തിരുവനന്തപുരം•പെരിയാറിന്റെ തീരത്ത് താമസിക്കുന്ന 6500 കുടുംബങ്ങളെ മാറ്റേണ്ടി വരുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പെരുമ്പാവൂര്‍ മുതലുള്ളവരെ മാറ്റേണ്ടിവരും. വൈകുന്നേരത്തോടെ നടപടി പൂര്‍ത്തിയാകും. ആലുവയില്‍ 2013ലേതിനു സമാനമായ പ്രളയ സാഹചര്യമാണുള്ളത്. ഇതനുസരിച്ചുള്ള മുന്‍കരുതല്‍ ജില്ലാ കളക്ടര്‍ സ്വീകരിക്കും. ഗുണ്ടൂര്‍, ആരക്കോണം എന്നിവിടങ്ങളില്‍ നിന്ന് എന്‍. ഡി. ആര്. എഫിന്റെ നാലു സംഘം കൂടി എറണാകുളത്ത് എത്തും. നിലവില്‍ ഇവരുടെ പത്ത് ടീം കേരളത്തിലുണ്ട്. എറണാകുളം ജില്ലയില്‍ ജലവിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും.
എറണാകുളം ജില്ലയില്‍ ഉച്ചയ്ക്ക് ഒരു മണി വരെയുള്ള കണക്കനുസരിച്ച് 64 ക്യാമ്പുകളുണ്ട്. 2751 കുടുംബങ്ങളിലെ 9417 ആളുകള്‍ ഇവിടങ്ങളില്‍ കഴിയുന്നു. കൂടുതല്‍ പേരെ ഒഴിപ്പിക്കുന്നതോടെ 210 ക്യാമ്പുകള്‍ തുറക്കേണ്ടി വരും. 7500 കുടുംബങ്ങളില്‍ നിന്നുള്ള 25,000 പേര് ക്യാമ്പുകളിലെത്തുമെന്നാണ് കരുതുന്നത്. കര്‍ക്കിടക വാവിന് ആലുവയില്‍ അതീവ ജാഗ്രത വേണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വയനാട്ടില്‍ 107 ഉം തൃശൂരില്‍ 130 ഉം പാലക്കാട് 118 ഉം ആലപ്പുഴയില്‍ 15 ഉം കോഴിക്കോട് 14 ഉം ഇടുക്കിയില്‍ പത്തും മലപ്പുറത്ത് 12ഉം ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ഇടുക്കി ജില്ലയിലേക്കുള്ള യാത്ര വിനോദസഞ്ചാരികള്‍ ഒഴിവാക്കണം. ഇടുക്കിയിലും എറണാകുളത്തും അതീവ ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. കടലിലെ വേലിയേറ്റത്തെ അനുസരിച്ചാവും പെരിയാറിലെ വെള്ളം ഒഴുകിമാറുന്നത്. വീടുകളില്‍ നിന്ന് ജനങ്ങള്‍ കഴിയുന്നത്ര പുറത്തിറങ്ങരുത്. പാലങ്ങളില്‍ മറ്റു നിന്ന് ഫോട്ടോ എടുക്കുന്നതും ഒഴിവാക്കണം. ട്രാഫിക് നിയന്ത്രണം സംബന്ധിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ഡി. ജി. പി ഒരുക്കും. മണ്ണിടിച്ചില്‍ മൂലം റോഡുകളിലുണ്ടായ തടസങ്ങള്‍ മാറ്റി. കക്കി ഡാം തുറന്നതിനാല്‍ കുട്ടനാട്ടിലും വെള്ളം ഉയരുമെന്ന് കരുതുന്നു. ഇതും കടലിലെ വേലിയേറ്റത്തെ അനുസരിച്ചിരിക്കും.
നിലവില്‍ കൊച്ചി എയര്‍പോര്‍ട്ട് അടയ്ക്കേണ്ട സാഹചര്യമില്ല. അടക്കേണ്ടി വന്നാല്‍ വിമാനങ്ങള്‍ക്ക് തിരുവനന്തപുരത്ത് പകരം സംവിധാനം ഒരുക്കും. ഇതുസംബന്ധിച്ച് സിവില്‍ ഏവിയേഷന്‍ മന്ത്രാലയവുമായി സംസാരിച്ചിട്ടുണ്ട്.
ഇടുക്കി അണക്കെട്ടില്‍ വെള്ളം ഒഴുകി വരുന്നതനുസരിച്ച് പുറത്തേക്ക് ഒഴുക്കേണ്ടി വരും. അണക്കെട്ടിന്റെ സുരക്ഷയ്ക്കും ഇത് ആവശ്യമാണ്. നിലവില്‍ അഞ്ച് ഷട്ടറും തുറന്നിട്ടുണ്ട്. ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകള്‍ക്ക് ഇതനുസരിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ കാലവര്‍ഷക്കെടുതിയില്‍ 27 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിനു പുറമെ തമിഴ്നാടും കര്‍ണാടകവും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. തമിഴ്നാട് അഞ്ച് കോടിയും കര്‍ണാടകം പത്തു കോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. കെടുതികള്‍ നേരിടാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുമായി സംസാരിച്ചതായും കൂടുതല്‍ പ്രതിരോധ സേനയുടെ സഹായം വാഗ്ദാനം ചെയ്തതായും ചീഫ് സെക്രട്ടറി പറഞ്ഞു. റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യന്, പി. ആര്. ഡി ഡയറക്ടര്‍ സുഭാഷ് ടി . വി, ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.
Post Your Comments