Latest NewsNewsIndia

നാഗാലാൻഡിൽ കോൺഗ്രസിന് പകുതി മണ്ഡലങ്ങളിൽ പോലും സ്ഥാനാർത്ഥിയില്ല; രാഹുൽ ഗാന്ധിയുടെ നേതൃത്വം ചോദ്യം ചെയ്യപ്പെടുന്നു – കെവിഎസ് ഹരിദാസ് എഴുതുന്നു

തൃപുരയിൽ പിസിസി പ്രസിഡന്റ് രാജിവെച്ച് ബിജെപിയിൽ ചേർന്നു . നാഗാലാൻഡിൽ കോൺഗ്രസിന് മുഴുവൻ സീറ്റുകളിലേക്കും സ്ഥാനാർഥികളെ തീരുമാനിക്കാനാവുന്നില്ല. സ്ഥാനാർഥികളായി നിശ്ചയിക്കപ്പെട്ടവർ കോൺഗ്രസിൽ നിന്ന് രാജിവെച്ച് മറുകണ്ടം ചാടി. എവിടേക്കാണ് കോൺഗ്രസ് പോകുന്നത്?. ഇന്ത്യ ഭരിക്കാനായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന കോൺഗ്രസിന്റെ ദുരവസ്ഥയാണിത്. രാജ്യം വിശകലനം ചെയ്യേണ്ടുന്ന ഒരു പ്രധാന രാഷ്ട്രീയ വിഷമല്ലേ ഇത്?. ഇത്തരമൊരു അവസ്ഥയിൽ രാഹുൽ ഗാന്ധിക്ക് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് എത്താൻ പോലും മാറ്റിയാണെന്ന സൂചനകളും പുറത്തുവരുന്നു. ഒരു കാലത്ത് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും കൈപ്പിടിയിൽ നിലനിന്നിരുന്നസംസ്ഥാ നങ്ങൾ ഇപ്പോൾ ബിജെപി പക്ഷത്തേക്ക് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്. എന്നാൽ ബിജെപി ഉണ്ടാക്കുന്ന നേട്ടത്തേക്കാൾ പ്രധാനം കോൺഗ്രസിന്റെ തകർച്ചതന്നെയാണ് .

അടുത്തദിവസങ്ങളിലാണ് വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളായ തൃപുര , മേഘാലയ, നാഗാലാ‌ൻഡ് എന്നിവിടങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. പലയിടത്തും പ്രചാരണം ശക്തമായിക്കഴിഞ്ഞു. തൃപുരയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടുന്ന സമയവും അവസാനിച്ചു. ഈ മാസം 18 നാണ് തൃപുരയിൽ വോട്ടെടുപ്പ്. ബിജെപി അവിടെ ഐപിഎഫ് ടിയുമായി സഖ്യത്തിലാണ് മത്സരിക്കുന്നത്. മാർക്സിസ്റ്റ് ഭരണത്തിന്റെ അവസാനമാണ് ഈ തിരഞ്ഞെടുപ്പ് എന്നതാണ് പ്രീ പോൾ സർവേകൾ കാണിക്കുന്നത്. അതായത് മണിപ്പൂരിനും ആസാമിനും ശേഷം ബിജെപി മറ്റൊരു വടക്ക് കിഴക്കൻ സംസ്ഥാനത്ത് കൂടി അധികാരത്തിൽ വരുന്നു എന്ന്. അവിടെ ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യം, 1998 മുതൽ അധികാരത്തിലുള്ള ഒരു മുഖ്യമന്ത്രിയെയാണ്, പാർട്ടിയെയാണ് , അവിടെ തുരത്തുന്നത് എന്നതാണ്. അത്രമാത്രം ജനവിരുദ്ധമായി സിപിഎം ഭരണം അവിടെ മാറിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് കാണിക്കുന്നത്. അനവധി പ്രീ -പോൾ സർവേകൾ തൃപുരയിൽ നടന്നിരുന്നു. അതെല്ലാം ബിജെപി സഖ്യത്തിന്റെ വിജയമാണ് പ്രവചിക്കുന്നത്. 60 അംഗ നിയമസഭയിൽ ബിജെപി സഖ്യം 31മുതൽ 38 വരെ സീറ്റുകൾ നേടുമെന്ന് അത് ചൂണ്ടിക്കാണിക്കുന്നു. തീർച്ചയായും ബിജെപിയെ സംബന്ധിച്ചിടത്തോളം ഇത് വലിയ ഒരു രാഷ്ട്രീയ വിജയം തന്നെയാവും. ഇന്നിപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി തൃപുരയിലുണ്ട്. കുറെ പൊതുസമ്മേളനങ്ങളിൽ അദ്ദേഹം പ്രസംഗിക്കുന്നു. എല്ലായിടത്തും വലിയ ജനക്കൂട്ടമാണ്. നേരത്തെ അമിത് ഷായും രാജ്‌നാഥ്‌ സിങ്ങും റാം മാധവും സ്മൃതി ഇറാനിയുമൊക്കെ പങ്കെടുത്ത റാലികളിലും ഇതുതന്നെയായിരുന്നു സ്ഥിതി.

ഇവിടെ വിഷയം കോൺഗ്രസ് ആണല്ലോ. അവർക്ക് തൃപുരയിൽ എല്ലാ സീറ്റിലും സ്ഥാനാർത്ഥിയില്ല. ഒരിടത്താണ് ആളില്ലാത്ത അവസ്ഥയുണ്ടായത്. പലരും സ്ഥാനാർഥികളായി നിശ്ചയിച്ചശേഷം കോൺഗ്രസ് വിടുകയായിരുന്നു. പലരുമെത്തിയത് ബിജെപിയിൽ. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സമീർ രഞ്ജൻ ബർമ്മൻ, മുതിർന്ന കോൺഗ്രസ് നേതാവ് സുകുമാർ ചന്ദ്ര ദാസ് എന്നിവരാണ് ഏറ്റവുമൊടുവിൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. ബിജെപി അവിടെ 51 മണ്ഡലങ്ങളിലും സഖ്യകക്ഷിയായ ഐപിഎഫ് ടി 9 മണ്ഡലങ്ങളിലും മത്സരിക്കുന്നു. സിപിഎമ്മിന് 57 സ്ഥാനാർഥികളുണ്ട്. തൃണമൂൽ കോൺഗ്രസ് 27 സ്ഥാനാർഥികളെയാണ് നിർത്തിയിരിക്കുന്നത്. ഇന്നത്തെ സ്ഥിതിയിൽ ജനങ്ങൾ അംഗീകരിക്കുന്ന ഒരു നേതാവില്ലാത്ത, പ്രചാരണം മുന്നോട്ട് കൊണ്ടുപോകാനാവാത്ത അവസ്ഥയിലാണ് കോൺഗ്രസ്. ഒരിടത്തും കെട്ടിവെച്ച പണം കിട്ടുകയില്ല എന്നതും ഏറെക്കുറെ അവർക്ക് തീർച്ചയാണ്. അതുകൊണ്ടാണോ എന്നറിയില്ല രാഹുൽ ഗാന്ധി ഇതുവരെ അവിടെ വ്യാപക പ്രചാരണത്തിന് എത്തിയതായി കണ്ടില്ല.

തൃപുരയിലേതിലും വളരെ മോശമാണ് നാഗാലാൻഡിലെ കോൺഗ്രസിന്റെ അവസ്ഥ. നാഗാലാൻഡിലുള്ളത് 60 സീറ്റുകളാണ്. അവിടെ നാഗ പീപ്പിൾസ് ഫ്രണ്ടുമായി (എൻപിഎഫ്‌ ) സഖ്യമുണ്ടാക്കാനാണ് കോൺഗ്രസ് തയ്യാറായത്. അത് ഏറെക്കുറെ ഉറപ്പിച്ചതുമാണ്. എന്നാൽ പെട്ടെന്ന് എല്ലാ സീറ്റിലേക്കും എൻപിഎഫ് സ്വന്തം നിലക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇതോടെയാണ് കോൺഗ്രസ് വെള്ളത്തിലായത്. 1993 മുതൽ 2003 വരെ കോൺഗ്രസ് ഭരിച്ച സംസ്ഥാനമാണിത്. എസ്‌സി ജമീർ ആയിരുന്നു മുഖ്യമന്ത്രി. ഇന്നിപ്പോൾ കോൺഗ്രസിന്റെ കൂടെ കൂടിയിട്ട് പ്രയോജനമില്ലെന്ന് എൻപിഎഫ് തിരിച്ചറിഞ്ഞു എന്നതാണ് വസ്തുത. കോൺഗ്രസിൽ ആരുമില്ല, നേതാക്കളില്ല, പണവുമില്ല….. പിന്നെന്ത് കൂട്ടുകെട്ട് എന്നതാണ് എൻപിഎഫ് ആലോചിച്ചത്. അവസാനം സ്വന്തം നിലക്ക് സ്ഥാനാർഥികളെ നിർത്താൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചു. പക്ഷെ 20-22 മണ്ഡലങ്ങളിലെ അതിന് സാധിച്ചുള്ളൂ എന്നതാണ് ഏറ്റവുമൊടുവിൽ ലഭിക്കുന്ന വിവരം. കോൺഗ്രസ് ഏതവസ്ഥയിലേക്കാണ് നീങ്ങുന്നത് എന്നതോർക്കുക.

നാഗാലാൻഡിൽ സമാധാന ഉടമ്പടി ഉണ്ടാക്കുകയും സമാധാന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത് നരേന്ദ്ര മോഡി സർക്കാരാണ്. അതിനെ ചോദ്യം ചെയ്യാനും മറ്റും അടുത്തിടെ നാഗാലാന്റിലെത്തിയ രാഹുൽ ഗാന്ധി തയ്യറായതാണ്. രാഹുൽ ഗാന്ധി വന്ന്‌ പരിശ്രമിച്ചിട്ടും കോൺഗ്രസിന് അവിടെയും മുഴുവൻ സീറ്റുകളിലേക്കും സ്ഥാനാർഥികളായില്ല എന്നത് ഗൗരവമുള്ള രാഷ്ട്രീയ പ്രശ്നമാണല്ലോ. അദ്ദേഹം അവിടെ ഒരു റാലിയിൽ പ്രസംഗിച്ചിരുന്നു. അത് ദയനീയമായി. ആളുകൾ തീരെയില്ല. അവസാനം മറ്റ്‌ പരിപാടികൾ ഹാളിലേക്ക് മാറ്റി. രാഹുൽ എത്തിയ ദിവസം അവിടെയുണ്ടായിരുന്ന നാല് കോൺഗ്രസ് എംഎൽഎമാർ രാജിവെച്ച് ബിജെപിയിൽ ചേർന്നു . ആയിരക്കണക്കിന് പ്രവർത്തകരും കോൺഗ്രസ് വിട്ടിരുന്നു അന്ന്. 27 നാണ്‌ അവിടെ തിരഞ്ഞെടുപ്പ്.

മേഘാലയയിലെ അവസ്ഥയും ഭിന്നമല്ല. അറുപത് അംഗ നിയമസഭയിലേക്ക് എല്ലാ സീറ്റുകളിലും മത്സരിക്കുകയാണ് ബിജെപി. കോൺഗ്രസ് നേതാക്കൾ, എൻസിപി മുൻ സംസ്ഥാന പ്രസിഡന്റ് തുടങ്ങിയവർ ഇത്തവണ ബിജെപി സ്ഥാനാർഥികളായുണ്ടാവും. മണിപ്പൂരിലും മറ്റും ബിജെപിയുടെ സഖ്യകക്ഷിയായ എൻപിപി ഇത്തവണ മേഘാലയയിൽ തനിച്ചാണ് മത്സരിക്കുന്നത്.

ഒരു ഭാഗത്ത് ബിജെപി തകരുന്നു എന്നും തങ്ങൾ ബദലായി മരുന്നുവെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. എവിടെയെങ്കിലും ഒന്നോ രണ്ടോ ഉപതിരഞ്ഞെടുപ്പിൽ ജയിച്ചാൽ അത് വലിയ കാര്യമായി ചിത്രീകരിക്കുന്നു. അതിന് കുറെ കോൺഗ്രസ് അനുകൂല മാധ്യമങ്ങളും. പിന്നെ അഹന്ത മൂത്ത് പാർലമെന്റിൽ പ്രധാനമന്ത്രിയുടെ പ്രസംഗം പോലും കൂവിവിളിച്ചുകൊണ്ട് തടസ്സപ്പെടുത്തുന്നു. അതിനിടയിലാണ് ഒരുകാലത്തു കോൺഗ്രസ് തട്ടകമായിരുന്ന സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തമായി സ്ഥാനാർഥികളെ മത്സരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്ക് അവരെത്തിപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button