തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. നാളെ മുതല്‍ മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്നും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ ഉരുള്‍പൊട്ടി വ്യാപക കൃഷിനാശമുണ്ടായി.
അതേസമയം വയനാട്ടില്‍ ഇപ്പോഴും കനത്ത മഴ തുടരുന്നു. ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നതോടെ മേഖലയില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട്ടിലേക്ക് നാവിക സേനയുടെ ഒരു സംഘത്തെയും അയച്ചു. കോഴിക്കോട്ട് തിരുവമ്പാടി മറിപ്പുഴയില്‍ ഉരുള്‍പൊട്ടി താല്‍ക്കാലിക നടപ്പാലം ഒഴുകിപ്പോയി. ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞു. പാലക്കാട് ജില്ലയില്‍ മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ മൈലാടിപ്പാറയില്‍ ഉരുള്‍പൊട്ടി. അണക്കെട്ടിലെ നാലു ഷട്ടറുകളും തുറന്നു.
Also Read : കനത്ത മഴ: മൂന്നു ജില്ലകളിൽ വീണ്ടും ഉരുൾപൊട്ടൽ
കണ്ണൂരിലും മലയോരത്ത് ശക്തമായ മഴ തുടരുകയാണ്. അയ്യന്‍കുന്ന് പഞ്ചായത്തിലെ ഏഴാംകടവില്‍ രണ്ടു നടപ്പാലങ്ങള്‍ ഒഴുകിപ്പോയതിനെത്തുടര്‍ന്ന് 20 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പന്തീരായിരമേക്കര്‍ മലവാരത്തില്‍ മൂലേപ്പാടം പത്താം ബ്ലോക്കിലും ആഢ്യന്‍പാറയ്ക്കു മീതെ വെള്ളരിമലയിലും ഉരുള്‍പൊട്ടി. ആഢ്യന്‍പാറയുടെ സമീപം കഴിഞ്ഞ ബുധനാഴ്ചയും ഉരുള്‍പൊട്ടിയിരുന്നു. മാട്ടുപ്പെട്ടി അണക്കെട്ടു തുറക്കുന്നതും കനത്ത മഴയും പരിഗണിച്ച് മുന്‍കരുതലായി മൂന്നാറിലേക്കു ദുരന്തനിവാരണ സേനയുടെ സംഘത്തെ അയച്ചു.
Post Your Comments