ചിങ്ങമാസത്തിലെ അത്തംനാള്‍ മുതല്‍ തിരുവോണം വരെയുള്ള പത്തുദിവസങ്ങളില്‍ വീട്ടുമുറ്റത്ത് ഒരുക്കുന്ന പുഷ്പാലങ്കാരമാണ് അത്തപ്പൂവ്. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളില്‍ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളില്‍ വിവിധതരം പൂക്കള്‍ ഉപയോഗിക്കുന്നു. ആദ്യത്തെ ദിവസമായ അത്തംനാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകള്‍ മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു.
ചോതിനാള്‍ മുതല്‍ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തില്‍ സ്ഥാനമുള്ളൂ. ഉത്രാടത്തിന്‍നാളിലാണ് പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുന്നത്. മൂലം നാളീല്‍ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്. എന്നാല്‍ ചിലയിടങ്ങളില്‍ ഒരു നിറത്തിലുള്ള പൂവില്‍ തുടങ്ങി 10-ആം ദിവസം പത്തു നിറങ്ങളിലുള്ള പൂക്കള്‍കൊണ്ട് പൂക്കളം ഒരുക്കുന്നു. ചാണകം മെഴുകിയ വെറും നിലം കൂടാതെ, മണ്ണുകൊണ്ട് നിര്‍മിച്ച ചാണകം മെഴുകിയ ചെറുമണ്ഡപവും പൂവിടുന്നതിന് ഉപയോഗിക്കുന്നുണ്ട്.
തനി നാട്ടുപൂക്കളായ മുക്കുറ്റിയും തുമ്പയും കാക്കപൂവും ചേര്‍ന്ന പൂക്കളം വെറും ഓണാലങ്കാരമല്ല. നാടിന്റെ ജൈവവൈവിധ്യത്തെ സൂചിപ്പിക്കുന്നതാണത്. മനുഷ്യന്‍ പ്രകൃതിയോടിണങ്ങി കഴിയുന്നുവെന്നതിന്റെ തെളിവ്. ചിങ്ങത്തിലെ പ്രസന്നമായ കാലാവസ്ഥയിലാണ് ശാരദപൂവ്, ശംഖ് പുഷ്പം, തൊട്ടാവാടിപ്പൂ, വേലിചെടിപ്പൂവ് എന്നിവയൊക്കെ തൊടിയില്‍ സമൃദ്ധമായി നിറയേണ്ടത്.
ഈ നാട്ടുപൂക്കളൊക്കെ ഒഴിഞ്ഞുപോയെന്ന് മാത്രമല്ല എവിടെയെങ്കിലുമുണ്ടെങ്കില്‍ തന്നെ പൂക്കളത്തില്‍ ഇടംപിടിക്കാറുമില്ല. നാട്ടുപൂക്കളുടെ സാന്നിധ്യം പൂമ്പാറ്റകളെയും വണ്ടുകളെയും പക്ഷികളെയും ആകര്‍ഷിക്കാറുണ്ട്. മഴക്കാറൊഴിഞ്ഞ പ്രസന്നമായ കാലാവസ്ഥയും പൂക്കളും പക്ഷികളും ചേര്‍ന്ന് രൂപപ്പെടുത്തുന്ന അന്തരീക്ഷവും ചിങ്ങമാസത്തിന്റെ മാത്രം പ്രത്യേകതകളാണ്.
Post Your Comments