ആലപ്പുഴ: അഭിമന്യുവിന്റെ കൊലപാതക കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരവധി നേതാക്കളാണ് ഇതിനിടെ അറസ്റ്റിലായത്. ഇക്കൂട്ടത്തില്‍ ഇന്നലെ അറസ്റ്റിലായ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സംഘടനയുടെ കായിക പരിശീലനത്തിന്റെ ചുമതലക്കാരാണ്. കുറ്റകൃത്യങ്ങള്‍ നടപ്പാക്കുന്നതിന്റെയും കായികപരിശീലനത്തിന്റെയും സംഘടനാചുമതലക്കാരാണ് ഇന്നലെ പിടിയിലായ ഷിറാസും ഷാജഹാനുമെന്നു പൊലീസ് പറയുന്നു.
ആലപ്പുഴ വടുതല സ്വദേശികളായ രണ്ട് പേരാണ് അറസ്റ്റിലായത്. പാണാവള്ളി മഠത്തില്‍പറമ്പ് ഷിറാസ് സലിം (40), വടുതല ജെട്ടി തെക്കേകരുന്നാപ്പള്ളി ഷാജഹാന്‍ (35) എന്നിവരാണു പിടിയിലായത്. ഷിറാസ് വടുതലയില്‍ മെഡിക്കല്‍ ലാബ് നടത്തിയിരുന്നു. ഈ കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് എസ്.ഡി.പി.ഐ. അരൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.
ഷിറാസിന്റെ ലാബില്‍നിന്നു മുഖ്യപ്രതി മുഹമ്മദിന്റെ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ ലഭിച്ചതായി പൊലീസ് അറിയിച്ചു. കേസിലെ മുഖ്യപ്രതിയും ക്യാമ്പസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റുമായ എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി മുഹമ്മദിന്റെ അയല്‍വാസികളാണു പിടിയിലായത്. മുഹമ്മദിനെ ഇതുവരെ പിടികൂടാനായിട്ടില്ല.
ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പൊലീസ് നടത്തിയ പരിശോധനയില്‍ സി.ഡികള്‍, ലാപ്ടോപ്പുകള്‍, ലഘുലേഖകള്‍ എന്നിവ കണ്ടെത്തി. ഇവയില്‍ പ്രകോപനപരമായ ഉള്ളടക്കമുണ്ടെന്നു പൊലീസ് പറയുന്നു. പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. കൊലപാതകത്തില്‍ നേരിട്ടുപങ്കുള്ള ആരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല.
കൊലപാതകം നടന്ന് 11 ദിവസം കഴിഞ്ഞിട്ടും പ്രധാനപ്രതികളെ പിടികൂടാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. ഇവരെല്ലാം നിരീക്ഷണത്തിലാണെന്നും രണ്ടുദിവസത്തിനുള്ളില്‍ പിടികൂടുമെന്നും പൊലീസ് പറയുന്നു.
Post Your Comments