സ്വന്തമായി ഒരു വീട് ഏതൊരു വ്യക്തിയുടെയും ആഗ്രഹമാണ്. എന്നാല്‍ ആഗ്രഹിച്ചു വീട് ഉണ്ടാക്കിയിട്ടും മനസമാധാനത്തോടെ താമസിക്കാന്‍ കഴിയുന്നില്ലെന്നു പലരും പരാതി പറയാറുണ്ട്. വാസ്തു അനുസരിച്ചു വീട് പണിതാൽ മാത്രം പോരാ അത് വേണ്ടരീതിയിൽ പരിപാലിക്കുകയും വേണം. എങ്കിൽ മാത്രമേ വാസ്തുപുരുഷന്റെ അനുഗ്രഹത്താൽ സമാധാനത്തോടുള്ള കുടുംബജീവിതം സാധ്യമാകൂ.
വീടിന്റെ നാലുമൂലകളും മധ്യഭാഗവുമാണ് എപ്പോഴും ശ്രദ്ധയോടെ പരിപാലിക്കേണ്ടതാണ്. തെക്കുകിഴക്ക് അഗ്നികോൺ അടുക്കളയ്ക്കാണ് ഏറ്റവും അനുയോജ്യം. പേര് സൂചിപ്പിക്കുന്നതുപോലെ അഗ്നിദേവന്റെ ദിക്കാണ് ഈ ഭാഗം. അതുകൊണ്ട് തന്നെ ഒരിക്കലും ഈ ഭാഗത്ത് ജലസാമീപ്യം പാടില്ല. സ്വർണ്ണം, പണം, വിലപിടിപ്പുള്ള വസ്തുക്കളൊന്നും തന്നെ ഈ ഭാഗത്തു സൂക്ഷിക്കരുത്. കൂടാതെ മരുന്നുകളും ഈ ഭാഗത്ത് വയ്ക്കാൻ പാടില്ല. വടക്കുകിഴക്ക് ഈശാനകോൺ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. വാസ്തുപുരുഷന്റെ തല വരുന്ന ഭാഗമാണിത്. ആത്മീയകാര്യങ്ങൾക്ക് ഈ ഭാഗം വിനിയോഗിക്കുന്നതാണ് ഉത്തമം. കഴിവതും ഭാരമുള്ള വസ്തുക്കൾ ഈ ഭാഗത്ത് സൂക്ഷിക്കാതിരിക്കുക. വീടിന്റെ ഈ ഭാഗത്ത് കിണർ വരുന്നതാണ് ഏറ്റവും ഉത്തമം.
തെക്കുപടിഞ്ഞാറെ ഭാഗമായ കന്നിമൂലയ്ക്കാണ് കൂടുതല്‍ പ്രാധാന്യം. സാമ്പത്തിക അഭിവൃദ്ധി തരുന്ന ദിക്കാണിത്. ഈ ഭാഗത്താണ് സ്വർണ്ണം, പണം, വിലപ്പെട്ട രേഖകൾ എന്നിവ സൂക്ഷിക്കാൻ ഉത്തമം. കിണർ, പ്രധാനവാതിൽ, ഗേറ്റ്, തൂണുകൾ, കാർപോർച്ച്, സെപ്റ്റിക് ടാങ്ക് എന്നിവ ഈ ഭാഗത്തു വരരുത്. വാസ്തു ദോഷങ്ങൾ ഒരുപരിധിവരെ കുറയ്ക്കാൻ ഈ ഭാഗത്ത് കറുക നടുന്നത് നല്ലതാണ്. ഭാരമുള്ള വസ്തുക്കൾ ഈ ഭാഗത്ത് സൂക്ഷിക്കുന്നതാണ് നന്ന്. വാസ്തുപുരുഷന്റെ കാൽഭാഗം വരുന്നത് തെക്കുകിഴക്കേമൂലയിലാണ്.
വടക്കുപടിഞ്ഞാറേ ദിക്കായ വായൂകോൺ വേണ്ടരീതിയിൽ പരിപാലിച്ചാൽ അഭിവൃദ്ധിയാണ് ഫലം. വായുദേവനാണ് ഈ ദിക്കിന്‍റെ ദേവത. ഇവിടെ മുറികൾ അധികമായി നിർമിക്കുന്നത് ഉചിതമല്ല. ഈ ദിക്കിൽ ഏതെങ്കിലുംതരത്തിലുള്ള ദോഷം സംഭവിച്ചാൽ ദാരിദ്ര്യത്തിന് കാരണമാകും എന്നാണ് വിശ്വാസം.
വീടിന്റെ മധ്യഭാഗത്തില്‍ ഭാരമുള്ള ഫർണിച്ചറുകൾ വരരുത്. വീടിന്റെ ബ്രഹ്മസ്ഥാനമായതിനാള്‍ ഇവിടം ഒഴിച്ചിടെണ്ടതാണ്ണിത്. ഈ ഭാഗത്തെ പിഴവ് കുടുംബാംഗങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.
കടപ്പാട് : അഷ്ടലക്ഷ്മി
Post Your Comments