കാൻബറ: ലൈംഗിക ചൂഷണം നേരിട്ട കുട്ടികളോട് മാപ്പപേക്ഷിച്ച് പ്രധാനമന്ത്രി. ‘ഇന്ന്, ഒടുവിൽ നമ്മൾ നമ്മുടെ കുട്ടികളുടെ നിശബ്ദമാക്കപ്പെട്ട നിലവിളികളെ അഭിമുഖീകരിക്കുന്നു, കുറ്റബോധത്തോടെ അംഗീകരിക്കുന്നു. പരിത്യക്തരായ അവർക്കു മുന്നിൽ ശിരസ്സു കുനിച്ച്, നമുക്കവരോടു മാപ്പു ചോദിക്കാം’ – ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ തിങ്കളാഴ്ച രാവിലെ പാർലമെന്റിൽ നടത്തിയ മാപ്പപേക്ഷ കേൾക്കാനും അതിനോടു കൈകൾ ചേർക്കാനും ആയിരങ്ങളാണ് എത്തിയത്.
ഓസ്ട്രേലിയയിൽ ലൈംഗികചൂഷണത്തിനും പീഡനത്തിനും ഇരയായ കുട്ടികളോട് രാജ്യത്തിന്റെ പേരിൽ ഓസീസ് പ്രധാനമന്ത്രി മാപ്പു ചോദിച്ചത് ചരിത്രമായി.
ഏറെ ദശകങ്ങളായി രാജ്യത്തു ലൈംഗിക ചൂഷണത്തിന് ഇരയായ പതിനായിരക്കണക്കിനു കുട്ടികളുണ്ടെന്നാണ് കണക്ക്. പള്ളികളും സ്കൂളുകളും സ്പോർട്സ് ക്ലബ്ബുകളുമടക്കമുള്ള സ്ഥാപനങ്ങളിൽ ചൂഷണത്തിന് ഇരകളായ 8000 ലേറെ കുട്ടികളുടെ മൊഴിയെടുത്തു നടത്തിയ അന്വേഷണം കഴിഞ്ഞ ഡിസംബറിലാണ് അവസാനിച്ചത്.
പ്രധാനമന്ത്രിയുടെ മാപ്പുപറച്ചിൽ പ്രസംഗം വികാരനിർഭരമായിരുന്നു .‘എന്തുകൊണ്ടാണ് നമ്മൾ ആ കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും കരച്ചിൽ ഇതുവരെ അവഗണിച്ചത്? എന്തുകൊണ്ടാണ് നമ്മുടെ നീതിവ്യവസ്ഥ അനീതിക്കെതിരെ കണ്ണടച്ചത്? എന്തുകൊണ്ടാണ് പ്രതികരിക്കാൻ നാമിത്ര വൈകിയത്? ഒരു ഇര എന്നോടു പറഞ്ഞു, വിദേശിയായൊരു ശത്രുവല്ല ഇതു ചെയ്തത്.
ഓസ്ട്രേലിയക്കാരോട് ഇതു ചെയ്തത് ഓസ്ട്രേലിയക്കാർതന്നെയാണ്. നമുക്കിടയിലുള്ള ശത്രുക്കൾ.’ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനുശേഷം പാർലമെന്റ് അംഗങ്ങൾ ഒരു മിനിറ്റ് എഴുന്നേറ്റുനിന്ന് നടപടിക്കു പിന്തുണയറിയിച്ചു.
Post Your Comments