കർണാടകത്തിൽ കൂടി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ കോൺഗ്രസ് സാമ്പത്തികമായി വലിയ പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ നാല് വർഷമായി പാർട്ടി അനുഭവിച്ചുവരുന്ന സാമ്പത്തിക പ്രശ്നങ്ങൾ പരിഹൃതമാവണമെങ്കിൽ കർണാടകത്തിൽ നല്ല വിജയം നേടുകയും തനിച്ചു ഭരണം നേടുകയും ചെയ്യണം എന്നതായിരുന്നു കോൺഗ്രസിന്റെ വിലയിരുത്തൽ. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെങ്കിലും കർണാടകത്തിൽ അധികാരം നിലനിർത്താനായി; പക്ഷെ അത് ജനതാദൾ- എസിന്റെ കീഴിലാണ്. അതുകൊണ്ട് പാർട്ടി ഖജനാവിന് വേണ്ടതൊക്കെ പഴയപോലെ അവിടെനിന്ന് സംഘടിപ്പിച്ചുകൊടുക്കാൻ ഇനി കഴിയണമെന്നില്ല. കോർപറേറ്റുകൾ ഏതാണ്ടൊക്കെ രാഹുൽ ഗാന്ധിയെയും പാർട്ടിയെയും കയ്യൊഴിഞ്ഞു എന്നതാണ് വസ്തുത. കഴിഞ്ഞവർഷം ചില മാസങ്ങളിൽ ദൈനം ദിന കാര്യങ്ങൾ നടന്നത് കേരളത്തിൽ നിന്ന് ലഭിച്ച പണം കൊണ്ടാണ്; മേഘാലയ, തൃപുര തിരഞ്ഞെടുപ്പുകളിൽ എന്തെങ്കിലും ചെയ്യാനായതും കേരളം ഗൾഫിൽ നിന്നും മറ്റും സംഘടിപ്പിച്ചുകൊടുത്ത പണം കൊണ്ടാണത്രേ. ബിജെപി വിരുദ്ധരുടെ വലിയ ഒരു സഖ്യമുണ്ടാവുമെന്നും അതിന്റെ തലപ്പത്ത് കോൺഗ്രസും രാഹുലും ഉണ്ടാവുമെന്നും കോർപ്പറേറ്റുകളെ വിശ്വസിപ്പിക്കനായില്ലെങ്കിൽ കാര്യങ്ങൾ അവതാളത്തിലാവുമെന്ന് അവർ വിലയിരുത്തുന്നു. ഇപ്പോൾ കാട്ടിക്കൂട്ടുന്നത് അതിന് വേണ്ടിയാണ്. പക്ഷെ കോർപ്പറേറ്റുകൾ തിരിഞ്ഞു നോക്കുന്നില്ല. രാഷ്ട്രീയ കക്ഷികൾക്ക് സംഭാവന നൽകാനായി കേന്ദ്ര സർക്കാർ രൂപീകരിച്ച ‘ഇലക്ടറൽ ബോണ്ട്’ പുതിയ പദ്ധതിയിലൂടെ കോൺഗ്രസിന് കാര്യമായൊന്നും കിട്ടുന്നില്ല. അവർക്ക് പണം കൊടുത്തിട്ട് കാര്യമില്ലെന്ന വിലയിരുത്തലാണ് പൊതുവെ ബിസിനസ്സ് പ്രമുഖർക്കിടയിലുള്ളത് എന്നതാണ് യാഥാർഥ്യം.
ഇക്കഴിഞ്ഞ കർണാടക തിരഞ്ഞെടുപ്പിന്റെ ചിലവ് മുഴുവൻ വഹിച്ചത് ആ സംസ്ഥാനം തന്നെയാണ്. അതിനുള്ള പണം സിദ്ധരാമയ്യ കണ്ടുവെച്ചിരുന്നു എന്നർത്ഥം. അതുകൊണ്ട് വലിയ പ്രശ്നമില്ലാതെ കാര്യങ്ങൾ മുന്നോട്ട് പോയി. എന്നാൽ നാഗാലാൻഡ്, തൃപുര, മിസോറാം തിരഞ്ഞെടുപ്പുകളിൽ വലിയ പ്രതിസന്ധിയാണ് പാർട്ടി അഭിമുഖീകരിച്ചത്. ഒരു നിയോജകമണ്ഡലത്തിൽ അഞ്ചു ലക്ഷം രൂപ പോലും നല്കാൻ തൃപുരയിലും നാഗാലാന്റിലും ആയില്ല. മേഘാലയയിലേക്ക് കേരളത്തിലെ നേതാക്കൾ കുറെ പണം എത്തിക്കുകയായിരുന്നു എന്നതാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. കേരളത്തിലെ നേതാക്കൾ തന്നെയായിരുന്നുവല്ലോ അവിടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. അതുകൊണ്ട് ഇന്നത്തെ അവസ്ഥ തുടർന്നാൽ 2019 ൽ കോൺഗ്രസിന് വലിയ പ്രതിസന്ധി വന്നുചേരും. കഴിഞ്ഞ ആറേഴ് മാസമായി സംസ്ഥാന ഘടകങ്ങൾക്ക് ഒരു നയാപൈസ പോലും ഹൈക്കമാൻഡ് നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ പല പിസിസികളും സാമ്പത്തിക പ്രതിസന്ധിയിലാണ്. ടെലിഫോൺ ബില്ലടക്കാത്ത പിസിസികൾ പോലുമുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. അതിനൊരു അപവാദം കേരളത്തിലെ കോൺഗ്രസാണ്. അവർ ഇത്തവണ താഴെത്തട്ടിൽ നിന്ന് പണം പിരിച്ചുകൊണ്ട് നിത്യനിദാനത്തിന് വകകണ്ടെത്തി. അതൊക്കെ ചെയ്യാൻ മറ്റ് പിസിസികൾക്കാവുന്നില്ല എന്നതാണ് യാഥാർഥ്യം.
കേന്ദ്ര സർക്കാർ കഴിഞ്ഞ ബജറ്റിലൂടെ കൊണ്ടുവന്ന നിർദ്ദേശപ്രകാരം കോർപ്പറേറ്റുകൾക്ക് പാർട്ടികൾക്ക് സംഭാവന കൊടുക്കാനാവും. എന്നാൽ അത് അക്കൗണ്ട് ചെയ്തേ പറ്റൂ. കള്ളപ്പണം കൊടുക്കുന്നത് തടയലാണ് ഇതിലൂടെ സർക്കാർ ഉദ്ദേശിച്ചത്; തിരഞ്ഞെടുപ്പ് കമ്മീഷൻ അതുമായി യോജിക്കുകയും ചെയ്തു. അതനുസരിച്ച് ഒരു കോർപ്പറേറ്റ് സ്ഥാപനം ഒരു പാർട്ടിക്ക് പണം കൊടുക്കണമെങ്കിൽ അതൊക്കെ ചൂണ്ടിക്കാട്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ഇലക്ടറൽ ബോണ്ട് വാങ്ങണം. അതിനുള്ള പണം സ്ഥാപനം ബാങ്കിൽ അടക്കണം; അത് ഏത് പാർട്ടിക്ക് കൊടുക്കാനാണ് എന്ന് അപ്പോൾ രേഖപ്പെടുത്തണം. അങ്ങിനെവാങ്ങുന്ന ബോണ്ടുകൾ പാർട്ടികൾക്ക് ഔദ്യോഗിക ബാങ്ക് അക്കൗണ്ടിലൂടെ പണമാക്കിയെടുക്കാം. ഇങ്ങനെയൊരു സംവിധാനം വന്നതോടെ മറിച്ചുള്ള പണമിടപാടിന് കോർപ്പറേറ്റുകൾ തയ്യാറാവുന്നുമില്ല. ഇലക്ട്റൽ ബോണ്ടിന് ആദായ നികുതി ഇളവുലഭിക്കുന്നത് കൊണ്ടുകൂടിയാണിത്.
2016 ൽ അവസാനിച്ച നാല് വർഷത്തിൽ ബിജെപിക്ക് വിവിധ തുറകളിലൂടെ സംഭാവനയായി ലഭിച്ചത് 7 . 05 ബില്യൺ രൂപയാണ്. 2, 987 കോർപ്പറേറ്റ് സ്ഥാപനങ്ങൾ നൽകിയ പണമാണിത്. അതേസമയം കോൺഗ്രസിന് 167 കോർപ്പറേറ്റുകൾ മാത്രമാണ് പണം നൽകിയത്; അതാവട്ടെ 1. 98 ബില്യൺ രൂപയും. 2017 മാർച്ച് വരെ ബിജെപിക്ക് ലഭിച്ചത് 10. 34 ബില്യൺ രൂപയാണെങ്കിൽ കോൺഗ്രസിന് കിട്ടിയത് 2. 25 ബില്യൺ രൂപയാണ്. ബിജെപിയുടെ വരുമാനത്തിൽ ഉണ്ടായത് 81 ശതമാനം വർധനയാണ്. ഇത് തിരഞ്ഞെടുപ്പ് കമ്മീഷൻ മുൻപാകെ സമർപ്പിച്ച ഓഡിറ്റ് ചെയ്ത കണക്കുകൾ പ്രകാരമാണ്.
2019 ൽ വിശാല മുന്നണിയൊക്കെ രൂപീകരിച്ച് നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ പോരാടണമെങ്കിൽ ഇതൊന്നും പോരാ എന്നതാണ് യാഥാർഥ്യം. അതിന് മുൻപായി രാജസ്ഥാൻ , ഛത്തീസ്ഗഡ് , മധ്യപ്രദേശ്, മിസോറാം എന്നീ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. അതിൽ മധ്യപ്രദേശ് പിസിസി ആണ് ഏറ്റവും വലിയ പ്രതിസന്ധിയിലുള്ളത്. അവിടേക്ക് കമൽനാഥിനെ അയച്ചിട്ടുണ്ട് എങ്കിലും കാര്യങ്ങൾ നേരെയാക്കുക എളുപ്പമല്ല. രാജസ്ഥാനിൽ പിന്നെയും പണമുണ്ട്. ഛത്തീസ്ഗഡ് കോൺഗ്രസിന് മറ്റൊരു പ്രശ്ന സംസ്ഥാനമാണ്. ഈ മൂന്നിടത്തും ജയിച്ചാൽ മാത്രമേ തങ്ങളെ ഘടകകക്ഷികൾ വിശ്വസിക്കൂ എന്നതാണ് വസ്തുത എന്നത് രാഹുൽ ഗാന്ധിക്കും മറ്റും ബോധ്യമായിട്ടുണ്ട്. അതിനെന്ത് മാർഗമെന്ന് ചിന്തിക്കുകയാണ് കോൺഗ്രസ് നേതാക്കളിപ്പോൾ. ഗൾഫ് മേഖലയിൽ നിന്ന് കുറെ പണം കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നിരുന്നു. അവിടെയുള്ള ഇന്ത്യക്കാരെ സ്വാധീനിക്കാനാണ് നീക്കം നടത്തിയത്. അത് വേണ്ടത്ര വിജയിച്ചില്ല. ഇനിയും അതുതന്നെയാണ് അവരുടെമുന്നിലുള്ള മാർഗം എന്നതാണ് മനസിലാക്കുന്നത്. മറ്റൊന്ന് പഴയപോലെ വിദേശത്തു നിന്ന് പണം കിട്ടിയാൽ തന്നെ അത് ഇന്ത്യയിലേക്ക് എത്തിക്കുക എളുപ്പമല്ല. നിയമപ്രശ്നങ്ങൾ അനവധിയാണ്. കൊടുത്തവനും വാങ്ങിയവനും കണക്ക് കാണിക്കേണ്ടുന്ന അവസ്ഥ വന്നുചേർന്നിട്ടുണ്ട്. അതല്ലെങ്കിൽ പ്രയാസമുണ്ടാവില്ലായിരുന്നു എന്നതാണ് കോൺഗ്രസ് നേതാക്കൾ മനസുതുറക്കുമ്പോൾ സൂചിപ്പിക്കുന്നത്. അതായത് വിദേശത്തു പണമുണ്ട്, നൽകാൻ ആളുമുണ്ട്…… പക്ഷെ,….. അതാണ് പ്രശ്നം. ഇന്നിപ്പോൾ കത്തോലിക്കാ സഭയും കുറെ കർദ്ദിനാൾമാരും ബിഷപ്പുമാരുമൊക്കെ നിലവിളിക്കുന്നത് പോലെയാണിതും എന്നർത്ഥം.
ബിജെപി കോർപ്പറേറ്റുകളെ മാത്രമല്ല ആശ്രയിക്കുന്നത്; ബിജെപി പ്രവർത്തകർ താഴെത്തട്ടിൽ വീടുവീടാന്തരം കയറിയിറങ്ങിയും അനുഭാവികളായ ചെറു ബിസിനസ്സുകാരിൽ നിന്നുമൊക്കെ സംഭാവന സ്വീകരിക്കുന്നു. അതിന് പുറമെ ഓരോ പാർട്ടി പ്രവർത്തകരും , സമർപ്പണനിധിയിലൂടെ, സമർപ്പിക്കുന്ന പണവും ദൈനം ദിന സംഘടനാ പ്രവർത്തനങ്ങൾക്കായി പ്രയോജനപ്പെടുത്താനാവുന്നു. പാർട്ടി ഓഫീസുകളുടെ പ്രവർത്തനം, മുഴുവൻ സമയ പ്രവർത്തകരുടെ ചിലവ് തുടങ്ങിയവക്കായി ഒരു സംവിധാനം നേരത്തെ തന്നെ ബിജെപിക്കുണ്ട്. അതുകൊണ്ട് തിരഞ്ഞെടുപ്പ് വേളകളിൽ കൂടുതൽ ആവശ്യമുള്ളത് കണ്ടെത്തിയാൽ മതിയാവും. അതും സാധാരണനിലക്ക് അതാത് സംസ്ഥാനങ്ങൾ തന്നെ സംഭരിക്കുന്നതാണ് അവരുടെ രീതി. ഇതൊക്കെ കോൺഗ്രസിന് കഴിയാത്ത കാര്യമാണ്.
ഒരു ലോകസഭാ മണ്ഡലത്തിൽ വിജയിക്കണമെങ്കിൽ ഏറ്റവും ചുരുങ്ങിയത് അഞ്ച് കോടി രൂപവേണമെന്ന് നേതാക്കൾ പറയുന്നു. 2014 ൽ ഒരു മണ്ഡലത്തിൽ കോൺഗ്രസ് ചെലവിട്ടത് ഏറ്റവും ചുരുങ്ങിയത് ആറ് കോടിയാണ്. അത്രയുമല്ല ഇപ്പോഴത്തെ ചിലവ്; എന്നാൽ അഞ്ചുകോടി ഇല്ലെങ്കിൽ പിടിച്ചുനിൽക്കാൻ കഴിയാതെവരും. അതിന് എന്ത് മാർഗമെന്നത് കോൺഗ്രസ് ഹൈക്കമാൻഡിനെ അലട്ടുന്നുണ്ട്. മറ്റൊന്ന് സ്വന്തം സ്ഥാനാർഥികളെ മാത്രം സഹായിച്ചാൽ പോരാ എന്ന് വരുന്നതാണ്. മുൻകാലങ്ങളിലൊക്കെ സഖ്യകക്ഷികൾക്കും ആവശ്യമുള്ള പണം കോൺഗ്രസ് നൽകിയിട്ടുണ്ട്. കോൺഗ്രസ് സ്ഥാനാർഥികൾക്ക് നൽകുന്നത്ര പണം സഖ്യകക്ഷികൾക്കും നൽകുന്ന സമ്പ്രദായമാണ് കോൺഗ്രസിനുണ്ടായിരുന്നത്. അതുകൊണ്ടാണ് മുൻകാലങ്ങളിൽ അവരൊക്കെ അവസാനം വരെ കൂടെനിന്നത്. അന്ന് ഭരണമുണ്ടായിരുന്നു, പണവും. ഇന്ന് രണ്ടുമില്ലെങ്കിലും സഖ്യകക്ഷികൾ കൂടെനിൽക്കണമെങ്കിൽ എന്തെങ്കിലും ചെയ്തേതീരൂ. അങ്ങനെവന്നാൽ അതിനായിമാത്രം ഒരു ആയിരം കോടി എങ്കിലും തല്ക്കാലം വേണ്ടിവരുമെന്നും കണക്കാക്കുന്നു.
നിലവിൽ കോൺഗ്രസിന് ഭരണമുള്ളത് പഞ്ചാബിലും കർണാടകത്തിലും മാത്രമാണ്. പിന്നെയുള്ളത് പോണ്ടിച്ചേരി, മിസോറാം എന്നിവ. അതിൽ കർണാടകത്തിൽ ദയനീയമായി തോറ്റിട്ടും എങ്ങിനെയും അധികാരം നിലനിർത്തണം എന്ന് പാർട്ടി ഹൈക്കമാൻഡ് തീരുമാനിച്ചത് ഖജനാവിന്റെ പ്രശ്നങ്ങൾ കണക്കിലെടുത്തുകൊണ്ടാണ്. ഇന്നലെവരെ ശക്തിയുക്തം എതിർത്തിരുന്ന ജനതാദൾ എസിന് കീഴടങ്ങിക്കൊണ്ട് ആത്മാഭിമാനം പണയം വെച്ചുകൊണ്ട് മുന്നോട്ട് പോകാൻ തീരുമാനിച്ചത് ചെറിയ കാര്യമല്ലല്ലോ. എന്നാൽ അതുകൊണ്ടൊന്നും പാർട്ടി നേരിടുന്ന പ്രശ്നത്തിന് പരിഹാരമായില്ല.
Post Your Comments