Latest NewsNewsGulf

ഫീസ് അടയ്ക്കാത്ത വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്താത്ത സ്‌കൂളുകള്‍ക്ക് മുന്നറിയിപ്പ്

കുവൈറ്റ് സിറ്റി: ഫീസ് അടക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്താത്ത സ്വകാര്യ സ്‌കൂളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കുവൈറ്റ് വിദ്യാഭ്യാസമന്ത്രാലയം. അമിതഫീസ് ഈടാക്കുന്ന വിദ്യാലയങ്ങള്‍ക്കെതിരെയും കടുത്ത നടപടികളുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് എജുക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ് മേധാവി അബ്ദുല്‍ മുഹ്‌സിന്‍ അല്‍ഹുവൈലയാണ് മുന്നറിയിപ്പ് നല്‍കിയത്.

ട്യൂഷന്‍ ഫീസ് അടക്കാന്‍ വൈകിയതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ പഠനം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും വര്‍ഷാന്ത പരീക്ഷ എഴുതാന്‍ അവസരം നല്‍കണമെന്നുമാണ് സ്‌കൂളുകള്‍ക്ക് നല്‍കിയ നിര്‍ദേശം. നിര്‍ദേശം ലംഘിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ചില വിദ്യാലയങ്ങള്‍ മന്ത്രാലയം അംഗീകരിച്ച ട്യൂഷന്‍ ഫീസിനുപുറമെ മറ്റു പേരുകളില്‍ അമിത തുക ഈടാക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം വിദ്യാലയങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും.

2018-19 അധ്യയനവര്‍ഷത്തില്‍ സ്വകാര്യ സ്‌കൂളുകള്‍ ഫീസ് വര്‍ധിപ്പിക്കുന്നത് വിലക്കി വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഫെബ്രുവരിയില്‍ പുറത്തിറക്കിയ ഉത്തരവ് രാജ്യത്തെ അമേരിക്കന്‍, ബ്രിട്ടീഷ്, ഇന്ത്യന്‍, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ഇറാന്‍, സ്വകാര്യ അറബ് സ്‌കൂളുകള്‍ എന്നിവക്കെല്ലാം ഉത്തരവ് ബാധകമാണ്. ട്യൂഷന്‍ ഫീസുള്‍പ്പെടെ കാര്യങ്ങളില്‍ നിയമലംഘനം ആവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ ഫയല്‍ ഒരു മാസത്തേക്ക് മരവിപ്പിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവ് പാടെ അവഗണിക്കുന്ന സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കുമെന്നും ഉത്തരവില്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button