ന്യൂഡല്‍ഹി: മകള്‍ ഷീനാ ബോറയുടെ കൊലപാതകക്കുറ്റം തന്റെ തലയില്‍ കെട്ടിവച്ചു ഭാര്യ ഇന്ദ്രാണി മുഖര്‍ജി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നു ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി. അടിയന്തരമായി താന്‍ വിവാഹമോചനം തേടുകയാണെന്നും പീറ്ററാണു കൊലപ്പെടുത്താന്‍ നിര്‍ദേശിച്ചതെന്നും ഈ മാസാദ്യം കോടതിയെ മീഡിയ എക്സിക്യൂട്ടിവായിരുന്ന ഇന്ദ്രാണി അറിയിച്ചതിനെത്തുടര്‍ന്നാണു തന്റെ നിലപാട് അദ്ദേഹം ബോധിപ്പിച്ചത്.
മകളുടെ കൊലപാതകവുമായി ബന്ധപ്പെട്ടു 2015 ഓഗസ്റ്റിലായിരുന്നു കേസില്‍ ഇന്ദ്രാണിയെ സി.ബി.ഐ. അറസ്റ്റ് ചെയ്തത്. 2002 ലായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹം. ഷീന ഇളയസഹോദരിയാണെന്നായിരുന്നു ഇന്ദ്രാണി വിവാഹസമയത്ത് പീറ്ററോടു പറഞ്ഞിരുന്നത്. ഇന്ദ്രാണിയും ആദ്യ ഭര്‍ത്താവും താനും കൂടി ഷീനയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന മുന്‍ ഡ്രൈവറുടെ വെളിപ്പെടുത്തലാണു കേസില്‍ വഴിത്തിരിവായത്. തുടര്‍ന്നു ശരീരം മുംബൈയുടെ ഭ്രാന്തപ്രദേശമായ കാട്ടില്‍ കത്തിച്ചു കളഞ്ഞെന്നുമായിരുന്നു ഇന്ദ്രാണിയുടെ ഡ്രൈവര്‍ പറഞ്ഞത്.
പീറ്റര്‍ മുഖര്‍ജിയുടെ ആദ്യവിവാഹത്തിലുള്ള മകന് രാഹുലുമായി ഷീനയുടെ വിവാഹനിശ്ചയം നടത്തിയിരുന്നു. ഈ ബന്ധം ഇന്ദ്രാണിക്ക് ഇഷ്ടമല്ലായിരുന്നു. ഇതില്‍നിന്നു പിന്മാറാന് തയാറാകാത്തതിനാല്‍ ഷീനയെ ഇന്ദ്രാണി വകവരുത്തുകയായിരുന്നെന്നായിരുന്നു കേസ്. അമേരിക്കയിലുണ്ടെന്നായിരുന്നു ഷീനയെ കാണാതായപ്പോള്‍ ഇന്ദ്രാണിയുടെ മറുപടി. കേസിന്റെ വിചാരണ നടത്തുന്ന ബോംബെ കോടതിയെ കത്തിലൂടെയാണ് ഇന്ദ്രാണിയുടെ രണ്ടാം ഭര്‍ത്താവും കോടീശ്വരനുമായ അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സംഭവം നടക്കുമ്പോള്‍ വിദേശത്തായിരുന്ന പീറ്റര്‍ക്കും കൃത്യത്തില്‍ പങ്കുണ്ടെന്നു പറഞ്ഞു മൂന്നുമാസത്തിനുശേഷം അദ്ദേഹത്തെയും അറസ്റ്റ് ചെയ്തു. ഗൂഢാലോചനയില്‍ പങ്കാളിയാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.
Post Your Comments