CinemaLatest News

ജൂറി വിഭാഗത്തില്‍ 4 ചിത്രങ്ങള്‍ : ‘ഡാര്‍ക്ക് ഈസ് ദ നൈറ്റ്’ ന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം

തിരുവനന്തപുരം•ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷക പ്രശംസ നേടിയ ‘ഡാര്‍ക്ക് ഈസ് ദ നൈറ്റ്’ ഉള്‍പ്പെടെ 4 ചിത്രങ്ങള്‍ ജൂറി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാകും മേളയില്‍ നടക്കുക. ‘മുഹമ്മദ്: ദ മെസ്സെജര്‍ ഓഫ് ഗോഡ്’, ‘ഹൈവേ’, ‘വടചെന്നൈ’ എന്നിവയാണ് പ്രദര്‍ശനത്തിനെത്തുന്ന മറ്റ് ജൂറി ചിത്രങ്ങള്‍.

12 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ 30ല്‍ പരം ചിത്രങ്ങളൊരുക്കിയ അഡോള്‍ഫോ അലിക്‌സ് ജൂനിയറിന്റെ പുതിയ ചിത്രമാണ് ‘ഡാര്‍ക്ക് ഈസ് ദ നൈറ്റ്’. ലഹരി മാഫിയ പിടിമുറുക്കിയ ഫിലിപ്പൈന്‍സിന്റെ നിത്യജീവിത യാഥാര്‍ഥ്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഏകപക്ഷീയമായ അടിച്ചമര്‍ത്തലുകള്‍ കൊണ്ട് വിജയിപ്പിക്കാനാകുന്നതല്ല ലഹരി വിരുദ്ധ പോരാട്ടം എന്ന ഓര്‍മപ്പെടുത്തലാണ് ഈ ചിത്രം. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ‘ഡോണ്‍സോള്‍’ ഫിലിപ്പൈന്‍സില്‍ നിന്നും മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ നാമനിര്‍ദേശം നേടുകയും ‘ഡെത്ത് മാര്‍ച്ച്’, ‘മനില’ എന്നീ ചിത്രങ്ങള്‍ കാന്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

രാജ്യാന്തര മേളകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ‘ചില്‍ഡ്രന്‍ ഓഫ് ഹെവന്‍’, ‘ദ കളര്‍ ഓഫ് പാരഡൈസ്’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ മജീദ് മജീദിയാണ് ജൂറി ചെയര്‍മാന്‍. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ബാല്യകാലം ആവിഷ്‌കരിക്കുന്ന മജീദി ചിത്രം ‘മുഹമ്മദ്: ദ മെസ്സെജര്‍ ഓഫ് ഗോഡ്’ ഇറാനിയന്‍ സിനിമാ ചരിത്രത്തില്‍ ഏറ്റവും വലിയ മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രമാണ്. മുംബൈ-പൂനെ എക്‌സ്പ്രസ്സ് വേ പശ്ചാത്തലമായ റോഡ് മൂവി ആണ് ഉമേഷ് കുല്‍ക്കര്‍ണിയുടെ മറാത്തി ചിത്രം ‘ഹൈവേ’ .ദേശീയ പുരസ്‌കാരം നേടിയ ‘ദിയൂള്‍’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ സംവിധായകനായ ഉമേഷ് കുല്‍ക്കര്‍ണി വളരുന്ന മറാത്തി സിനിമയുടെ കരുത്തുറ്റ മുഖമാണ്. വെട്രിമാരന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘വടചെന്നൈ’.

shortlink

Related Articles

Post Your Comments

Related Articles


Back to top button