Latest NewsKerala

വാങ്ങുന്നത് സർക്കാർ ശമ്പളം, ജോലി മുസ്ലീംലീഗ് ഓഫീസില്‍

2016 ജൂണ്‍ മുതല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയാണ് എം.വി. സിദ്ദിഖ്.

കോഴിക്കോട്: സർക്കാർ ശമ്പളം പറ്റുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് ജോലി മുസ്ലീംലീഗ് ഓഫീസില്‍. കോഴിക്കോട്ട് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് ചെന്നിത്തലയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എം.വി. സിദ്ദിഖ് ജോലി ചെയ്യുന്നതെന്നാണ് ഉയരുന്ന ആരോപണം. 2016 ജൂണ്‍ മുതല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയാണ് എം.വി. സിദ്ദിഖ്.

ഡെപ്യൂട്ടേഷനില്‍ പ്രവേശിക്കും മുമ്പ് കോഴിക്കോട് ഗവ മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനായിരുന്നു ഇയാള്‍. പ്രതിപക്ഷ നേതാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയ്ക്ക്, നേരത്തെ പറ്റിയിരുന്ന ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കും തത്തുല്യമായി ഏതാണ്ട് 75000ത്തോളം രൂപയാണ് ഇയാള്‍ക്ക് ലഭിക്കുന്നത്. രേഖകള്‍ പ്രകാരം സിദ്ദിഖ് പ്രതിപക്ഷ നേതാവിന്റെ തിരുവനന്തപുരത്തെ ഓഫീസിലാണ് ജോലി ചെയ്യുന്നത്.

പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്തുള്ള ദിവസങ്ങളില്‍ സിദ്ദിഖ് അദ്ദേഹത്തിന്റെ ഓഫീസിലോ സഭാ പരിസരത്തോ ഉണ്ടാകണം എന്നാണ് നിബന്ധന. എന്നാല്‍ രമേശ് ചെന്നിത്തല തിരുവനന്തപുരത്തുള്ള സമയങ്ങളിലെല്ലാം സിദ്ദിഖുള്ളത് കോഴിക്കോട് ലീഗ് ഹൗസിലാണ്. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഡെപ്യൂട്ടേഷനിലുള്ള വ്യക്തിയെ പാര്‍ട്ടി ഓഫീസിന്റെ നടത്തിപ്പ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത് വിമര്‍ശനത്തിന് വഴിവെച്ചിരിക്കുകയാണ്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയുടെ സ്റ്റാഫിലുണ്ടായിരുന്ന സിദ്ദിഖ് ഭരണം മാറിയപ്പോഴും ഡെപ്യൂട്ടേഷനില്‍ തുടരുകയായിരുന്നു.പ്രതിപക്ഷ നേതാവിന്റെ മാത്രമല്ല, സംസ്ഥാനത്തെ പല മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ടവരും ഇത്തരത്തില്‍ പാര്‍ട്ടി ഓഫീസുകളില്‍ ജോലി ചെയ്യുന്നുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button