അഹിംസാമാര്‍ഗത്തിലൂടെയാണ് ഗാന്ധിജി നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയത്. ഗാന്ധിജിയുടെ ജീവിതത്തിൽ നിന്നും നമ്മൾ ഉൾക്കൊള്ളേണ്ട പാഠങ്ങൾ നിരവധിയാണ്. എല്ലാ മതങ്ങളും ഒരേയൊരു ഈശ്വരനില്‍നിന്നാണ് ആവിര്‍ഭവിക്കുന്നതെന്നായിരുന്നു ഗാന്ധിജിയുടെ നിലപാട്. ഒരേലക്ഷ്യത്തില്‍ ചെന്നുചേരേണ്ട വ്യത്യസ്ത പാതകളാണ് വിവിധ മതങ്ങളെന്ന് നാം മനസിലാക്കണം. ”മറ്റു മതങ്ങളുടെ വേദഗ്രന്ഥങ്ങളെ വിമര്‍ശിക്കുകയോ അവയിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയോ ചെയ്യേണ്ടത് എന്റെ നിയോഗമല്ല. എന്നാല്‍ പ്രസ്തുത ഗ്രന്ഥങ്ങളിലുള്ള സത്യത്തെ പ്രഘോഷിക്കുകയും പ്രയോഗിക്കുകയും ചെയ്യേണ്ടത് എന്റെ സവിശേഷ അവകാശമാണ്. അഥവാ, ആയിരിക്കണം.” എല്ലാ മതാനുയായികളും ഈയൊരു സമീപനമായിരിക്കണം സ്വീകരിക്കേണ്ടതെന്നാണ് ഗാന്ധിജി വ്യക്തമാക്കുന്നത്.
കോട്ടും സ്യൂട്ടും ധരിച്ചിരുന്ന അദ്ദേഹം ഓരോ ഘട്ടങ്ങളിലും ആഡംബരവസ്ത്രങ്ങളും ജീവിതരീതികളും ഒന്നൊന്നായി ഉപേക്ഷിക്കുകയായിരുന്നു. കുപ്പായമിടാതെ നടക്കുന്ന ഗാന്ധിജിയെ പരിഹസിച്ച കുട്ടിയോട് ഇന്ത്യയിലെ നാല്പതുകോടി ജനങ്ങളും കുപ്പായമിടുമ്പോള്‍ മാത്രമേ താനിനി കുപ്പായമിടുകയുള്ളൂവെന്നാണ് അദ്ദേഹം പറഞ്ഞത്. ഒറ്റവസ്ത്രം മാത്രമുള്ള ഒരു സ്ത്രീ പുഴയില്‍ അതിന്റെ ഒരറ്റം അരയില്‍ നിന്നൂരി മറ്റേയറ്റം അലക്കുന്നതു കണ്ട ഗാന്ധിജി മനസ്സലിഞ്ഞ് തന്റെ തലപ്പാവ് ഊരിയെടുത്ത് നൽകിയതും അദ്ദേഹത്തിന്റെ ജീവിതത്തിലെ അനര്‍ഘനിമിഷങ്ങളിലൊന്നായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
Post Your Comments