മനാമ: ലുബാന്‍ ചുഴലിക്കാറ്റ് കരയോടടുക്കുന്നു. ഇതുമൂലം ഒമാനിലെ ദോഫര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളിലും യെമനിലും ശനിയാഴ്ച മുതല്‍ കനത്ത മഴയും കാറ്റുമുണ്ടാകുമെന്ന് ഒമാന്‍ കാലാവസ്ഥ വിഭാഗം അറിയിച്ചു. ദോഫര്‍, യെമന്‍ തീരങ്ങള്‍ ലക്ഷ്യമാക്കി പടിഞ്ഞാറ്, വടക്കു പടിഞ്ഞാറന്‍ ദിശയിലാണ് ലുബാന്റെ സഞ്ചാരം. ദോഫര്‍ ഗവര്‍ണറേറ്റനു 290 കിലോ മീറ്റര്‍ അകലെ അറബിക്കടലില്‍ തെക്കുകിഴക്കായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. കാറ്റഗറി ഒന്നില്‍ ഉള്ള ചുഴലി അടുത്ത 48 മണിക്കൂറില്‍ കാറ്റ് കൂടുതല്‍ വേഗം കൈവരിച്ച കാറ്റഗറി രണ്ടിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ പബ്ലിക് അതോറിറ്റി അറിയിച്ചു.
നാഷണല്‍ മള്‍ട്ടി ഹസാര്‍ഡ് ഏര്‍ളി വാണിംഗ് സെന്ററിന്റെ വ്യാഴാഴ്ച വൈകീട്ടുള്ള കാലാവസ്ഥ ചാര്‍ട്ടുകളും ഉപഗ്രഹ ചിത്രങ്ങളും പ്രകാരം ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള പ്രത്യാഘാതം ശനിയാഴ്ച മുതലാണ് അനുഭവപ്പെടുക. കാറ്റിനും മഴക്കുമൊപ്പം തിരമാലകള്‍ ആറു മുതല്‍ എട്ടു മീറ്റര്‍ വരെ ഉയര്‍ന്നേക്കുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
Post Your Comments