ലക്നൗ: ഗോരഖ്പൂരിലും ഫുല്‍പൂരിലും നടന്ന ഉപതിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ തകര്‍പ്പന്‍ തിരിച്ചു വരവ് നടത്തിയ എസ്.പി- ബി.എസ്.പി സഖ്യത്തിന് വീണ്ടും തിരിച്ചടി. വെള്ളിയാഴ്ച നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ന് രാവിലെ നടന്ന സമാജ്വാദി പാര്‍ട്ടിയുടെ മീറ്റിംഗില്‍ നിന്നും ഏഴ് എം.എല്‍.എമാര്‍ വിട്ടു നിന്നതാണ് ഇരുപാര്‍ട്ടികള്‍ക്കും തിരിച്ചടിയായത്.
ഉപതിരഞ്ഞെടുപ്പിലെ പരാജയപ്പെട്ടതിന് പിന്നാലെ സഖ്യത്തിനെതിരെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നേടിയ വിജയമായിട്ടാണ് ദേശീയ മാദ്ധ്യമങ്ങള്‍ ഈ നീക്കത്തെ വിലയിരുത്തുന്നത്. എസ്.പി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ അമ്മാവന് ശിവ്പാല്‍ യാദവ് ഉള്‍പ്പെടെയുള്ള എം.എല്‍.എമാരാണ് മീറ്റിംഗില്‍ നിന്നും വിട്ടു നിന്നത്. കഴിഞ്ഞ വര്‍ഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇവര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് വോട്ട് ചെയ്തിരുന്നു. ഇത് ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
25 വര്‍ഷത്തെ രാഷ്ട്രീയ വൈരാഗ്യം മറന്ന് കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലാണ് അഖിലേഷ് യാദവും- മായവതിയും ഒന്നിച്ചത്. ഇതിനെ തുടര്‍ന്ന് മികച്ച വിജയം നേടിയതിനാല്‍ സഖ്യം തുടരാന്‍ ഇരുപാര്‍ട്ടികളും തീരുമാനിക്കുകയായിരുന്നു. പത്ത് രാജ്യസഭാ സീറ്റുകളാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ളത്. നിയമസഭയില്‍ 311 അംഗങ്ങളുള്ള ബി.ജെ.പി ഇതില്‍ എട്ട് സീറ്റുകള്‍ ഉറപ്പിച്ചു കഴിഞ്ഞു. ബാക്കി രണ്ട് സീറ്റുകളിലേക്ക് എസ്.പിയും ബി.എസ്.പിയും മത്സരിക്കുന്നുണ്ട്. നിയമസഭയില്‍ 19 സീറ്റുകള്‍ മാത്രമുള്ള ബി.എസ്.പി, എസ്.പിയുടെയും അജിത് സിംഗിന്റെ രാഷ്ട്രീയ ലോക് ദളിന്റെയും പിന്തുണയോടെയാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. അതിനിടെ സമാജ്വാദി പാര്‍ട്ടി എം.എല്‍.എമാരുടെ പിന്മാറ്റം മായാവതിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ്.
എന്നാല്‍ എം.എല്‍.എമാര്‍ക്ക് പാര്‍ട്ടിയുമായി യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ലെന്നും ഇന്ന് രാത്രി നടക്കുന്ന അത്തയവിരുന്നില് എല്ലാ എം.എല്‍.എമാരും പങ്കെടുക്കുമെന്നും സാമാജ്വാദി പാര്‍ട്ടി നേതാവ് പ്രശാന്ത് യാദവ് വ്യക്തമാക്കി. ഏഴ് എം.എല്‍.എമാരുടെ സഹായത്തോടെ ബി.എസ്.പി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി സഖ്യത്തിന് കനത്ത തിരിച്ചടി നല്‍കാമെന്ന കണക്കു കൂട്ടലിലാണ് ബി.ജെ.പി.
Post Your Comments