ന്യൂഡല്‍ഹി•നോട്ട് നിരോധനം രാജ്യത്തെ വമ്പന്‍ വ്യവസായികളെ സഹായിക്കാന്‍ പൗരന്മാര്ക്ക് നേര്‍ക്കു നടത്തിയ ആസൂത്രിത ആക്രമണമായിരുന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനം സര്‍ക്കാരിനു സംഭവിച്ച പിഴവായിരുന്നില്ലെന്നും വലിയ അഴിമതിയാണെന്നും രാഹുല്‍ ആരോപിച്ചു.
ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയുമെന്നാണ് കരുതുന്നതെന്നും രാഹുല്‍ പറഞ്ഞു. ഈ പിഴവിന് നിങ്ങള്‍ മാപ്പ് പറയണം. മോദി കരുതികൂട്ടി നടത്തിയതാണ് നോട്ട് റദ്ദാക്കല്‍. ഇത് സാധാരണക്കാരെ ഇല്ലാതാക്കിയെന്നും രാഹുല്‍ പറഞ്ഞു.
READ ALSO: നോട്ട് നിരോധനത്തിന് പിന്തുണ; വിശദീകരണവുമായി വി ടി ബൽറാം
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥിയില്‍ പരിഹരിക്കാന്‍ കഴിയാത്ത ക്ഷതമാണ് നോട്ട് നിരോധനം വരുത്തിയത്. ഇതിന് പ്രധാനമന്ത്രി സാധാരണക്കാരോട് ഉത്തരം പറയണം. സാധാരണക്കാരുടെ പോക്കറ്റില്നിന്നും പണമെല്ലാം എടുത്ത് മോദി ചങ്ങാത്ത മുതലാളിമാരുടെ കീശയില്‍ നിറച്ചെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
നോട്ട് നിരോധനത്തിലൂടെ മോദിയുടെ സുഹൃത്തുക്കളെല്ലാം കള്ളപ്പണം വെളുപ്പിച്ചെടുത്തു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ ഗുജറാത്തിലെ സഹകരണ ബാങ്ക് നോട്ട് നിരോധനത്തിന്റെ ആഴ്ചയില്‍ 700 കോടി രൂപയാണ് കൈമാറ്റം ചെയ്തത്. ഇതൊരു പിഴവല്ല. വലിയൊരു അഴിമതിയാണെന്നും രാഹുല്‍ ആരോപിച്ചു. പതിനഞ്ചോ ഇരുപതോ ചങ്ങാത്ത മുതലാളിമാരെ സഹായിക്കാനായിരുന്നു ഇത്. വലിയ പണക്കാരും അഴിമതിക്കാരും അവരുടെ കള്ളപ്പണം ഇതിലൂടെ വെളുപ്പിച്ചുവെന്നും രാഹുല്‍ പറഞ്ഞു.
നോട്ട് നിരോധനത്തിലൂടെ 15,31,073 കോടി രൂപയുടെ കറന്‍സി നോട്ടുകള്‍ തിരികെ റിസര്‍വ് ബാങ്കില്‍ എത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് രാഹുലിന്റെ ആക്രമണം.
റദ്ദാക്കിയ കറന്‍സിയില്‍ തിരികെയെത്താത്തത് 10,720 കോടി രൂപയുടെ കറന്‍സി മാത്രമാണെന്നാണ് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര് ബിഐ) പുറത്തുവിട്ട 2017-18 വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നത്. 500 രൂപയുടെയും 1000 രൂപയുടെയും കറന്‍സികള്‍ റദ്ദാക്കുന്നതായി 2016 നവംബര്‍ എട്ടിനു രാത്രി എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.
Post Your Comments