Latest NewsNewsIndia

പിറന്നാള്‍ കേക്ക് വടിവാള്‍കൊണ്ട് മുറിച്ച് ജനശ്രദ്ധ നേടിയ മലയാളി ഗുണ്ട തലവെട്ടി ബിനുവിന് ഒടുവില്‍ മനം മാറ്റം

ചെന്നൈ : പിറന്നാള്‍ ആഘോഷത്തിനിടെ ചെന്നൈയില്‍ നിന്നു പൊലീസിന്റെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ട മലയാളി ഗുണ്ട കീഴടങ്ങി. തലവെട്ടി ബിനു (ബിനു പാപ്പച്ചന്‍-47) എന്നറിയപ്പെടുന്ന ഇയാള്‍ അമ്പത്തൂരിലെ ഡപ്യൂട്ടി കമ്മിഷണര്‍ ഓഫിസിലാണു കീഴടങ്ങിയത്. കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടിരിക്കെയാണു കീഴടങ്ങല്‍. ഫെബ്രുവരി ആറിനു പിറന്നാളാഘോഷത്തിനിടെ കൊടുവാള്‍ കൊണ്ടു കേക്ക് മുറിക്കുന്ന ദൃശ്യം വൈറലായതിനെത്തുടര്‍ന്നാണു ബിനു ശ്രദ്ധേയനായത്.

ആഘോഷത്തിനിടെ രാത്രിയില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 75 ഗുണ്ടകളും പിടിയിലായി. ഇവരില്‍ ഭൂരിപക്ഷവും പിടികിട്ടാപ്പുള്ളികളായിരുന്നു. രണ്ടു പേര്‍ 18 വയസ്സിനു താഴെയുള്ളവരും. കൊലപാതകക്കേസ് ഉള്‍പ്പെടെ ചുമത്തപ്പെട്ടവരും കൂട്ടത്തിലുണ്ടായിരുന്നു. പരിശോധനയ്‌ക്കെത്തിയ നൂറിലേറെ പൊലീസുകാരുടെ കണ്ണുവെട്ടിച്ചാണു ബിനു രക്ഷപ്പെട്ടത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

മുപ്പതോളം കേസുകളാണു ബിനുവിനെതിരെയുളളത്. മൂന്നു വര്‍ഷത്തോളമായി ഒളിവിലായിരുന്നു. അതിനിടെ പിറന്നാളാഘോഷത്തിനു സഹോദരന്‍ ചെന്നൈയിലേക്കു ക്ഷണിക്കുകയായിരുന്നു. മൂന്നു വര്‍ഷത്തോളം മറ്റു ഗുണ്ടകളുമായി തനിക്കു ബന്ധമുണ്ടായിരുന്നില്ലെന്നും ചെന്നൈയ്ക്കു പുറത്ത് ഒളിച്ചു താമസിക്കുകയായിരുന്നുവെന്നും ബിനു പറയുന്നു. ഒളിത്താവളം സഹോദരനു മാത്രമാണ് അറിയാമായിരുന്നത്. ചെന്നൈയിലേക്കു പിറന്നാള്‍ ആഘോഷിക്കാന്‍ സഹോദരന്‍ ക്ഷണിച്ചതു കൊണ്ടാണു വന്നത്.

എന്നാല്‍ മുന്‍ പങ്കാളികളെയും ആഘോഷത്തിനു വിളിച്ചത് അറിഞ്ഞില്ല. സഹോദരന്‍ നല്‍കിയ വാളു കൊണ്ടു കേക്കു മുറിക്കുമ്പോഴായിരുന്നു പൊലീസ് വളഞ്ഞത്. റെയ്ഡിനിടെ എങ്ങനെയോ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ പൊലീസ് എല്ലാ നീക്കങ്ങളുമറിഞ്ഞു പിന്നാലെ വന്നു. ആരോഗ്യ പ്രശ്‌നങ്ങളുമുള്ളതിനാല്‍ കീഴടങ്ങുകയാണെന്നും ബിനു പറഞ്ഞതായാണു വിവരം.

ഇരുനൂറോളം ഗുണ്ടകളുടെ സാന്നിധ്യത്തിലായിരുന്നു ഒരു ട്രക്ക് ഷോപ്പിലെ പിറന്നാളാഘോഷം. ഇതിനിടെ വടിവാളും മറ്റ് ആയുധങ്ങളുമായി ചില ഗുണ്ടകള്‍ റോഡിലേക്കിറങ്ങിയതാണു പ്രശ്‌നമായത്. ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന ഒരു ഗുണ്ടയെ വാഹനപരിശോധനയ്ക്കിടെ പിടികൂടിയതും സംഭവത്തെപ്പറ്റി വിവരം ലഭിക്കാന്‍ പൊലീസിനെ സഹായിച്ചു. അതോടെ, പൊലീസ് പല സംഘങ്ങളായി തയാറെടുത്തു.

ഓപ്പറേഷന്‍ ബര്‍ത്ത്‌ഡേ’ എന്ന പേരില്‍ രാത്രി പതിനൊന്നോടെയായിരുന്നു നീക്കം. ഇതിനിടെ ചെമ്പരമ്പാക്കം നദിയിലേക്ക് എടുത്തുചാടിയും ചിലര്‍ രക്ഷപ്പെട്ടു. നാലു കാറുകളും 45 ബൈക്കുകളും കൂടാതെ കത്തിയും വാളും ഉള്‍പ്പെടെ സംഭവസ്ഥലത്തുനിന്നു പിടിച്ചെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button