മുംബൈ : ക്രിക്കറ്റില്‍ ഇടവേളയെടുത്ത് കല്ല്യാണം കഴിക്കാന്‍ വിരാട് കോലി പോയതോടെയാണ് രോഹിത് ശര്‍മ്മയ്ക്ക് ഇന്ത്യന്‍ ക്യാപ്റ്റന്റെ റോള്‍ കിട്ടിയത്. എന്നാല്‍ ധര്‍മ്മശാലയില്‍ നടന്ന ലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിര രോഹിതിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ തകര്‍ന്നടിഞ്ഞു. ഇതോടെ രോഹിത് ശര്‍മ്മ നാലുപാടു നിന്നും പഴികേട്ടു.
കല്ല്യാണം നിര്‍ത്തിവെച്ച് കോലിയോട് തിരിച്ചുവരാന്‍ ആവശ്യപ്പെടേണ്ടി വരുമെന്നും ഇതാണോ ഹിറ്റ്മാന് രോഹിത് എന്നും വിമര്‍ശനമുയര്‍ന്നു. പക്ഷേ രോഹിതിന്റെ ആരാധകര്‍ക്ക് അതിനുള്ള മറുപടിയുണ്ടായിരുന്നു. ഐ.പി.എല്ലില്‍ തോല്‍വിയോടെ തുടക്കം കുറിച്ച് മുംബൈ ഇന്ത്യന്‍സിനെ ചാമ്പ്യനാക്കിയ ക്യാപ്റ്റനാണ് രോഹിതെന്നും അടുത്ത ഏകദിനത്തില്‍ ഹിറ്റ്മാന് തിരിച്ചുവരുമെന്നും ആരാധകര്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കി.
ധര്‍മ്മശാലയിലെ നാണക്കേടിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലും രോഹിത് അതുതന്നെയാണ് പറഞ്ഞത്. ഈ പരാജയം ടീമിന്റെ കണ്ണുതുറപ്പിക്കുമെന്നും അടുത്ത മത്സരത്തില്‍ തിരിച്ചുവരുമെന്നും. ആ വാക്കുകള്‍ മൊഹാലിയിലെ പഞ്ചാബിലെ ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ രോഹിത് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. അതും ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട്.
ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ കത്തിക്കയറിയ ഹിറ്റ്മാന് രോഹിത് മൂന്നാം ഇരട്ടസെഞ്ചുറിയാണ് സ്വന്തം പേരില്‍ കുറിച്ചത്. ഇതോടെ രണ്ടോ അതിലധികമോ ഏകദിന ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന ചരിത്രനേട്ടം രോഹിതിന് സ്വന്തമായി. ഓപ്പണറായി ഇറങ്ങി 153 പന്തില്‍ നിന്ന് 13 ഫോറിന്റെയും 12 സിക്സിന്റെയും അകമ്പടിയോടെ പുറത്താകാതെ 208 റണ്‍സടിച്ചായിരുന്നു രോഹിതിന്റെ കണ്ണഞ്ചിപ്പിക്കും ഇന്നിങ്സ്.
Post Your Comments