KeralaLatest News

ദുരന്തം വിതച്ച് മഴയുടെ താണ്ഡവം

പമ്പാതീരത്ത് ഭക്ഷണവും വെള്ളവുമില്ലാതെ ആയിരങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്തം വിതച്ച് മഴ താണ്ഡവമാടുകയാണ്. ചൊവ്വാഴ്ച രാത്രിയില്‍ ആരംഭിച്ച മഴയ്ക്ക് ബുധനാഴ്ച വൈകിയിട്ടും ശമനമായില്ല. പമ്പയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ റാന്നി മുതല്‍ ആറന്മുള വരെ നദിയുടെ തീരത്ത് താമസിക്കുന്ന ആയിരങ്ങള്‍ രാവിലെ മുതല്‍ ഭക്ഷണം പോലുമില്ലാതെ കെട്ടിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു. തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വൈകുന്നേരത്തോടെ ഇവര്‍ മാദ്ധ്യമങ്ങളെയും അധികൃതരെയും ബന്ധപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. രാവിലെ മുതല്‍ ഭക്ഷണമില്ലാതെ കഴിയുന്നതിനാല്‍ വൃദ്ധരും കുട്ടികളും ഉള്‍പ്പെടെയുള്ളവരില്‍ ഏറെയും അവശരാണെന്നാണ് വിവരം. അപകട സാധ്യത കണക്കിലെടുത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് ഇവിടേക്കുള്ള വാര്‍ത്താ വിനിമയ ബന്ധവും തകരാറിലായിട്ടുണ്ട്. ഇതോടെ ഇവിടെ കുടുങ്ങിക്കിടക്കുന്നവരെ ബന്ധപ്പെടാനും കഴിയാതെയായി.

Read Also : മഴക്കെടുതി : സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരം : മരണം 67 ആയി

പമ്പയിലെ അന്നദാന കെട്ടിടത്തില്‍ 13 പേര്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. പത്തനംതിട്ട ജില്ലയിലെ മിക്കയിടങ്ങളില്‍ നിന്നും ആളുകള്‍ സഹായമഭ്യര്‍ത്ഥിക്കുന്നുണ്ട്. മിക്ക വീടുകളുടെയും രണ്ടാം നിലയിലേക്ക് വെള്ളം കയറുന്ന അവസ്ഥയാണ്. ആറന്മുള പൊലീസ് സ്റ്റേഷനിലേക്കും വെള്ളം കയറിയെന്നാണ് വിവരം. ഇവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനാവാത്തതും നദിയില്‍ അനിയന്ത്രിതമായി ജലനിരപ്പ് ഉയരുന്നതും ശമനമില്ലാതെ മഴ പെയ്യുന്നതും ദുരിതം ഇരട്ടിയാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button