കൊച്ചി: ദുബായില്‍ കോടികളുടെ വായ്പ്പാ തട്ടിപ്പ് നടത്തി മുങ്ങിയ മലയാളികളെ കണ്ടെത്താന്‍ ബാങ്ക് അധികൃതര്‍ കൊച്ചിയില്‍. നാഷണല്‍ ബാങ്ക് ഓഫ് റാസല്‍ഖൈമയുടെ ് മാനേജര്‍മാരാണ് തട്ടിപ്പു നടത്തിയവരില്‍ നിന്ന് പണം പിടിക്കാന്‍ കേരളത്തില്‍ എത്തിയിരിക്കുന്നത്. തട്ടിപ്പ് നടത്തിയവരെ കണ്ടെത്തുന്നതിനായി ബാങ്ക് അധികൃതര്‍ എറണാകുളം സെന്‍ട്രല്‍ പോലീസിനെ സമീപിച്ചു. തുടര്‍ന്ന് കേസിനെ കുറിച്ചുള്ള വിശദവിവരങ്ങളും തെളിവുകളും പോലീസിന് കൈമാറി.
യുഎഇയിലെ പല ബാങ്കുകളില്‍ നിന്ന് 20,000 കോടി രൂപ വായ്പയെടുത്താണ് 116 മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ ദുബായില്‍ നിന്ന് കടന്നത്. ഇന്ത്യക്കു പുറമെ പാക്കിസ്ഥാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ബിസിനസുകാരും വഞ്ചിച്ചവരുടെ പട്ടികയിലുണ്ടെങ്കിലും ഇതില്‍ 30 ശതമാനം തട്ടിപ്പും നടത്തിയത് മലയാളികളാണ്. അതേസമയം കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മുലായളികളോട് ഒത്തുതീര്‍പ്പിനായി വെള്ളിയാഴ്ച ഹാജരാകാന്‍ കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി അറിയിച്ചിട്ടുണ്ട്. അതേസമയം ബാങ്കുകള്‍ക്കായി ഇന്ത്യയിലെ നിയമ നടപടികള്‍ കൈകാര്യം ചെയ്യുന്നത് എക്‌സ്ട്രീം ഇന്റര്‍നാഷനല്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയാണ്.
പ്രതികളില്‍ നിന്ന് പണം ഈടാക്കി കേസ് അവസാനിപ്പിക്കാന്‍ പദ്ധതിയുണ്ടെങ്കിലും എത്രപേര്‍ ഇതിനു തയാറായി മുന്നോട്ടു വരും എന്നതില്‍ ആശങ്ക തുടരുന്നു. അതേസമയം വായ്പ്പാ തുകയില്‍ നല്ലൊരു ഭാഗം കുഴല്‍പണമായി ഇന്ത്യയില്‍ എത്തിച്ചു എന്നും സൂചനയുണ്ട്. ബിസിനസ് ആവശ്യത്തിനെന്ന വ്യാജേനെ 84 കമ്പനികളുടെ പേരില്‍ മാസ്റ്റര്‍ ഫെസിലിറ്റി സംവിധാനത്തില്‍ ഓവര്‍ ഡ്രാഫ്റ്റ്, ചെക്ക് ഡിസ്‌കൗണ്ടിങ്, ലെറ്റര്‍ ഓഫ് ക്രെഡിറ്റ്, ട്രസ്റ്റ് രസീത് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണു വായ്പ സംഘടിപ്പിച്ചത്.
സ്ഥാപനത്തിന്റെ ഒരു വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടും ഒപ്പിട്ട കാലിച്ചെക്കും അപേക്ഷയ്‌ക്കൊപ്പം നല്‍കി. മാസ്റ്റര്‍ ഫെസിലിറ്റി പണമാക്കി മാറ്റാനായി
ഒരിക്കലും നടന്നിട്ടില്ലാത്ത ക്രയവിക്രിയങ്ങളുടെ ബില്ലുകള്‍, ട്രക്ക് കണ്‍സൈന്‍മെന്റ് നോട്ടുകള്‍, ഡെലിവറി ഓര്‍ഡറുകള്‍ എന്നിവയും നല്‍കി. ഇതിന് മറ്റു കമ്പനികളുടെ സഹായവും ലഭിച്ചിട്ടുണ്ട്. അതേസമയം തട്ടിപ്പുകാര്‍, ആദ്യത്തെ വായ്പ്പ കൃത്യമായി തിരിച്ചടച്ചതിനാല്‍ തുടര്‍ന്നുള്ള നടപടികളില്‍ കൃത്യമായ പരിശോധന ബാങ്കിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല.
അതേസമയം കേസില്‍ ദുബായ് ബാങ്കുകള്‍ക്കു വേണ്ടി ഹാജരാകുന്ന കൊച്ചിയിലെ സ്ഥാപനത്തില്‍നിന്നു രേഖകള്‍ മോഷ്ടിച്ചു പോലും കേസ് ഇല്ലാതാക്കാന്‍ ശ്രമം നടന്നിരുന്നു. 2018 ഫെബ്രുവരിയില്‍ കേസുമായി ബന്ധപ്പെട്ട വിലപ്പെട്ട രേഖകള്‍ മോഷ്ടിക്കപ്പെട്ടിരുന്നു. കൂടാതെ കമ്പ്യൂട്ടറിലുള്ള വിവരങ്ങളും നശിപ്പിച്ചു.
Post Your Comments