തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് വണ്ടിച്ചെക്കുകളുടെ പ്രവാഹം . നിരവധി ചെക്കുകള്‍ മടങ്ങി. . ബാങ്കിനു കൈമാറിയ ചെക്കുകള്‍ മടങ്ങിയതോടെയാണ് വണ്ടിച്ചെക്കുകള്‍ ലഭിച്ചകാര്യം അധികൃതര്‍ക്ക് ബോധ്യമായത്. 5000 മുതല്‍ രണ്ട് ലക്ഷം രൂപയുടെ 284 ചെക്കുകളാണ് പണമില്ലാതെ മടങ്ങിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ചെക്കുകളായതിനാല്‍ കേസിനു പോകേണ്ടെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ ചെക്ക് കൈമാറിയവര്‍ക്ക് ഇതുസൂചിപ്പിച്ച് കത്തയക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വിവരാവകാശ പ്രവര്‍ത്തകന്‍ ഡി.ബി.ബിനു സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലാണു ധനവകുപ്പ് മറുപടി നല്‍കിയത്. ആകെ സംഭാവനയായി ലഭിച്ച 27919 ചെക്കുകളില്‍ 430 എണ്ണം ബാങ്കുകളില്‍ നിന്നു മടങ്ങിയിരുന്നു. എന്നാല്‍ സാങ്കേതിക പ്രശ്നങ്ങള്‍ക്കൊണ്ടു മടങ്ങിയ146 എണ്ണത്തില്‍ പിന്നീടു തുക ലഭിച്ചു. അവശേഷിക്കുന്ന ചെക്കുകളാണു പണമില്ലാതെ മടങ്ങിയത്. ചെക്കുകള്‍ മുഖേനെ ഇതുവരെ 1126.0053 കോടി രൂപയാണു സര്‍ക്കാരിനു സംഭാവന ലഭിച്ചത്. അതേസമയം വണ്ടിച്ചെക്കുകള്‍ നല്‍കിയവരുടെ പേരു വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടാന്‍ തയാറായിട്ടില്ല.
പ്രളയ പുനര്‍നിര്‍മ്മാണത്തിനെന്ന പേരില്‍ സ്വകാര്യ കമ്പനികളും സന്നദ്ധസംഘടനകളും അടക്കം നിരവധി പേരാണു പൊതുജനങ്ങളില്‍ നിന്നു സംഭാവന പിരിക്കാനെത്തിയത്. എന്നാല്‍ പ്രളയത്തിന്റെ പേരില്‍ ആരൊക്കെ എത്ര രൂപ പിരിച്ചുവെന്നോ അതില്‍ എത്ര രൂപ സംഭാവന നല്‍കി എന്നതോ സംബന്ധിച്ച് സര്‍ക്കാരിനു പോലും വ്യക്തമായ കണക്കില്ല.
പൊതുജനങ്ങളില്‍ നിന്നു പിരിച്ച സംഖ്യയുടെ നല്ലൊരു തുകയും സര്‍ക്കാരിലേക്ക് എത്തിയിട്ടില്ലെന്നാണു വണ്ടിച്ചെക്ക് സംഭാവന കാണിക്കുന്നത്. പ്രളയം വരുമ്പോള്‍ ജനങ്ങളില്‍ നിന്നു പണം പിരിക്കാനിറങ്ങുന്ന സംഘടനകള്‍ റജിസ്റ്റര്‍ ചെയ്യണമെന്നും കൃത്യമായ കണക്ക് അവതരിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും 2005ല്‍ ദേശീയ നിയമ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ 13 വര്‍ഷം കഴിഞ്ഞിട്ടും ഇത്തരത്തിലൊരു നിയന്ത്രണ സംവിധാനം രാജ്യത്ത് ഇതുവരെ വന്നിട്ടില്ല.
Post Your Comments