്ലയില്‍ നിരോധനമേര്‍പ്പെടുത്തിയതോടെ ബേക്കറികളും ഹോട്ടലുകളും പ്രതിസന്ധിയില്‍. മധുരപ്രിയന്മാര്‍ക്ക് കനത്ത തിരിച്ചടിയാണിത്. ശര്‍ക്കരയില്‍ ചേര്‍ക്കുന്ന മാരകമായ രാസവസ്തുവായ റോഡമിന്‍ ബി സാന്നിധ്യമാണ് കാന്‍സറിന് കാരണമാകുന്നത്. ഇതോടെയാണ് ശര്‍ക്കരയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതോടെ ജില്ലയിലെ നൂറുക്കണക്കിന് സംരഭകരുടെ യൂനിറ്റുകള്‍ അടച്ചു പൂണ്ടേണ്ട അവസ്ഥയിലാണ്. കുടുംബശ്രീ യൂനിറ്റുകളും മറ്റ് വനിതാ സംരഭകരും വ്യാപകമായി നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന ശര്‍ക്കര ചേര്‍ത്ത വിഭവങ്ങളെല്ലാം നിലച്ചു.
മധുരത്തിന് വെല്ലം ചേര്‍ക്കുന്ന കലത്തപ്പം, കിണ്ണത്തപ്പം, ഉണ്ണിയപ്പം,നെയ്യപ്പം, അരിയുണ്ട എന്നിവയുടെ ഉത്പ്പാദംനം പൂര്‍ണ്ണമായും നിലച്ചു. വിവാഹത്തിനും അനുബന്ധ സല്‍ക്കാരങ്ങള്‍ക്കുമുള്ള സദ്യയില്‍ നിന്നും വിവിധ തരത്തിലുള്ള പ്രഥമന്‍ ഇല്ലാതായിരിക്കുന്നു. ഹോട്ടലുകളില്‍ ലഭിക്കുന്ന അരിയടക്ക് ശര്‍ക്കരക്ക് പകരം പഞ്ചസാര ചേര്‍ത്ത് പരീക്ഷണം നടത്തിയെങ്കിലും ആവശ്യക്കാര്‍ ചുരുക്കമാണെന്ന് ഹോട്ടലുടമകള്‍ പറയുന്നു. തമിഴ്നാട്ടില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടിച്ചെടുത്ത ശര്‍ക്കരയില്‍ 20 ശതമാനം കരിമ്പ് നീരും ബാക്കി പഞ്ചസാരയും മൈദയും സൂപ്പര്‍ ഫോസ്‌ഫേറ്റുമാണെന്ന് കണ്ടെത്തിയിരുന്നു. 15,000 കിലോ ഗ്രാം ശര്‍ക്കരയാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍, ഇരിട്ടി, തലശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് മായം ചേര്‍ത്ത ശര്‍ക്കര പിടിച്ചെടുത്തിരുന്നു. ലാബ് പരിശോധനയില്‍ മായം ചേര്‍ത്തതാണെന്ന് കണ്ടെത്തുകയും ചെയ്തു.
ഇരിട്ടിയിലെ ഒരു ക്ഷേത്രത്തില്‍ പായസത്തിനായി വാങ്ങിയ ശര്‍ക്കരയില്‍ നിറവ്യത്യാസം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാരവാഹികള്‍ പരാതിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതരെ സമീപിച്ചിരുന്നു. അതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തമിഴ്നാട്, കര്‍ണ്ണാടകം ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ഉത്പ്പാദിപ്പിക്കുന്ന ശര്‍ക്കരയില്‍ മാരകമായ റോഡമിന്‍ ബി എന്ന രാസവസ്തു ചേര്‍ത്തതായി കണ്ടെത്തിയത്. ശര്‍ക്കരക്ക് നിറം നല്‍കാനാണ് ഇത് ഉപയോഗിക്കുന്നത്. പെയിന്റിലും തുണികള്‍ക്കും നിറം നല്‍കാന്‍ ഉപയോഗിക്കുന്ന റോഡമിന്‍ ബി ശരീരത്തിലെത്തിയാല്‍ കാന്‍സറുകള്‍ വരാനുള്ള സാധ്യതയുണ്ട്.
കണ്ണൂര്‍ ഒഴിച്ചുള്ള ജില്ലകളില്‍ ഇപ്പോഴും വില്‍പ്പന നടക്കുന്നുണ്ട്. പലയിടത്തും കൃത്യമായ മേല്‍വിലാസം പേലുമില്ലാത്തവരാണ് ശര്‍ക്കര നിര്‍മ്മിക്കുന്നത്. ഇവിടെ നിന്നാണ് വെല്ലം മൊത്ത കച്ചവടക്കാര്‍ വാങ്ങി കേരളത്തില്‍ വിതരണം ചെയ്യുന്നത്. പുതിയ നിരോധനം മൊത്തക്കച്ചവടക്കാര്‍ക്കും തിരിച്ചടിയാണ്. മറ്റ് ജില്ലകളില്‍ മായം ചേര്‍ത്ത ശര്‍ക്കര വില്‍ക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് തടസ്സപ്പെടുത്തിയിട്ടില്ല. ഉപഭോക്താക്കള്‍ നല്ല നിറമുള്ള വെല്ലം തിരഞ്ഞെടുക്കുന്നതാണ് ഇത്തരം നിറങ്ങളില്‍ വെല്ലം കേരളത്തിലെത്താന്‍ കാരണമാവുന്നത്. കറുത്ത വെല്ലത്തില്‍ ഇത്തരം രാസവസ്തുക്കളുടെ സാന്നിധ്യം പ്രത്യക്ഷമായി കണ്ടിട്ടില്ല. വെല്ലത്തില്‍ മായം ചേര്‍ത്തതായി തെളിഞ്ഞാല്‍ രണ്ട് ലക്ഷം രൂപ വരെ പിഴയും തടവും ലഭിക്കാം. ആര്‍ക്കെങ്കിലും ജീവഹാനിയുണ്ടായാല്‍ ജീവപര്യന്തം തടവും ലഭിക്കും. കണ്ണൂരിലുള്ള ഉല്‍പാദനം കുറഞ്ഞതോടെ കേരളത്തില്‍ തങ്ങളുടെ കുത്തക നിലനിര്‍ത്താന്‍ തമിഴ്‌നാട് കര്‍ണാടക ലോബികള്‍ പരിശ്രമത്തിലാണ്.
Post Your Comments