മാറേണ്ടത് നമ്മളാണ്! നാമുള്‍പ്പെടുന്ന സമൂഹമാണ്! നമ്മുടെ ചിന്താഗതികളാണ്.! മുഖപുസ്തകത്തിലൂടെയും മറ്റു സോഷ്യല്‍ മീഡിയകളിലൂടെയും കെവിനു വേണ്ടി കരയുന്ന, മനുഷ്യാവകാശത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന, മനുഷ്യസ്‌നേഹത്തിന്റെ മഹത്വത്തെക്കുറിച്ച് വല്ലാതെ വാചാലരാവുന്ന, സഹജീവി സ്‌നേഹത്തേക്കാള്‍ ഉദാത്തമായ മറ്റൊന്നില്ല ഭൂമിയിലെന്നു വാഴ്ത്തിപ്പാടുന്ന, സര്‍വ്വോപരി മാനവികതയുടെ വക്താക്കളെന്ന അവകാശവാദം മുഴക്കുന്ന നമ്മളിലോരോരുത്തരും സ്വയമൊന്നു ആത്മപരിശോധന നടത്തിയാല്‍ മനസ്സിലാകുന്ന, ഒരിക്കലും നിഷേധിക്കാന്‍ കഴിയാത്ത ഒരു പരമാര്‍ത്ഥമുണ്ട്. അത് നമ്മിലുറച്ചു പോയ വികലമായ ജാതീയ ചിന്തകളും മലിനമായ വംശീയതയും പൊതുബോധവുമാണ്.ഈ സത്യത്തെ ഉള്‍ക്കൊണ്ടുക്കൊണ്ട് ജീവിക്കുമ്പോഴും സമൂഹത്തിനു മുന്നില്‍ അത് പരസ്യമാക്കാനാഗ്രഹമില്ലാത്തതിനാല്‍ നാം സ്വയം പ്രഖ്യാപിത ആക്റ്റിവിസ്റ്റുകളാകുന്നു. ജാതിമതിലുകള്‍ക്കെതിരെ പ്രതിഷേധിക്കു വരായി അഭിനയിച്ചു തകര്‍ക്കുന്നു.
അട്ടപ്പാടിയിലെ മധുവിനു വേണ്ടി വിലപിച്ച നമ്മളിലെത്രപേരുണ്ട് അതുപോലെ മുഷിഞ്ഞ വസ്ത്രധാരിയായ ഒരാളെ കണ്ടാല്‍ വീട്ടിലേക്ക് ആനയിക്കുന്നവരായി? ഒരുപക്ഷേ അങ്ങനൊരാളെ വിശക്കുന്നുവെന്നു പറഞ്ഞു വീടിനു മുന്നില്‍ കണ്ടാല്‍ ഗേറ്റിനു പുറത്ത് നിറുത്തി ഭക്ഷണം കൊടുത്തേക്കാം. അതല്ലാതെ വീട്ടിലേയ്ക്ക് വിളിച്ചു കയറ്റി ഊണുമുറിയിലിരുത്തി ഭക്ഷണം വിളമ്പാന്‍ നമ്മള്‍ തയ്യാറാവുമോ? ഇല്ല! കാരണം നമ്മിലുറങ്ങികിടക്കുന്ന സോഷ്യല്‍ സ്റ്റാറ്റസ് അവിടെ വില്ലനാവുന്നു.. കെവിനെ പോലൊരു പയ്യനെ മരുമകനായി അംഗീകരിക്കാന്‍ നമ്മില്‍ എത്ര പേര്‍ തയ്യാറാവും. അവിടെയും തലപൊക്കും ജാതീയമായ ഏറ്റക്കുറച്ചിലുകള്‍ക്കൊപ്പം സോഷ്യല്‍ സ്റ്റാറ്റസ്. ഈ ബോധം നമുക്കുണ്ടായത് എങ്ങനെ? കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ നമ്മള്‍ കണ്ടു ശീലിച്ചതും നമ്മെ പരിശീലിപ്പിച്ചതും അങ്ങനെയാണ്. നമ്മെ വളര്‍ത്തി വലുതാക്കിയവരും ഈ സമൂഹവുമാണ് നമ്മളെ അത് പഠിപ്പിച്ചത്.
വീട്ടില്‍ ജോലിക്ക് വരുന്ന മുതിര്‍ന്ന സ്ത്രീയെ പേരിട്ടു വിളിക്കുന്ന നമ്മളാണ് സഹജീവി സ്‌നേഹത്തെ കുറിച്ച് പറയുന്നത്. പത്രക്കാരന്‍, പാല്‍ക്കാരന്‍, തേങ്ങ വെട്ടുകാരന്‍, മീന്‍കാരി,ജോലിക്കാരി ,ഡ്രൈവര്‍ തുടങ്ങി നിത്യജീവിതത്തില്‍ പരിചിതമുളള മുഖങ്ങളെ നമ്മള്‍ അടയാളപ്പെടുത്തുന്നതിങ്ങനെയല്ലേ?സാമൂഹികവിലക്കിന്റെ ബാലപാഠങ്ങള്‍ തുടങ്ങി വയ്ക്കുന്നത് നമ്മള്‍ തന്നെയല്ലേ?ജാതി സവര്‍ണതയുടെ ഗര്‍വ്വ് നമ്മളറിഞ്ഞു തുടങ്ങുന്നത് സമൂഹത്തില്‍ നിന്നുമല്ലേ? അറിവുറയ്ക്കുന്ന പ്രായം തൊട്ടേ ജാതീയമായ, തൊഴില്‍പരമായ അടയാളപ്പെടുത്തലുകളിലൂടെ ചുറ്റുമുളളവരെ നാം തിരിച്ചറിയുന്നു. അടിമത്വത്തിന്റെയും യജമാനത്വത്തിന്റെയും തരംതിരിക്കലുകള്‍ അവിടെ തുടങ്ങുന്നുണ്ട്. അവര്‍ണനെന്നും സവര്‍ണനെന്നുമുളള വേര്‍തിരിവുകള്‍ വരയ്ക്കുന്നിടത്തുനിന്നു തുടങ്ങുന്നു മലിനമായ ജാതിബോധം.
മാറേണ്ടത് നമ്മളാണ്. പ്രബുദ്ധതയുടെ മുഖംമൂടിക്കുളളില്‍ ആരും കാണാതെ ഒളിപ്പിച്ചുവച്ച കാലുഷ്യത്തെ, കാപട്യത്തെ വലിച്ചെറിയേണ്ടത് നമ്മളാണ്. എന്റെയും നിങ്ങളുടെയും ഉളളിലെ ജീര്‍ണത മറച്ചുവച്ചിട്ട് മധുവിനും കെവിനും വേണ്ടി വിലപിക്കുമ്പോള്‍, പ്രതിഷേധിക്കുമ്പോള്‍ പടിയിറങ്ങി പോകുന്നത് സ്വന്തം ആത്മാഭിമാനമാണ്. മധുവും കെവിനുമെല്ലാം പ്രതീകങ്ങളാണ്.നാം പടുത്തുയര്‍ത്തിയ, അഹങ്കാരത്തോടെ തീറ്റിപ്പോറ്റുന്ന യജമാനത്വബോധത്തിന്റെ, സവര്‍ണവൈറസിന്റെ, ജാതീയവെറിയുടെ രക്തസാക്ഷികളാണവര്‍.. സാമൂഹികവിലക്കുകളുടെ ചങ്ങലക്കെട്ടുകളെ പൊട്ടിച്ചെറിയാന്‍ നമ്മുടെ പൊതുബോധം വൈകും തോറും ഇനിയും മധുവും കെവിനും നമുക്കിടയിലുണ്ടാകും.
അഞ്ജു പാര്‍വതി പ്രഭീഷ്
Post Your Comments