നേതാജിയെ നശിപ്പിച്ചവരുടെ ചരിത്രം അനാവരണം ചെയ്യുന്ന ലേഖനം
മുതിർന്ന മാധ്യമപ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
സിംഗപ്പൂരിൽ ഐഎൻഎ ആസ്ഥാനത്തെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇതാദ്യമായി സുഭാഷ് ചന്ദ്ര ബോസിന്റെ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുന്നു. ഇന്നലെവരെ നേതാജിയെയും കുടുംബത്തെയും അദ്ദേഹം മുന്നോട്ട് വെച്ച ചിന്തയെയും ആശയത്തെയും ദര്ശനത്തെയും നഖശിഖാന്തം എതിർത്തുപോന്ന നെഹ്രുവിയൻ പരമ്പര ഇപ്പോൾ എന്തിനാണ് ഇങ്ങനെ ഒരു നീക്കം നടത്തുന്നത്?. 1947 മുതൽ പുതപ്പിച്ചുവെച്ച നേതാജി രേഖകൾ പുറത്തുവിട്ടത് നരേന്ദ്ര മോഡി സർക്കാരാണ്. അതുവരെ നേതാജി കുടുംബത്തിലെ അംഗങ്ങളെപ്പോലും പോലീസിനെക്കൊണ്ട് നിരീക്ഷിച്ചുവന്നവർ ഇന്നിപ്പോൾ അദ്ദേഹത്തിന്റെ പ്രതിമക്ക് മുന്നിൽ പുഷ്പചക്രം അർപ്പിക്കുന്നത് എന്തിന്റെ പുറപ്പാടാണ്? ഇന്നലെവരെ കോൺഗ്രസും നെഹ്‌റു കുടുംബവും ചെയ്ത പാപത്തിന് പ്രായശ്ചിത്തം ചെയ്യുകയാണോ രാഹുൽ ഗാന്ധി?. കുറെയേറെ ചോദ്യങ്ങളും സംശയങ്ങളും ഉയർത്തുന്നതാണ് രാഹുലിന്റെ സിംഗപ്പൂർ സന്ദർശനവും ഇത്തരമൊരു നീക്കവും.
സുഭാഷ് ചന്ദ്ര ബോസ് എന്നും കോൺഗ്രസിൽ ഒരു വിപ്ലവകാരിയായിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ ദേശീയവാദിയും ധീരനും. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ വ്യക്തമായ ചിന്തയും ദിശയുമുണ്ടായിരുന്ന ദേശീയ നേതാവ്. നെഹ്രുവിയൻ ചിന്തക്കും അദ്ദേഹത്തിന്റെ വൈദേശിക നിലപാടുകൾക്കും എതിരായിരുന്നു ബോസ് എന്നും. നെഹ്‌റുവിനോപ്പം ഗാന്ധിജി നിലകൊള്ളുന്നത് കുഴപ്പമാണ് എന്നും അത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ വഴിതെറ്റിക്കുമെന്നും തുറന്നടിച്ചയാളാണ് സുഭാഷ് ബോസ് എന്നതും ചരിത്രം വെളിപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കോൺഗ്രസിനുള്ളിൽ ഒതുക്കാനും പുറത്താക്കാനും നെഹ്രുവിയൻ പദ്ധതിക്കാർശ്രമിച്ചുപോന്നു. അതിൽ അവർ വിജയിക്കുകയും ചെയ്തു. എന്നാൽ വിദേശത്തേക്ക് കടക്കാനും അവിടെനിന്നുകൊണ്ട് ഐഎൻ എ (ഇന്ത്യൻ നാഷണൽ ആർമി) എന്നപേരിൽ ആളുകളെ സംഘടിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടാനുമാണ് നേതാജി ബോസ് തയ്യാറായത്. യഥാർഥത്തിൽ ഇന്ത്യ സ്വാതന്ത്രമായത് സുഭാഷ് ചന്ദ്ര ബോസിന്റെ ശക്തമായ നീക്കങ്ങൾ കൊണ്ടുകൂടിയാണ് എന്ന് കരുതുന്നവർ അനവധിയാണ്…… പതിനായിരങ്ങളാണ്., അല്ല ലക്ഷങ്ങളാണ്. എന്നാൽ സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഗാന്ധിജിയെ വലയിൽ നിർത്തി, സർദാർ പട്ടേലിനെപ്പോലുള്ള കരുത്തരെ ഒതുക്കിക്കൊണ്ട് നെഹ്‌റു അധികാരത്തിലേറി. അതിൽ മൌണ്ട് ബാറ്റൺ പ്രഭു കൈകൊണ്ട നിലപാടുകൾ സുപ്രധാനമാണ് എന്നതും ഓർമ്മിക്കുക. ലേഡി മൌണ്ട് ബാറ്റണ് നെഹ്രുവുമായുണ്ടായിരുന്ന അടുപ്പവും മറ്റും ഏറെ സംശയങ്ങൾക്കും തെറ്റിദ്ധാരണകൾക്കും ഇടവരുത്തിയതുമാണ് അക്കാലത്ത്. ഇന്നും അവരുടെ ചില ചിത്രങ്ങൾ നൽകുന്ന സൂചനകൾ എന്തെന്നത് പറഞ്ഞറിയിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. സർദാർ പട്ടേലിനെയൊക്കെ ഒതുക്കിയത് പോലെ, ശ്യാമപ്രസാദ് മുഖർജിയെപ്പോലുള്ളവരെ നശിപ്പിച്ചത് പോലെ, നെഹ്‌റു എടുത്ത മറ്റൊരു നിലപാട് സുഭാഷ് ചന്ദ്ര ബോസ് ഇന്ത്യയിൽ തിരിച്ചെത്തില്ല എന്ന് ഉറപ്പുവരുത്തലായിരുന്നു. അദ്ദേഹത്തിന്റെ ദുരൂഹ മരണവും ഇതോടൊപ്പം കാണേണ്ടതുണ്ട് എന്ന് കരുതുന്നവർ അനവധിയാണ്. സുഭാഷ് ബോസിന്റെ മരണം ഇന്നും സംശയാസ്പദമായി നിലനിൽക്കുന്നു എന്നർത്ഥം.
അദ്ദേഹവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ പുറത്തുവിട്ടത് നരേന്ദ്ര മോഡി സർക്കാരാണ്. എന്നാൽ അതിലും സുപ്രധാനമായ പല രേഖകളും ഇല്ലായിരുന്നു. അതൊക്കെ നെഹ്‌റു – ഇന്ദിര കാലഘട്ടത്തിൽ നശിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതാണ് വിലയിരുത്തപ്പെടുന്നത്. എവിടെ വെച്ച് ബോസ് മരിച്ചു, അല്ലെങ്കിൽ കൊല്ലപ്പെട്ടു…… എന്തിന് ആ മരണം?. ഒരിക്കലും സ്വയം ഒതുങ്ങിക്കഴിയുന്ന ആളായിരുന്നില്ല നേതാജി ബോസ് എന്നത് ആർക്കാണ് അറിയാത്തത് . അതുകൊണ്ടുതന്നെ ആ വ്യക്തി സ്വയം ഒഴിഞ്ഞുപോവില്ല. ഒരിക്കലും ആത്മഹത്യ ചെയ്യില്ല. 1945 ൽ ഒരു വിമാനാപകടത്തിൽ അദ്ദേഹം മരിച്ചു എന്നതാണ് പരസ്യമാക്കപ്പെട്ട ഒരു കഥ. അത് നെഹ്രുവിയൻ തീസിസ് ആണ്. അതല്ല സോവിയറ്റ് യൂണിയനിലെ ജയിലിൽ വെച്ച് മാരകമായ ആക്രമണത്തിന് വിധേയമായ നേതാജി മരണമടയുകയാണ് ഉണ്ടായത് എന്ന് കൂടുതൽ വിശ്വസിക്കപ്പെടുന്നു. ഇവിടെ ഓർക്കേണ്ടത്, നെഹ്രുവിന്റെ പരമ്പരക്ക് ദോഷമുള്ള പലരും കൊല്ലപ്പെടുന്നത് അല്ലെങ്കിൽ മരണമടയുന്നത് സോവിയറ്റ് കൈകളിലാണ് എന്നതാണ്. കൂടുതലൊന്നും പറയേണ്ടതില്ലല്ലോ. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഇന്ത്യയിലെത്താൻ അദ്ദേഹം ശ്രമിക്കുമായിരുന്നു. യഥാർഥത്തിൽ സ്വതന്ത്ര ഇന്ത്യയെ ഭരിക്കാൻ യോഗ്യതയുണ്ടായിരുന്നത് അദ്ദേഹത്തിനാണ് എന്ന് പറയാൻ വിഷമിക്കേണ്ടതുമില്ല. കോൺഗ്രസ് പിരിച്ചുവിടണം എന്ന് ഗാന്ധിജി പറഞ്ഞത് നിരാകരിച്ചത് പോലെ നെഹ്‌റു ഉറപ്പാക്കിയ ചിലതൊക്കെയുണ്ട്……. അതിലൊന്നുമാത്രമാണ് നേതാജി ബോസിന്റെ ദുരൂഹമായ ‘ഒളിച്ചോട്ടം’.
ഒരുകാലത്തും നേതാജിയെ കോൺഗ്രസുകാർ സ്മരിച്ചിരുന്നില്ല എന്നതോർക്കുക. അദ്ദേഹത്തെ ഭയത്തോടെയാണ് കോൺഗ്രസുകാർ കണ്ടിരുന്നത്,പ്രത്യേകിച്ചും നെഹ്‌റു പരമ്പരക്കാർ. നരേന്ദ്ര മോഡി സർക്കാർ നേതാജി അനുസ്മരണം നടത്താനും ബിജെപി സർക്കാർ അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കാനും സംസാരിക്കാനും തുടങ്ങിയപ്പോഴാണ് കോൺഗ്രസുകാർക്ക് നേതാജി ബോധമുടലെടുത്തത്. നേതാജിയുടെ ബന്ധുവായ സിസിർ ബോസ് പറയുന്നത് കേൾക്കൂ….. അദ്ദേഹം 1955 ൽ ഒരു പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിക്ക് എഴുതിയ കത്തിൽ “If you were in India today, you would get the feeling that in India’s struggle two men mattered – Gandhi and Nehru. The rest were just extras.” ( നിങ്ങൾ ഇന്ത്യയിലാണ് എങ്കിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് രണ്ടേരണ്ട്‍ വ്യക്തികളെക്കൊണ്ടാണ് എന്ന് തോന്നും. അതാണ് ഇവിടെയുണ്ടാക്കിയ പ്രതീതി. മറ്റുള്ളവർ എല്ലാം വെറും എക്സ്ട്രാസ് ആണ് എന്നും”). ശരിയല്ലേ…..നേതാജിയുടെ സേവനങ്ങൾ മുഴുവൻ വക്രീകരിക്കപ്പെട്ടില്ലേ………….. അദ്ദേഹത്തെ രാജ്യദ്രോഹിയായിപ്പോലും നെഹ്‌റു ചിത്രീകരിച്ചില്ലേ. നേതാജി ഇന്ത്യയിൽ കടക്കുന്നത് തടയാൻ നെഹ്‌റു വിദേശരാജ്യത്തേക്ക് കത്തെഴുതിയില്ലേ?.
കേന്ദ്ര മന്ത്രിയും മുതിർന്ന ബിജെപി നേതാവും മാധ്യമപ്രവർത്തകനുമായ എംജെ അക്‌ബർ അതിനെക്കുറിച്ചു പറയുന്നതുകൂടി നോക്കൂ……
“It is safe to say that if Bose were alive, the coalition that defeated the Congress in 1977 would have trounced Congress in the 1962 general election, or 15 years earlier,” നേതാജി ഉണ്ടായിരുന്നുവെങ്കിൽ 1962 ലെ പൊതുതിരഞ്ഞെടുപ്പിൽ തന്നെ കോൺഗ്രസ് തൂത്തെറിയപ്പെടുമായിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. 1977 ൽ എങ്ങിനെയാണോ കോൺഗ്രസ് നാമാവശേഷമാക്കപ്പെട്ടത് അത് 1962 ൽ തന്നെ നടക്കുമായിരുന്നു എന്ന്. അത്രകണ്ട് കോൺഗ്രസും നെഹ്രുവും നേതാജിയെ ഭയപ്പെട്ടിരുന്നു. എന്തിനേറെ പറയുന്നു, കോൺഗസ് സർക്കാരുകളുടെ കാലത്ത് ഒരിക്കലും നേതാജിയുടെ ചിത്രം ( ഫോട്ടോ ) പാർലമെന്റിലെ സെൻട്രൽ ഹാളിൽ സ്ഥാപിക്കാൻ പോലും തയ്യാറായില്ല. അതുണ്ടായത് 1977 ലെ ജനത സർക്കാരിന്റെ കാലത്താണ് ; കൃത്യമായി പറഞ്ഞാൽ 1978 ജനുവരി 23 ന് . അന്നത്തെ രാഷ്‌ട്രപതി എൻ സഞ്ജിവ റെഡിയാണ് അത് അനാച്ഛാദനം ചെയ്തത്.
അങ്ങിനെ എല്ലാവിധത്തിലും നേതാജിയെ മാത്രമല്ല അദ്ദേഹത്തിന്റെ ചരിത്രവും പേരും പോലും ഇന്ത്യയിൽ നിന്ന് , ഇന്ത്യയിലെ ജനതയിൽനിന്ന് മറച്ചുവെക്കാൻ ശ്രമിച്ച കോൺഗ്രസ് ഇപ്പോൾ എന്തിനുള്ള പുറപ്പാടിലാണ്?. രാജ്യം അതറിയണ്ടേ?. ഇന്നലെവരെ കോൺഗ്രസും നെഹ്‌റു കുടുംബവും ചെയ്ത നേതാജി വിരുദ്ധ നീക്കങ്ങൾക്കും അദ്ദേഹത്തോട് ചെയ്ത പാതകങ്ങൾക്കും കോൺഗ്രസ് ഒരു പ്രസ്ഥാനം എന്ന നിലക്ക് പരസ്യമായി മാപ്പ് പറയുമോ?. സിംഗപ്പൂരിൽ നേതാജി പ്രതിമയിൽ പുഷ്പചക്രം സമർപ്പിക്കുന്ന രാഹുൽ ഗാന്ധി അത് വ്യക്തമാക്കാൻ ബാധ്യതപ്പെട്ടിരിക്കുന്നു.
Post Your Comments