പാമ്പാടി : സ്കൂൾ വിദ്യാർഥികൾക്കു ബുദ്ധി വർധിപ്പിക്കാൻ ‘ചടയൻ ബ്രഹ്മി’ എന്ന പേരിൽ കഞ്ചാവു വിറ്റ രണ്ടുപേർ അറസ്റ്റിലായി. ആറുമാനൂർ കണ്ണംകുന്ന് അരവിന്ദൻ എന്ന ഫെയ്സർ–(19), സുഹൃത്ത് പുത്തൻപറമ്പിൽ വിഷ്ണു രാജ് (പെരുച്ചാഴി–18) എന്നിവരാണ് അറസ്റ്റിലായത്. ബുദ്ധിശക്തി വർധിക്കുമെന്നു വിശ്വസിപ്പിച്ചാണു വിദ്യാർഥികളെ ഇരകളാക്കിയത്.
അയർക്കുന്നം ഏറ്റുമാനൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് എത്തിച്ചു നൽകിയിരുന്നത് ഇവരുൾപ്പെട്ട സംഘമാണെന്നു തെളിഞ്ഞു. പൊതികളിലാണു വിൽപന. കഞ്ചാവ് പൊതികൾ ഇവരിൽ നിന്നു കണ്ടെടുത്തു. ഫെയ്സറിനെ ചോദ്യം ചെയ്തപ്പോഴാണ് വിദ്യാർഥികൾക്കു ബ്രഹ്മിയാണെന്ന പേരിൽ ഇവർ കഞ്ചാവ് വിൽക്കുന്നതായി അറിഞ്ഞത്.
പിടികൂടിയ കഞ്ചാവിനു കീടനാശിനിയുടെ ഗന്ധമുണ്ടായിരുന്നു. കഞ്ചാവിന് വീര്യം നൽകുവാനാണ് ഇത് ഉപയോഗിച്ചതെന്നാണ് ഇവരുടെ ഭാഷ്യം. ഇടപാടുകാർക്ക് കഞ്ചാവ് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.
Post Your Comments