കോഴിക്കോട് • 2022ലെ ഖത്തര്‍ ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ജനറേഷന്‍ അമേസിംഗിന്റെ മാസ്റ്റര്‍ കോച്ച് ഹമദ് അബ്ദുല്‍ അസീസ് കേരളത്തിലെത്തുന്നു. ഡിസംബര്‍ 28, 29 തിയതികളിലായി കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന ജനറേഷന്‍ അമേസിംഗ് (ജി.എ) പരിപാടികളില്‍ സംബന്ധിക്കാനും കേരളത്തിലെ ജി.എ കോച്ചുമാര്‍ക്ക് പരിശീലനം നല്‍കാനുമാണ് ഹമദ് കേരളത്തിലെത്തുന്നത്. ഇന്ത്യയിലെ ജി.എ വര്‍കേഴ്‌സ് അംബാസിഡര്‍ സാദിഖ് റഹ്മാന്‍ സി.പിയും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
ഡിസംബര്‍ 28 ന് മലപ്പുറം-തെരട്ടമ്മലില്‍ നടക്കുന്ന ജനറേഷന്‍ അമേസിംഗ് അഖില കേരള കോച്ചുമാര്‍ക്കുള്ള പരിശീലന ക്യാമ്പ് ഹമദ് ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 29 ന് തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് ആരംഭിക്കുന്ന ഫുട്‌ബോള്‍ കോച്ചിംഗ് സെന്റെറിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്നോളം ജനറേഷന്‍ അമേസിംഗിന്റെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകളുടെ സഹകരണത്താല്‍ നിര്‍മിക്കുന്ന പത്ത് വീടുകളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തും.
ഭിന്നശേഷിക്കാര്‍ക്കായി ലൗഷോര്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ നടക്കുന്ന ജി.എ കോച്ചിംഗ് സെന്റെറും, ഗോതമ്പറോഡ് തണല്‍ ജി.എ ക്ലബ്ബും, നെല്ലിക്കാപറമ്പ് ഗ്രീന്‍ വാലി സ്‌കൂളും, വെറ്റിലപ്പാറ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവയും അദ്ദേഹം സന്ദര്‍ശനം നടത്തും. വിവിധ സ്ഥലങ്ങളില്‍ ജി.എ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥി യുവജനങ്ങളുമായും മാധ്യമ പ്രവര്‍ത്തകരുമായും ആശയവിനിമയം നടത്തി 29 ന് ശനിയാഴ്ച ഹമദ് ഖത്തറിലേക്ക് തിരിക്കും.
Post Your Comments