പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്ക് സസ്പെന്‍ഷന്‍ കിട്ടിയതില്‍ പ്രതികരണവുമായി പരാതിക്കാരിയായ പെണ്‍കുട്ടി. ലൈംഗിക അതിക്രമ പരാതിയില്‍ പാര്‍ട്ടി സ്വീകരിച്ച നടപടിയില്‍ തൃപ്തിയുണ്ടെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും തുടര്‍നടപടികളിലേക്ക് ഇല്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി. പാര്‍ട്ടിയില്‍ വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസം പാര്‍ട്ടി കാത്തു. അതിന് പാര്‍ട്ടിയോട് നന്ദിയും സ്‌നേഹവും ഉണ്ടെന്നും പെണ്‍കുട്ടി പ്രതികരിച്ചു.
ആറുമാസത്തേക്ക് പി.കെ ശശിയുടെ പ്രാഥമിക അംഗത്വം സിപിഐഎം പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഡിവൈഎഫ് വനിതാ നേതാവ് ഉന്നയിച്ച ലൈംഗിക പീഡന പരാതിയിലാണ് പാര്‍ട്ടി നടപടിയെടുത്തത്. ഇന്നു ചേര്‍ന്ന സംസ്ഥാനകമ്മിറ്റിയിലാണ് തീരുമാനം ഉണ്ടായത്. വനിതാ നേതാവിന്റെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അതേസമയം ശശിക്കെതിരെ കടുത്ത അച്ചടക്ക നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കു കത്തു നല്‍കിയിരുന്നു.
ഡിവൈഎഫ്ഐ വനിതാ നേതാവിനോട് ഫോണിലൂടെ മോശമായി പെരുമാറിയതിനാണ് പി.കെ. ശശി എംഎല്‍എയ്ക്കെതിരേ നടപടിയെടുത്തതെന്ന് പി.കെ. ശ്രീമതി എംപി പറഞ്ഞു. ശശിയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. പാര്‍ട്ടി പ്രവര്‍ത്തകയോട് പാര്‍ട്ടി നേതാവിന് യോജിക്കാത്ത വിധം സംഭാഷണം നടത്തിയെന്നാണ് ശശിക്കെതിരായ കുറ്റം. ഈ തീരുമാനം കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായി നടപ്പാക്കുമെന്നും പാര്‍ട്ടി പത്രക്കുറിപ്പില്‍ അറിയിച്ചിട്ടിണ്ട്.
Post Your Comments