കടുത്തുരുത്തി: നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് കുഴി മാന്തി പുറത്തെടുത്ത മൂന്ന് ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം സ്വാഭാവികമല്ലെങ്കില് ശക്തമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. അനക്കമില്ലാതെ കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ച മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ മരണം ഇന്നലെയായിരുന്നു,
ആശുപത്രിയിലെത്തിച്ചത് മൃതദേഹമാണെന്ന് ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ മടങ്ങിയെത്തിയ ബന്ധുക്കള്‍ ഏതാനും മണിക്കൂറുകള്‍ക്കു ശേഷം പുരയിടത്തില്‍ കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ സംശയം പ്രകടിപ്പിച്ചു നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി കുഴി മാന്തി മൃതദേഹം പുറത്തെടുത്തു. ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. മാഞ്ഞൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് ഇരവിമംഗലത്താണ് സംഭവം. മൂന്ന് ദിവസം മാത്രം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്.
കോതനല്ലൂര്‍ സ്വദേശിയുടെ ഭാര്യയായ 41 കാരി 18 ന് പുലര്‍ച്ചെയാണ് സമീപത്തെ ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്നലെ രാവിലെ 7.45 ഓടെ കുഞ്ഞിനെ അനക്കമില്ലാതെ കണ്ടതോടെ യുവതിയുടെ 16 കാരിയായ മകളും യുവതിയുടെ 36 കാരനായ സഹേദരനും ബൈക്കില്‍ മണ്ണാറപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ കുഞ്ഞിനെ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍ കുഞ്ഞ് നേരത്തെ തന്നെ മരിച്ചതായി ഇരുവരെയും അറിയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
എന്നാല്‍ സംഭവത്തില്‍ അസ്വാഭാവികത ഉണ്ടായിട്ടും കുഞ്ഞിന്റെ മരണവിവരം അറിയിക്കാന്‍ ബന്ധുക്കളോ, മരണം സ്ഥിരീകരിച്ച ഡോക്ടറോ തയാറായില്ലെന്ന് പോലീസ് പറയുന്നു. വീട്ടില്‍ മടങ്ങിയെത്തിയ ശേഷം വീട്ടുകാര്‍ ആലോചിച്ചു അടുത്ത ബന്ധുക്കളെ മാത്രം വിവരം അറിയിച്ചു പുരയിടത്തില്‍ മൃതദേഹം മറവ് ചെയ്യുകയായിരുന്നു. മരിച്ച കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കെ യുവതി ഭര്‍ത്തൃവീട്ടില്‍ വച്ചു കിണറ്റില്‍ ചാടിയിരുന്നതായും തുടര്‍ന്ന് ഫയര്‍ഫോഴ്സെത്തിയാണ് ഇവരെ രക്ഷപെടുത്തിയതെന്നും പോലീസ് പറഞ്ഞു.
കുഞ്ഞിന് മഞ്ഞപ്പിത്തം ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞതായും പോലീസ് പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കടുത്തുരുത്തി എസ്എച്ച്ഒ കെ.പി. തോംസണ്‍ പാലാ ആര്‍ഡിഒയ്ക്ക് കത്ത് നല്‍കുകയും ഇദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ചു വൈക്കം തഹസില്‍ദാര്‍ ആര്.രാമചന്ദ്രന്റെ സാന്നിദ്ധ്യത്തില്‍ എസ്എച്ച്ഒ തോംസണ്‍, എസ്ഐ കെ.കെ. ഷംസു എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
പഞ്ചായത്തംഗങ്ങളും നാട്ടുകാരുടെ ഉള്‍പെടെ നിരവധിയാളുകള്‍ വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയിരുന്നു. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം സമീപത്തെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിന്റെ മരണവിവരം പോലീസിനെ അറിയിക്കാന്‍ തയാറാകാത്ത ഡോക്ടറുടെ നടപടിയെ കുറിച്ചും അന്വേഷണം നടത്തുമെന്ന് എസ്എച്ച്ഒ കെ.പി. തോംസണ്‍ അറിയിച്ചു.
Post Your Comments