തിരുവനന്തപുരം: 1.25 ലക്ഷം കുട്ടികള്‍ ജാതിയും മതവുമില്ലാതെ പ്രവേശനം നേടിയെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചത് വിവാദമായിരുന്നു. സോഫ്‌റ്റ്വെയറില്‍ ജാതിയും മതവും ഉള്‍പ്പെടുത്തണമെന്ന് നിബന്ധനയില്ലാത്തതിനാല്‍ ഇത് രേഖപ്പെടുത്താത്തതാണെന്ന് അറിയിച്ച് പല സ്‌കൂളുകളും രംഗത്തെത്തി. ഇതോടെ മന്ത്രി അവതരിപ്പിച്ച കണക്കുകള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്ന് ആരോപണമുയര്‍ന്നു.
എന്നാലിപ്പോൾ പുതിയ കണക്കുകൾ പുറത്തു വന്നിരിക്കുകയാണ്. സംസ്ഥാനത്ത് മതം തിരഞ്ഞെടുക്കാതെ സ്‌കൂളില്‍ പ്രവേശനംനേടിയത് 2984 കുട്ടികളാണെന്നാണ് പുതിയ കണക്ക്. സോഫ്‌റ്റ്വെയറില്‍ രേഖപ്പെടുത്തിയ ഈ വിവരം ഐ.ടി.@സ്‌കൂള്‍ ഡയറക്ടര്‍ അന്‍വര്‍ സാദത്ത് ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ജാതി രേഖപ്പെടുത്താത്തവര്‍ 1.22 ലക്ഷവും മതംമാത്രം രേഖപ്പെടുത്തിയവര്‍ 1.19 ലക്ഷവും ഉണ്ടെന്നാണ് ഐ.ടി.@സ്‌കൂള്‍ ഡയറക്ടര്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ്‌ചെയ്തത്. രണ്ടും രേഖപ്പെടുത്താത്തവര്‍ 1538 പേര്‍ മാത്രം.
also read:സ്‌കൂള്‍ പ്രവേശനത്തിന് മതമില്ലെന്ന് വ്യക്തമാക്കിയ കുട്ടികളുടെ കണക്കുകൾ ഇങ്ങനെ
എന്നാല്‍, മതം തിരഞ്ഞെടുക്കാത്തവര്‍ 1750 പേരുണ്ട്. 748 പേര്‍ ‘മതരഹിതം’ എന്നും രഖപ്പെടുത്തി. മതത്തിന്റെ കോളത്തില്‍ ‘ബാധകമല്ല’ എഴുതിയ 486 പേരുമുണ്ട്. ഈ മൂന്നുവിഭാഗങ്ങളും ചേര്‍ന്നാല്‍ 2984. ഒരുപക്ഷേ ഇത്രയും പേരായിരിക്കും മതവും ജാതിയും അറിഞ്ഞുകൊണ്ട് ഒഴിവാക്കിയതെന്ന് കരുതാം. എന്നാൽ പോസ്റ്റിനെ കുറിച്ച് ഇതുവരെയും ഐ.ടി.@സ്‌കൂള്‍ ഡയറക്ടർ പ്രതികരിച്ചിട്ടില്ല.
അതേസമയം ജാതിയും മതവും രേഖപ്പെടുത്താതെ 1.25 ലക്ഷം പേര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടിയെന്ന മന്ത്രി സി. രവീന്ദ്രനാഥിന്റെ പ്രസ്താവന സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കാട്ടി പ്രതിപക്ഷം നിയമസഭയിൽ അവകാശലംഘന നോട്ടിസ് നൽകി.
Post Your Comments