ഗോരഖ്പൂര്‍•സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ ഏഴാം ക്ലാസുകാരിയെ ദിയോരിയ ജില്ല പോലീസ് അറസ്റ്റ്ചെയ്തു. സഹോദരന്റെ കൊലപാതകത്തില്‍ പ്രതികാരം ചെയ്യാണത്രെ പെണ്‍കുട്ടി കടുംകൈ കാണിച്ചത്.
ബങ്കത പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്കൂളിലാണ് സംഭവം. കഴിഞ്ഞദിവസം സ്കൂളില്‍ ധാന്യം പാചകം ചെയ്യുന്നതിനിടെ അതിലേക്ക് വിഷപദാര്‍ത്ഥം ഇടുകയായിരുന്നു. എന്നാല്‍ ഭക്ഷണം ആരെങ്കിലും കഴിക്കും മുന്‍പ് തന്നെ വിഷപ്രയോഗം കണ്ടെത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
സംഭവമറിഞ്ഞ് സ്കൂളിനു ചുറ്റും കൂടിയ നാട്ടുകാര്‍ പെണ്‍കുട്ടിയുടെ മാതാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.
ഇതേ സ്കൂളില്‍ മൂന്നാം ക്ലാസില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയുടെ സഹോദരന്‍ ഏപ്രില്‍ 2 ന് കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായി സ്കൂളിലെ വിദ്യാര്‍ത്ഥികളെ മുഴുവന്‍ കൊല്ലുകയായിരുന്നു പെണ്‍കുട്ടിയുടെ ലക്ഷ്യമെന്നാണ് ആരോപണം. സഹോദരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റാരോപിതനായ അഞ്ചാം ക്ലാസുകാരന്‍ ഇപ്പോള്‍ ജുവനൈല്‍ ഹോമിലാണ്.
വിഷം കലര്‍ത്തിയ കുറ്റത്തിന് പെണ്‍കുട്ടിയ്ക്കെതിരെ ഐ.പി.സി 328 വകുപ്പ് പ്രകാരം കേസെടുത്തതായി എസ്.എച്ച്.ഒ ദേവേന്ദ്ര സിംഗ് യാദവ് പറഞ്ഞു. പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് അയക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗവണ്മെന്റ് ജൂനിയര്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ എഴുതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയ്ക്കെതിരെ പോലീസ് കേസെടുത്തത്. പെണ്‍കുട്ടിയ്ക്കൊപ്പം മാതാവിനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Post Your Comments