ന്യൂഡൽഹി: എയർ ഇന്ത്യ ലാഭത്തിലാണെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ റിപ്പോർട്ട്. എയർ ഇന്ത്യ സ്വകാര്യവൽക്കരണത്തെക്കുറിച്ചു ചൂടേറിയ ചർച്ച നടക്കുന്ന പാർലമെന്റ് സമിതിയിലാണ് ഈ കാര്യം അറിയിച്ചത്. രണ്ടു വർഷമായി കമ്പനി പ്രവർത്തനലാഭത്തിലാണെന്നും കഴിഞ്ഞ സാമ്പത്തിക വർഷം 298 കോടി രൂപ ലാഭമുണ്ടെന്നുമായിരുന്നു മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ.
മുൻ യുപിഎ സർക്കാർ എയർ ഇന്ത്യയെ ഉടച്ചുവാർക്കാൻ കൈക്കൊണ്ട നടപടികൾ എൻഡിഎ സർക്കാരിന്റെ കാലമായപ്പോഴേയ്ക്കു ഫലം കണ്ടു തുടങ്ങിയെന്നാണ് ഇതിൽ നിന്നു വ്യക്തമാകുന്നതെന്നു സമിതിയിൽ കെ.സി. വേണുഗോപാൽ പറഞ്ഞു. സ്വകാര്യവൽക്കരണത്തിനു വേണ്ടി മുറവിളി കൂട്ടുമ്പോൾ ആയിരക്കണക്കിനു തൊഴിലാളികളുടെ കാര്യത്തിൽ തീരുമാനമുണ്ടാവണം.
ഇതേക്കുറിച്ചു ചർച്ച പാടില്ലെന്നു ദുഷ്യന്ത് സിങ്ങിന്റെ നേതൃത്വത്തിൽ ബിജെപി അംഗങ്ങൾ വാദിച്ചതോടെ കമ്മിറ്റി യോഗം കലുഷിതമായി. മന്ത്രാലയത്തിന്റെ നിലപാട് അറിയിക്കാൻ സമിതി അധ്യക്ഷൻ ഡെറക് ഒബ്രയൻ നിർദേശിച്ചിട്ടുണ്ട്. സ്വകാര്യവൽക്കരണം തള്ളിക്കൊണ്ടായിരുന്നു സമിതിയുടെ കരടു റിപ്പോർട്ട്. എന്നാൽ സ്വകാര്യവൽക്കരണത്തിനു വേണ്ടി കർക്കശ നിലപാടെടുക്കാൻ സർക്കാർ നിർദേശിച്ചതോടെ ബിജെപി അംഗങ്ങൾ പിന്നീടു ചുവടു മാറ്റുകയായിരുന്നു
Post Your Comments