ദുബായ് : പ്രവാസി യുവാവിനെ ഹോട്ടല്‍ മുറിയിലേയ്ക്ക് മസാജിന് ക്ഷണിച്ച് പണവും ആഭരണവും കവര്‍ന്ന കേസില്‍ ദുബായ് കോടതി വിധി പ്രസ്താവിച്ചു. നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങുന്ന നൈജീരിയന്‍ തട്ടിപ്പ് സംഘത്തിനെതിരെയാണ് കോടതി വിധി പ്രസ്താവം നടത്തിയത്. 3 മുതല്‍ 6 വര്‍ഷം വരെ ജയില്‍ ശിക്ഷയും, ജയില്‍ ശിക്ഷയ്ക്ക് ശേഷം നാടുകടത്താനുമാണ് ശിക്ഷ വിധിച്ചത്.
2017 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പ്രവാസി യുവാവ് ചാറ്റിംഗ് വഴിയാണ് സംഘാംഗങ്ങളുമായി പരിചയപ്പെടുന്നത്. എന്നാല്‍ തങ്ങള്‍ ആഫ്രിക്കകാരാണെന്ന് സംഘാംഗങ്ങള്‍ വെളിപ്പെടുത്തിയില്ല. യൂറോപ്യന്‍സ് എന്ന് പറഞ്ഞാണ് സംഘം യുവാവിനെ തെറ്റദ്ധരിപ്പിച്ചത്.
സംഘാംഗങ്ങളുടെ നിര്‍ദേശപ്രകാരം യുവാവ് ഹോട്ടല്‍ മുറിയിലെത്തി. വിദേശ വനിതയെ പ്രതീക്ഷിച്ച് എത്തിയ യുവാവിന് മുറിയില്‍ രണ്ട് ആഫ്രിക്കന്‍ യുവതികളെയാണ് കാണാന്‍ കഴിഞ്ഞത്. അപകടം മണത്ത യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യുവതികള്‍ മുറി താക്കോലുപയോഗിച്ച് പൂട്ടി.
സ്ത്രീകള്‍ക്കു പുറമെ പുരുഷന്മാരും മുറിയിലെത്തി . സംഘാംഗങ്ങള്‍ യുവാവിനെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി വസ്ത്രം അഴിപ്പിച്ച് നഗ്നഫോട്ടോകള്‍ എടുത്തു. കൈയിലുള്ള പഴ്സും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തു. കൂടാതെ ബാങ്ക് അക്കൗണ്ടിന്റെ പാസ്വേര്ഡും ചോദിച്ചറിഞ്ഞു.
സംഭവത്തിനു ശേഷം യുവാവ് പൊലീസില്‍ പരാതി നല്കി. എന്നാല്‍ ഇത്തരത്തിലുള്ള സംഭവം ആദ്യമായിട്ടല്ലെന്ന് മനസിലായി. പലരും സമാന രീതിയില്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ മാനക്കേട് ഭയന്ന് പലരും ഇത് പുറത്ത് പറഞ്ഞില്ല.
തട്ടിപ്പ്, പിടിച്ചുപറി, ലൈംഗിക പീഡനം, ബ്ലാക്ക് മെയില്‍ തുടങ്ങി കുറ്റങ്ങള്‍ ചുമത്തിയാണ് ആഫ്രിക്കന്‍ സംഘാംഗങ്ങള്‍ക്ക് കോടതി ശിക്ഷ വിധിച്ചത്.
Post Your Comments