Latest NewsNewsInternational

രാജ്യാന്തര കോടതി ജഡ്ജി സ്ഥാനം : കടുത്ത മത്സരം : ഇന്ത്യക്കെതിരെ ബ്രിട്ടണ്‍

 

ന്യൂയോര്‍ക്ക് : രാജ്യാന്തര കോടതി (ഐസിജെ) ജഡ്ജി സ്ഥാനത്തിനു വേണ്ടി ഐക്യരാഷ്ട്ര സംഘടനയില്‍ ഇന്നു വീണ്ടും ഇന്ത്യ – ബ്രിട്ടന്‍ പോരാട്ടം നടക്കാനിരിക്കെ സമീപകാലത്തൊന്നും കേട്ടുകേള്‍വിയില്ലാത്ത ആവശ്യവുമായി ബ്രിട്ടന്‍ രംഗത്ത്. യുഎന്‍ പൊതുസഭയുടെയും രക്ഷാസമിതിയുടെയും സംയുക്ത സമിതി രൂപീകരിക്കണമെന്നാണു ബ്രിട്ടന്റെ ആവശ്യം. ഇതു പതിവുള്ളതല്ല.

ഇന്ത്യയുടെ ദല്‍വീര്‍ ഭണ്ഡാരിയും ബ്രിട്ടന്റെ ക്രിസ്റ്റഫര്‍ ്രഗീന്‍വുഡും തമ്മിലാണു മല്‍സരം. പൊതുസഭയിലും രക്ഷാസമിതിയിലും ഒരേ സമയം, വെവ്വേറെ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെയാണു ജഡ്ജിയെ തിരഞ്ഞെടുക്കേണ്ടത്. രണ്ടിടത്തും ഭൂരിപക്ഷം കിട്ടിയാലേ ജയിക്കൂ. പന്ത്രണ്ടാം റൗണ്ട് വോട്ടെടുപ്പാണ് ഇന്നു വൈകിട്ടു മൂന്നുമണിക്ക് (ഇന്ത്യന്‍ സമയം ചൊവ്വാ പുലര്‍ച്ചെ 1:30) നടക്കുന്നത്. കഴിഞ്ഞ 11 റൗണ്ട് വോട്ടെടുപ്പിലും പൊതുസഭയില്‍ ഇന്ത്യയ്ക്കും രക്ഷാസമിതിയില്‍ ബ്രിട്ടനുമായിരുന്നു ഭൂരിപക്ഷം. പൊതുസഭയില്‍ ഇന്ത്യയ്ക്ക് ഓരോ തവണയും പിന്തുണ കൂടിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞദിവസം യുഎന്‍ ആസ്ഥാനത്ത് ഭണ്ഡാരിക്കു നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തതു 160 രാജ്യങ്ങള്‍. ഇതു മറികടക്കാനാണു ബ്രിട്ടന്റെ പുതിയ ആവശ്യം. പൊതുസഭയില്‍നിന്നും രക്ഷാസമിതിയില്‍നിന്നും മൂന്നുപേര്‍ വീതം ഉള്‍പ്പെട്ട സമിതിയുണ്ടാക്കി അവര്‍ തീരുമാനിക്കട്ടെയെന്നാണു ബ്രിട്ടന്റെ നിലപാട്. ഈ സംയുക്ത സമിതി മുന്നോട്ടു വയ്ക്കുന്ന പേരു പിന്നീടു പൊതുസഭയും രക്ഷാസമിതിയും അംഗീകരിക്കണം. പല റൗണ്ട് വോട്ടെടുപ്പുകളിലും തീരുമാനമുണ്ടാകാത്ത സാഹചര്യമുണ്ടായാല്‍, പൊതുസഭയിലെ വോട്ടെടുപ്പില്‍ തുടര്‍ച്ചയായി മുന്നിട്ടുനില്‍ക്കുന്ന ആളെ തിരഞ്ഞെടുക്കുന്നതാണു കീഴ്‌വഴക്കം. അങ്ങനെയാണെങ്കില്‍ ഇന്ത്യയുടെ ദല്‍വീര്‍ ഭണ്ഡാരി ജയിക്കേണ്ടതാണ്. ഈ സാഹചര്യം ഒഴിവാക്കി നാണക്കേടില്‍നിന്നു രക്ഷപ്പെടാനാണു ബ്രിട്ടന്‍ ശ്രമിക്കുന്നത്.

സംയുക്ത സമിതിയുണ്ടാക്കുന്നതിനെ ഭൂരിപക്ഷം അംഗരാജ്യങ്ങളും നിയമവിദഗ്ധരും എതിര്‍ക്കുകയാണ്. എന്നാല്‍, രക്ഷാസമിതിയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഈ എതിര്‍പ്പുകളെ മറികടക്കാനാണു ബ്രിട്ടിഷ് ശ്രമം. സമാന രീതിയില്‍ തിരഞ്ഞെടുപ്പു നടന്നിട്ടുള്ളത് 1921ല്‍ യുഎന്‍ നിലവില്‍ വരും മുന്‍പ്, ലീഗ് ഓഫ് നേഷന്‍സ് കാലത്താണ്. അന്നു രാജ്യാന്തര നീതിന്യായ കോടതിയിലെ ഡപ്യൂട്ടി ജഡ്ജിമാരെ തിരഞ്ഞെടുക്കാന്‍ ഇതു ചെയ്തിരുന്നു. അഞ്ച് ഒഴിവുകളാണ് ഇപ്പോള്‍ വന്നത്. ഫ്രാന്‍സ്, സൊമാലിയ, ലബനന്‍, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്നുള്ള ജഡ്ജിമാരെ ആദ്യ റൗണ്ടുകളില്‍ തന്നെ തിരഞ്ഞെടുത്തിരുന്നു. അഞ്ചാം ജഡ്ജിയുടെ കാര്യത്തിലാണ് ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്നത്.

 

shortlink

Post Your Comments


Back to top button