KeralaLatest NewsNews

ഇതരസംസ്ഥാന കൊള്ളസംഘം കേരളത്തില്‍ വീണ്ടും സജീവം! ക്രൂരമോഷണങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടാമെന്ന് സൂചന

 

കൊച്ചി : സംസ്ഥാനത്തുടനീളം അരങ്ങേറിയ ക്രൂരമായ മോഷണങ്ങളുടെ തുടര്‍ച്ച സംഭവിക്കാന്‍ സാധ്യതയെന്ന് പോലീസ്. ട്രെയിനില്‍ സഞ്ചരിക്കുന്ന ഇതരസംസ്ഥാന കൊള്ള സംഘത്തിന്റെ അടുത്ത ലക്ഷ്യം ആലപ്പുഴയാണെന്നാണ് സൂചന.

ഇതിനകം തിരുവനന്തപുരം, കൊച്ചി, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ വീട്ടുകാരെ ക്രൂരമായി അടിച്ചും പരിക്കേല്‍പ്പിച്ചും കൊന്നും സംഘം മോഷണം നടത്തിയിരുന്നു. പത്തുപേരോളമുള്ള ഈ സംഘം തീവണ്ടിയില്‍ സഞ്ചരിച്ചാണ് മോഷണം നടത്തുന്നതെന്നാണ് പോലീസ് പറയുന്നത്. ഈ സാഹചര്യത്തില്‍ അടുത്തതായി സംഘമെത്തുന്നത് ആലപ്പുഴയിലാകാമെന്നാണ് സൂചന. കാരണം ദീര്‍ഘദൂര ട്രെയിനുകള്‍ ഉള്‍പ്പടെ 95 ശതമാനം തീവണ്ടികള്‍ക്കും ആലപ്പുഴ, കായംകുളം, മാവേലിക്കര,കരുനാഗപ്പള്ളി, ചേര്‍ത്തല എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ട്. സ്റ്റേഷനുകളില്‍ കാര്യമായ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാത്തതിനാല്‍ മോഷണസംഘത്തിനിറങ്ങാനും തമ്പടിക്കാനും സൗകര്യമുണ്ട്. സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ പോലീസിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള ഇതരസ്ഥാനങ്ങളില്‍ നിന്ന് വീട്ടുകാരെ ക്രൂരമായി ആക്രമിച്ചും കൊന്നും മോഷണം നടത്തുന്ന മോഷണ സംഘം കേരളത്തിലേക്ക് കടന്നതായി ഇവിടങ്ങളില്‍ നിന്നുള്ള പൊലീസ് സംഘം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ക്രിസ്മസ്, പുതുവത്സര അവധിക്കാലം കണക്കാക്കി മോഷണം നടത്തുന്ന വന്‍ കവര്‍ച്ചാ സംഘങ്ങള്‍ കേരളത്തിലെത്തിയിട്ടുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ സ്വദേശികളായ സംഘമാണ് കൊച്ചിയിലും തിരുവനന്തപുരത്തും മോഷണം നടത്തിയതെന്നാണ് പോലീസ് നിഗമനം. എട്ടുപേരിലേറെപ്പേരുള്ള ഈ സംഘത്തിലുള്ളവര്‍ ഇംഗ്ളീഷ്, മലയാളം, ഹിന്ദി എന്നീ ഭാഷകള്‍ കൈകാര്യം ചെയ്യുമെന്നും പോലീസ് പറയുന്നു. ഇതേക്കുറിച്ച് പോലീസ് പൊതുജനത്തിന് നല്‍കുന്ന മുന്നറിയിപ്പുകള്‍ ഇതൊക്കെ…

കച്ചവടക്കാരെ ശ്രദ്ധിക്കുക

വീടുകള്‍തോറും കയറിയിറങ്ങി കച്ചവടം നടത്തുന്ന ഇതര സംസ്ഥാനക്കാരോടും ഭിക്ഷാടകരോടും കരുതല്‍ പാലിക്കണം. പലപ്പോഴും വന്‍ കവര്‍ച്ചാസംഘത്തിലെ അംഗങ്ങളായിരിക്കും ഇവര്‍. വീട്ടമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ശരീരത്തിലെ ആഭരണങ്ങള്‍ കണ്ടാണ് ഇവര്‍ വീടിന്റെ സാമ്പത്തികശേഷി നിശ്ചയിക്കുക. വീടിന്റെ വാതിലുകള്‍, ഗേറ്റുണ്ടോ പട്ടിയുണ്ടോ, മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ നോക്കി വച്ചശേഷം രാത്രിയില്‍ കൂട്ടമായെത്തി മോഷണം നടത്തുന്നതാണ് ഇതര സംസ്ഥാന കവര്‍ച്ച സംഘത്തിന്റെ രീതി. ഭിക്ഷാടകരെന്ന വ്യാജേന പകല്‍ അലഞ്ഞുതിരിയുന്ന സ്ത്രീകള്‍ രാവിലെ മുതല്‍ വൈകിട്ട് വരെ ആളില്ലാതിരിക്കുന്ന വീടുകള്‍ തിരിച്ചറിഞ്ഞുവെയ്ക്കും.

ഒറ്റപ്പെട്ട വീടുകള്‍ തെരഞ്ഞെടുത്ത് ഗേറ്റോ മതിലോ ചാടിക്കടന്ന് വാതിലിന്റെ പൂട്ടു തകര്‍ത്ത് അകത്തുകടന്ന് മോഷ്ടിക്കും. ആരെങ്കിലും സംശയിച്ചാല്‍ വീട്ടുജോലിക്കാരിയെന്നോ, ഭിക്ഷാടകയെന്നോ പറഞ്ഞ് തടിയൂരും. രാത്രികാല മോഷണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ശക്തമായ നിരീക്ഷണങ്ങള്‍ക്ക് പോലീസ് രൂപം നല്‍കിയതായി ജില്ലാ പോലീസ് ചീഫ് അറിയിച്ചു.

യാത്ര പോകാനായി വീട് പൂട്ടിയിറങ്ങുന്നവര്‍ ശ്രദ്ധിക്കാന്‍..

വീട്ടില്‍ ആരുമില്ലാതെ അടച്ചിട്ട് പോകരുത്. എല്ലാ ദിവസവും വീട് കൃത്യമായി നിരീക്ഷിക്കുന്നതിന് അടുത്ത ബന്ധുക്കളെയും അയല്‍വാസികളെയും ഏര്‍പ്പെടുത്തുന്നതോടൊപ്പം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലും വിവരം അറിയിക്കുക. ഒരു കാരണവശാലും വെളിയില്‍നിന്ന് വീട് പൂട്ടിയിട്ടുള്ളതായി തോന്നരുത്. പത്രങ്ങളും മറ്റുമാസികകളും എടുക്കുകയും വായിക്കുകയും ചെയ്യുന്നില്ല എന്നു തോന്നത്തക്ക രീതിയില്‍ കിടക്കുന്നതും ഒഴിവാക്കണം.

വീടിന് വെളിയിലുള്ള ലൈറ്റുകള്‍ രാത്രികാലങ്ങളില്‍ ഇടുന്നതിനും പകല്‍ നിര്‍ബന്ധമായും ഓഫ് ചെയ്യിപ്പിക്കുന്നതിനും ഏര്‍പ്പാടുണ്ടാക്കുക. വീടും പരിസരവും നിരീക്ഷിക്കാവുന്ന രീതിയില്‍ സി.സി ടിവി കാമറ പിടിപ്പിക്കുന്നത് നല്ലതാണ്. കഴിയുന്നിടത്തോളം വീടിന്റെ എല്ലാ ജനാലകളും കതകുകളും സുരക്ഷിതമായി എളുപ്പം കുത്തിത്തുറക്കാന്‍ പറ്റാത്ത രീതിയില്‍ അടച്ചിടണം. പണവും സ്വര്‍ണ്ണാഭരണങ്ങളും വിലപിടിപ്പുള്ള മറ്റ് മുതലുകളും ആളുകളില്ലാത്ത വീടുകളില്‍ സൂക്ഷിക്കരുത്.

ജനമൈത്രി ബീറ്റ് പോലീസിലെ ഉദ്യോഗസ്ഥര്‍, റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട് വീടും പരിസരവും നിരീക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക. പോലീസ് സ്റ്റേഷനുകളിലെ നമ്പര്‍, ഹെല്‍പ്പ് ലൈന്‍ നമ്പര്‍ സേവ് ചെയ്ത് സൂക്ഷിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button