56-വര്‍ഷമായി നിലനിന്നുപോരുന്ന സിന്ധുനദീജല കരാര്‍ ഇന്ത്യ പുന:പരിശോധിക്കും എന്ന റിപ്പോര്‍ട്ടുകളില്‍ ആശങ്കാകുലരായ പാകിസ്ഥാന്‍ അന്താരാഷ്‌ട്ര സംഘടനകളുടെ സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള പരക്കം പാച്ചില്‍ ആരംഭിച്ചു. കരാര്‍ ഇന്ത്യ പിന്‍വലിച്ചേക്കും എന്ന ആശങ്കയുമായി ലോകബാങ്ക്, അന്താരാഷ്ട്ര നീതിന്യായ കോടതി എന്നിവയേയാണ് പാകിസ്ഥാന്‍ സമീപിച്ചിരിക്കുന്നത്. 1960-ല്‍ നിലവില്‍ വന്ന സിന്ധുനദീജല കരാറിന് മധ്യസ്ഥത വഹിച്ചത് ലോകബാങ്കായിരുന്നു.
അറ്റോര്‍ണി ജനറല്‍ ഓഫ് പാകിസ്ഥാന്‍ അഷ്തര്‍ ഒസഫ് അലിയുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ലോകബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരുമായി കൂടിക്കാഴ്ച നടത്തി തങ്ങളുടെ ആശങ്കകള്‍ അറിയിച്ചത്. വാഷിംഗ്‌ടണ്‍ ഡി.സിയിലുള്ള ലോകബാങ്ക് ആസ്ഥാനത്ത് വച്ചായിരുന്നു കൂടിക്കാഴ്ച. സിന്ധുനദീജല കരാറിന്‍റെ ആര്‍ട്ടിക്കിള്‍-IX പ്രകാരം ഇന്ത്യയ്ക്ക് അനുവദിച്ച് നല്‍കിയ തീരുമാനത്തെക്കുറിച്ചാണ് പാകിസ്ഥാന്‍ തങ്ങളുടെ ആശങ്ക അറിയിച്ചത്.
നെതര്‍ലന്‍ഡ്‌സിലെ ഹേഗിലുള്ള അന്താരാഷ്‌ട്ര നീതിന്യായ കോടതിയേയും പാകിസ്ഥാന്‍ ഈ വിഷയവുമായി സമീപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
നീലം, ചെനാബ് നദികളില്‍ ഇന്ത്യ നിര്‍മ്മിക്കുന്ന കിഷന്‍ഗംഗ, റാറ്റ്ലെ ജലവൈദ്യുത പദ്ധതികളെ സംബന്ധിച്ച് പാകിസ്ഥാനുള്ള ആശങ്കകള്‍ പരിഹരിക്കണം എന്ന ആവശ്യം ഓഗസ്റ്റ് 19-ന് പാകിസ്ഥാന്‍ ഉന്നയിച്ചിരുന്നു. കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍റെ മുന്‍പില്‍ ആര്‍ട്ടിക്കിള്‍-IX അനുസരിച്ചാണ് പാകിസ്ഥാന്‍ ഈ ആവശ്യം ഉന്നയിച്ചത്.
കരാര്‍പ്രകാരം തര്‍ക്കവിഷയങ്ങളില്‍ ലോകബാങ്കിന് നിര്‍ണ്ണായക സ്ഥാനമാണ് വഹിക്കാനുള്ളത്. കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ രൂപീകരിക്കാനും “അമ്പയര്‍മാര്‍” എന്ന്‍ വിളിക്കുന്ന മൂന്ന്‍ ജഡ്ജിമാരെ നിയമിക്കാനും ഉള്ള അധികാരം ലോകബാങ്കിനാണ്. തര്‍ക്കവിഷയങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കും രണ്ട് മധ്യസ്ഥരെ നിയമിക്കാം.
നിക്ഷ്പക്ഷമായി നിന്നുകൊണ്ട് തങ്ങളാല്‍ കഴിയുന്ന സഹായം പാകിസ്ഥാന് നല്‍കാമെന്ന്‍ ലോകബാങ്ക് അധികാരികള്‍ ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Post Your Comments