കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോകാനാവില്ലെന്ന് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍. തൃപ്തിയെയും സംഘത്തെയും കൊണ്ടുപോകാന്‍ വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്സി ഡ്രൈവര്‍മാര്‍ നേരത്തെ തന്നെ വിസമ്മതം അറിയിച്ചിരുന്നു. പുറത്തിങ്ങാനാവാതെ വന്നപ്പോള്‍ വിമാനത്താവളത്തിലെ പ്രീ പെയ്ഡ് ടാക്സി വിട്ടുതരണമെന്ന് തൃപ്തി ദേശായി പൊലീസിനോട് ആവശ്യപ്പെട്ടു. പൊലീസ് ഇതിന് ശ്രമിച്ചെങ്കിലും ഡ്രൈവര്‍മാര്‍ തയ്യാറായില്ല.
ഇതിനിടെ പുലര്‍ച്ചെ നൂറോളം വരുന്ന ബിജെപിക്കാരാണ് പ്രതിഷേധവുമായി എത്തിയത് എങ്കില്‍ ഏഴ് മണിയോടെ പ്രതിഷേധക്കാരുടെ എണ്ണം ഇരട്ടിച്ചു.പൊലീസ് വാഹനത്തിലോ, പൊലീസ് ഒരുക്കി നല്കുന്ന മറ്റ് വാഹനങ്ങളിലോ തൃപ്തിയെ വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് പോകാന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ഇപ്പോഴും സ്ത്രീകള്‍ അടക്കമുള്ള നൂറുകണക്കിന് പേര് പ്രതിഷേധിക്കുകയാണ്. തൃപ്തി ദേശായിയെ കൊണ്ടുപോകില്ലെന്ന് വിമാനത്താവളത്തിലെ ടാക്സി ഡ്രൈവര്‍മാര്‍ വ്യക്തമാക്കി.
ജീവന് ഭീഷണിയുണ്ടെന്നാണ് ഇതിന് കാരണമായി ടാക്സി ഡ്രൈവര്‍മാര്‍ പറയുന്നത്. ഓണ്‍ലൈന്‍ ടാക്സി വിളിക്കാന്‍ ശ്രമം നടന്നുവെങ്കിലും അതും ഇതുവരെ ഫലം കണ്ടിട്ടില്ല. വിമാനത്താവളത്തിലെ വലിയ ജനക്കൂട്ടത്തിന്റെ പ്രതിഷേധം കണ്ട് എത്തിയ ടാക്സികള്‍ മടങ്ങി പോവുകയാണ്. നാല് ഓണ്‍ലൈന്‍ ടാക്സികളാണ് വിമാനത്താവളത്തില്‍ എത്തിയത്. പ്രതിഷേധക്കാര്‍ക്ക് നേരെ ബലപ്രയോഗം സ്വീകരിക്കേണ്ടെന്ന സമീപനമാണ് പൊലീസ് ഇപ്പോള്‍ സ്വീകരിക്കുന്നത്.
പൊലീസ് വാഹനത്തില്‍ തൃപ്തിയെ പുറത്തു കടത്തുവാന്‍ ശ്രമിച്ചാല്‍ അത് കഴിഞ്ഞ തവണത്തേതിന് സമാനമായി പൊലീസിന് നേര്‍ക്ക് വിമര്‍ശനം കൊണ്ടുവരുമെന്നും പൊലീസ് കണക്കു കൂട്ടുന്നു.പുലര്‍ച്ചെ 4.45ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്ക് മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷവും പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. വിമാനത്താവളത്തില്‍ നിന്ന് പോകാനായി ഇവര്‍ വാഹനം സജ്ജീകരിച്ചിരുന്നില്ല. തനിക്കും ഒപ്പമുള്ള അഞ്ച് സ്ത്രീകള്‍ക്കും താമസവും യാത്രയും അടക്കമുള്ള സംവിധാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണമെന്ന് ഇവര്‍ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നെങ്കിലും പൊലീസ് ഇത് തള്ളിയിരുന്നു.
Post Your Comments