കണ്ണൂര്‍: ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കേരളത്തിലെ എംഎല്‍എമാര്‍ നടത്തിയ വിദേശയാത്രകളെക്കുറിച്ച് കേന്ദ്രഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.എംഎല്‍എമാരും മന്ത്രിമാരും വിദേശയാത്ര നടത്തും മുമ്പ് കേന്ദ്രാനുമതി വാങ്ങേണ്ടതാണ്. പക്ഷെ കേരളത്തിലെ എംഎല്‍എമാര്‍ ഇത് ലംഘിച്ചാണ് ഇതുവരെ വിദേശയാത്ര നടത്തിയത്. പൊളിറ്റിക്കല്‍ ക്ലിയറന്‍സ് വാങ്ങണമെന്നറിയാതെയല്ല ഈ വിദേശ യാത്രകള്‍.
എംഎല്‍എമാര്‍ക്ക് വിദേശത്ത് ആതിഥ്യമരുളിയ വ്യക്തികളെക്കുറിച്ചും സംഘടനകളെക്കുറിച്ചും വിദേശകാര്യ വകുപ്പ് അന്വേഷണം നടത്തിയിട്ടുണ്ട്. അതില്‍ ചില കള്ളക്കടത്തുകാരും കള്ളപ്പണക്കാരുമുണ്ട്. ഇതില്‍ ചിലര്‍ തീവ്രവാദ ബന്ധമുള്ളവരാണ്. കേരളത്തിലെ എംഎല്‍എമാര്‍ വിദേശയാത്ര നടത്തുന്ന സമയത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വ്യക്തികളും സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നു. ഇത് സംബന്ധിച്ച് 2018 ആഗസ്റ്റ് മാസം കേന്ദ്രസര്‍ക്കാര്‍ കേരള സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തില്‍ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചിട്ടുണ്ട്.
തുടര്‍ന്ന് സ്പീക്കര്‍ 2018 സപ്തംബര്‍ 14 ന് എല്ലാ എംഎല്‍എമാര്‍ക്കും കത്തെഴുതിയിട്ടുണ്ട്. പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ഇല്ലാതെ കേരളത്തിലെ എംഎല്‍എമാര്‍ കേരളത്തിലെ എംഎല്‍എമാര്‍ വിദേശ യാത്രനടത്തിയതായി ഈ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാപ്പര്‍ഹിക്കുന്ന തെറ്റല്ല പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ലഭിക്കാതെ വിദേശത്ത് പോയവര്‍ ചെയ്തത്. അതിനാല്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണം.
വിദേശയാത്രയായത് കൊണ്ട് കേരളത്തിലെ ഏജന്‍സികള്‍ക്ക് അന്വേഷണത്തിന് പരിധിയുണ്ട്. കണ്ണൂര്‍ ജില്ലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ചുവപ്പ് ഭീകരര്‍ ജിഹാദികളില്‍ നിന്ന് ഫണ്ട് സ്വീകരിക്കുന്നുണ്ട്. എംഎല്‍എമാരുടെ യാത്രയ്ക്ക് പിന്നില്‍ ഇത്തരം ബന്ധങ്ങളുള്ളതായി സംശയിക്കുന്നതായും കൃഷ്ണദാസ് പറഞ്ഞു.
Post Your Comments