Uncategorized

വരാപ്പുഴ കസ്റ്റഡി മരണം : പോലീസുകാര്‍ക്കെതിരെ നടപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍ : ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

വരാപ്പുഴയില്‍ കസ്റ്റഡിയില്‍ യുവാവ് മരിച്ചതിനെ തുടര്‍ന്ന് പോലീസിനെതിരെ നടപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍. കൊലപാതകത്തില്‍ സ്വമേധയാ കേസെടുത്ത കമ്മീഷന്‍ ഡി.ജി.പിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ശ്രീജിത്തിനെ ചവിട്ടിയ പൊലീസുകാരനും കണ്ടുനിന്നവരും എല്ലാം പ്രതികളാണെന്ന് കമ്മീഷന്‍ അക്ടിംഗ് ചെയര്‍മാന്‍ പി മോഹനദാസ് പറഞ്ഞു.

വരാപ്പുഴയിലെ കസ്റ്റഡി മരണം പരിതാപകരമായ അവസ്ഥയാണെന്ന് കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതിനെ ന്യായീകരിക്കാന്‍ പൊലീസ് ശ്രമിക്കും. അതിന്റെ ഭാഗമായി ശ്രീജിത്തിനെ കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും. ആളുമാറി കസ്റ്റഡിയില്‍ എടുത്തുവെന്ന ശ്രീജിത്തിന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍ ഗൗരവതരമാണ്.

പണം കൊടുത്താല്‍ മാത്രമേ കാര്യം നടക്കൂ എന്ന അവസ്ഥയാണ് പല പൊലീസ് സ്റ്റേഷനുകളിലും ഉള്ളത്. കുറ്റവാസനയുള്ള പൊലീസുകാരെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തണം. ഇക്കാര്യത്തില്‍ സര്‍വീസ് ചട്ടങ്ങളില്‍ മാറ്റം വേണമെങ്കില്‍ അതിന് തയ്യാറാകണം. പി മോഹനദാസ് അഭിപ്രായപ്പെട്ടു. ഗൃഹനഥാന്റെ മരണത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിന് ക്രൂരമര്‍ദനമാണ് ഏല്‍ക്കേണ്ടി വന്നത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ഉണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമെന്ന് ആശുപത്രി അധികൃതര്‍ സ്ഥിതീകരിച്ചു.

മര്‍ദനമേറ്റ ശ്രീജിത്തിനെ മനുഷ്യാവകാശ കമ്മീഷന്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. സംഭവത്തില്‍ ശ്രീജിത്തിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പോലീസ് ശ്രീജിത്തിനെ ക്രൂരമായി മര്‍ദിച്ചെന്നും വയറ്റിലും നെഞ്ചിലും പരിക്ക് പറ്റിയിരുന്നുവെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ മോഹനദാസ് പറയുന്നു. ശ്രീജിത്തിനെ അറസ്റ്റു ചെയ്യുന്ന സമയം വീട്ടില്‍ നിന്നും വലിച്ചിഴച്ചാണ് പൊലീസ് കൊണ്ടുപോയതെന്ന് സഹോദരന്‍ മൊഴി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button